ബസ് സ്റ്റാന്‍ഡിൽ ഏതാനും തൊപ്പിക്കാരെയും സൈക്കിളുകളും കണ്ട് ജനങ്ങൾ തടിച്ചുകൂടി. അവർക്കുമുന്നിൽ ഒരു സൈക്കിളിൽ കയറിയ ഒരു യുവാവ് രണ്ട് റൗണ്ട് ചുറ്റി. പിന്നീട് ആൾക്കൂട്ടത്തോടായി പറഞ്ഞു. ഈ സൈക്കിൾ 10 മീറ്റർ ഓടിച്ചാൽ 1000 രൂപ പാരിതോഷികം നൽകാം. ഞായറാഴ്‌ച വൈകിട്ട് നാലിന് തുടങ്ങി രാത്രി എട്ടുവരെ 150 പേർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ബ്രെയിൻ സൈക്കിൾ നിര്‍മിച്ച് ഗിന്നസ് റെക്കോര്‍ഡിൽ
ഇടംപിടിച്ച വേങ്ങര സ്വദേശി മുഹമ്മദ് മുസാദിഖ് (22)ആണ് സ്വന്തം നാട്ടുകാർക്കുമുന്നിൽ വെല്ലുവിളി ഉയർത്തിയത്. ശരീരത്തിനും മനസിനും ഉത്തേജനം നല്‍കുന്ന രീതിയിലാണ് സൈക്കിൾ നിർമിച്ചത്. വലത്തോട്ട് തിരിച്ചാല്‍ ഇടത്തോട്ടും ഇടത്തോട്ട് തിരിച്ചാല്‍ വലത്തോട്ടും തിരിയുമെന്നതാണ് പ്രത്യേകത. തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളേജില്‍ മെക്കാനിക് എൻജിനിയറിങ്ങിൽ നാലാം വര്‍ഷ വിദ്യാര്‍ഥിയാണ് മുഹമ്മദ് മുസാദിഖ്. വേങ്ങര കണ്ണാട്ടിപ്പടി ചാലില്‍ മുഹമ്മദലിയുടെ മകനാണ്. കോഴിക്കോട് മുതല്‍ തിരുവനന്തപുരംവരെ ഈ സൈക്കിള്‍ ചവിട്ടിയാണ് ഇദ്ദേഹം ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയത്. വിവിധ സ്ഥലങ്ങളിലെ നാലായിരത്തോളം പേരാണ് ഈ സൈക്കിൾ 10 മീറ്റർ ചവിട്ടാൻ ശ്രമിച്ച് പരാജയപ്പെട്ടത്. മുന്‍ചക്രവും ഹാന്‍ഡിലും തമ്മില്‍ ബന്ധിപ്പിക്കുന്ന ആക്സിൽ മുറിച്ചുമാറ്റി രണ്ട് വ്യത്യസ്ത ഗിയറുകള്‍ ഘടിപ്പിച്ചാണ് സൈക്കിള്‍ നിർമിച്ചത്. കോളേജ് സൈക്ലിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മെക്കാനിക്കല്‍ വര്‍ക്ക്‌ഷോപ്പിലാണ് നിര്‍മിച്ചത്. മുഹമ്മദ് മുസാദിഖ് ഈ ആശയം മുന്നോട്ടുവച്ചപ്പോള്‍ കോളേജിലെ പ്രൊഫ. എന്‍ ശശി എല്ലാ പിന്തുണയും നല്‍കി. ആറോളം കോളേജ് ക്യാമ്പസുകളിൽ മുസാദിഖിന്റെ മുൻകൈയിൽ സൈക്കിൾ ക്ലബ്ബുകൾ രൂപീകരിച്ചു. ബ്രെയിൻ സൈക്കിള്‍ ഉപയോഗിച്ച് ലോക സഞ്ചാരം നടത്താനാണ് അടുത്ത നീക്കമെന്ന് മുസാദിഖ് പറഞ്ഞു.


