പെരിന്തൽമണ്ണ: മങ്കട മണ്ഡലത്തിലെ പ്രധാന കുടിവെള്ള പദ്ധതിയായ മൂർക്കനാട് കുടിവെള്ള പദ്ധതിയുടെ ജല സ്രോതസ് നിലനിർത്താൻ സഹായകമാകുന്ന മൂർക്കനാട് പഞ്ചായത്തിലെ തൂതപുഴയിലെ കീഴ്മുറികടവ് മൂതിക്കയം റെഗുലേറ്റർ കംബ്രിഡ്ജിന് 68 കോടി രൂപയുടെ അനുമതി ലഭിച്ചതായി ടി.എ.അഹമ്മദ് കബീർ എംഎൽഎ അറിയിച്ചു.
പദ്ധതിയുടെ വിശദപദ്ധതി രേഖ കെഎൽഎൽഡിസിയാണ് കിഫ്ബിക്ക് സമർപ്പിച്ചിരുന്നത്. ശേഷം കിഫ്ബി ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകി. ഓഗസ്റ്റ് മാസം ചേർന്ന കിഫ്ബി യോഗത്തിലാണ് പദ്ധതിക്ക് ധനാനുമതി നൽകാൻ ശിപാർശ ചെയ്തത്. ടി.എ.അഹമ്മദ് കബീർ എംഎൽഎയുടെ ഏറെ കാലത്തെ നിരന്തര ശ്രമത്തിനൊടുവിലാണ് ബൃഹത്തായ വിവിധോദ്ദേശ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.
മൂർക്കനാട് കുടിവെള്ള പദ്ധതിയുടെ ലക്ഷ്യമനുസരിച്ച് മണ്ഡലത്തിലെ മൂർക്കനാട്, പുഴക്കാട്ടിരി, കുറുവ, കൂട്ടിലങ്ങാടി, മങ്കട, മക്കരപ്പറന്പ് എന്നീ പഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കേണ്ടതുണ്ടായതിനാൽ പദ്ധതിക്ക് വേണ്ടി നിർമിച്ച കിണറ്റിൽ ആവശ്യത്തിന് വെള്ളം ലഭ്യമാകാത്ത സാഹചര്യത്തിലാണ് കുന്തിപുഴയിൽ നിലാപറന്പിന് സമീപം തടയണ നിർമിക്കണമെന്ന ആവശ്യം ഉയർന്നത്. റെഗുലേറ്റർ കംബ്രിഡ്ജ് നിർമാണം പൂർത്തിയാവുന്നതോടെ പദ്ധതിക്ക് ആവശ്യമായ വെള്ളം ലഭ്യമാവുകയും പദ്ധതി വിജയിക്കുകയും ചെയ്യും. മൂർക്കനാട് നിലാകടവിന് താഴെ കിഴ്മുറി കടവിൽ 160 മീറ്റർ മീളത്തിലും 7.5 മീറ്റർ വീതിയിലുമാണ് ആർസിബി നിർമിക്കുന്നത്. ഇതിൽ 3.5 മീറ്റർ ഉയരത്തിൽ 10 കിലോമീറ്റർ നീളത്തിൽ വെള്ളം കെട്ടിനിൽക്കും. ഇതിനാൽ മൂർക്കനാട്, പുലാമന്തോൾ, പാലക്കാട് ജില്ലയിലെ വിളയൂർ, തിരുവേഗപ്പുറ പഞ്ചായത്തുകളിലെ കാർഷിക ആവശ്യത്തിനും ജലസേചനത്തിനും സൗകര്യമാകും. 2017-18 സാന്പത്തിക വർഷം ബജറ്റിൽ പദ്ധതിക്കായി 65 ലക്ഷം രൂപ നീക്കി വച്ചു. പിന്നീട് അത് 70 കോടി ആയി ഉയർത്തുവെക്കുകയായിരുന്നു.


