മലപ്പുറം: വരുമാനക്കുറവും സാമ്പത്തിക പ്രതിസന്ധിയും മൂലം ജില്ലയിലെ സ്വകാര്യ ബസുകളിൽ ജീവനക്കാരെ കുറക്കുന്നു. നിരവധി പേർക്കാണ് ദിനംതോറും തൊഴിൽ നഷ്ടമായി കൊണ്ടിരിക്കുന്നത്. ജില്ലക്കകത്ത് സർവിസ് നടത്തുന്ന ബസുകളിലാണ് ജീവനക്കാെര കുറച്ചിട്ടുള്ളത്. പകുതിയോളം ബസുകൾ രണ്ട് ജീവനക്കാരുമായാണ് സർവിസ് നടത്തുന്നത്. ഇതോടെ ഒട്ടുമിക്ക ബസുകളിലും െചക്കർ, ക്ലീനർമാർ ഇല്ലാതായി. അത്യാവശ്യം കലക്ഷൻ ലഭിക്കുന്ന റൂട്ടുകളിൽ മാത്രമാണ് ക്ലീനർ, ചെക്കർമാരുള്ളത്. മറ്റ് ജില്ലകളിൽ നേരത്തേതന്നെ ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു.
ജില്ലയിൽ കലക്ഷൻ ബത്ത സമ്പ്രദായവും ടിക്കറ്റ് നൽകുന്ന സംവിധാനവുമുണ്ടായിരുന്നില്ല. ഇതിന് പകരം ചെക്കർമാർ യാത്രക്കാരിൽനിന്ന് ഇറങ്ങുന്ന സ്ഥലങ്ങൾ ചോദിച്ചറിയുന്ന രീതിയായിരുന്നു. ഇപ്പോൾ ചെക്കർമാരെ ഒഴിവാക്കിയതോടെ വൈകുന്നേരങ്ങളിൽ മൊത്തം വരുമാനം തിട്ടപ്പെടുത്തുന്ന രീതിയാണ്. മുൻകാലങ്ങളിൽ ബസുകളിൽ നാലുപേരാണ് ജീവനക്കാരായി ഉണ്ടായിരുന്നത്. ഡീസൽ വിലയിലെയും സ്പെയർപാർട്സിലെയും മറ്റും നിരക്ക് വർധനവിനെ തുടർന്ന് കുറച്ചുകാലങ്ങൾക്ക് മുമ്പുതന്നെ ജീവനക്കാരുടെ എണ്ണം മൂന്നാക്കിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെയാണ് വീണ്ടും കുറച്ചത്. ശരാശരി ഒരു ജീവനക്കാരന് 700 രൂപ കലക്ഷൻ ബത്ത ഇനത്തിൽ നൽകണം. ഇയാളെ ഒഴിവാക്കുന്നതോടെ മാസം 20,000 രൂപയിലധികം ഉടമക്ക് ലാഭിക്കാനാകും.
കണ്ടക്ടർ, ഡ്രൈവർമാർ എന്നിവർക്കും 800 രൂപ മുതൽ ആയിരം വരെ നൽകണം. ജീവനക്കാരെ കുറച്ചതിന് പുറമെ, ചില ബസുടമകൾ സർവിസും അവസാനിപ്പിച്ചിട്ടുണ്ട്. തിരൂർ-മഞ്ചേരി റൂട്ടിലാണ് മോശമില്ലാത്ത രീതിയിൽ സർവിസ് നടത്താനാകുന്നെതന്ന് ബസുടമകൾ പറയുന്നു. അരീക്കോട്-മഞ്ചേരി, പെരിന്തൽമണ്ണ-മഞ്ചേരി, വളാഞ്ചേരി-പെരിന്തൽമണ്ണ തുടങ്ങിയ റൂട്ടുകളെല്ലാം പ്രതിസന്ധിയിലാണ്. മലപ്പുറം നഗരത്തിലൂെട ഒരുദിവസം 360 സ്വകാര്യ ബസുകളാണ് നേരത്തേ സർവിസ് നടത്തിയിരുന്നത്. ഇതിൽ 80ഓളം ബസുകൾ പ്രതിസന്ധിയെ തുടർന്ന് ഒാട്ടംനിർത്തി. ഡീസൽ, സ്പെയർപാർട്സ് എന്നിവയുടെ വില വർധന, വർക്ഷോപ്പുകളിലെ നിരക്ക് വർധന, സമാന്തര സർവിസുകൾ എന്നിവയാണ് നഷ്ടത്തിന് കാരണമായി ഉന്നയിക്കുന്നത്.


