നിലമ്പുർ : ഗീതുവിന്റെ സിവിൽ സർവീസ് മോഹത്തിന് സംസ്കാര സാഹിതിയുടെ സഹായം. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ മലവെള്ളപാച്ചിലിൽ വീടും കൃഷിയിടവും ഒലിച്ചുപോയതോടെ പഠനം ഉപേക്ഷിച്ച് ഉൾവനത്തിലേക്ക് കാടുകയറിയതായിരുന്നു ഗീതുവിന്റെ കുടുംബം. പഠനസഹായവുമായി സംസ്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്തും സംഘവും കാടുകയറി ഗീതുവിന്റെ കുടിലിലെത്തി ആദ്യഘട്ടസഹായമായ കാൽലക്ഷം രൂപ കൈമാറി.
സിവിൽ സർവീസ് പഠനചെലവ് പൂർണമായും ഏറ്റെടുക്കുമെന്ന് ഉറപ്പും നൽകി. സഹായമേറ്റുവാങ്ങിയ ഗീതു സിവിൽ സർവീസ് ലഭിച്ചാൽ കോളനിക്കാർക്കെല്ലാം വീടുനൽകണമെന്നതാണ് തന്റെ ആഗ്രഹമെന്ന് പങ്കുവച്ചു.വാണിയംപുഴ കോളനിയിലെ ശശി-ഗീത ദന്പതികളുടെ മകളായ ഗീതു ബുരുദം അവസാന വർഷ വിദ്യാർഥിനിയാണ്. പഠനത്തിൽ മിടുക്കിയായ ഗീതു ബുരുദ പഠനത്തോടൊപ്പം സിവിൽ സർവീസ് പരീക്ഷാ പരിശീലനവും നടത്തിയിരുന്നു. ഉരുൾപൊട്ടലിൽ ഗതിമാറിയൊഴുകിയ വാണിയംപുഴ ഗീതുവിന്റെ അടക്കം കോളനിയിലെ അഞ്ചുവീടുകളാണ് കവർന്നത്. വീടിനോട് ചേർന്ന കൃഷിസ്ഥലവും പുഴയെടുത്തു. ചാലിയാറിനു കുറുകെ കോളനിയിലേക്കുള്ള പാലവും തകർത്തു.
ഇതോടെ ഗീതുവും കുടുംബവും കോളനിയിയിലുള്ള കുടുംബങ്ങളെല്ലാം ഉൾവനത്തിലേക്കു കയറുകയായിരുന്നു. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ചെറിയ ഷെഡാണ് ഗീതുവിന്റെ കൂര. പുറംലോകവുമായി ബന്ധമറ്റ കോളനിയിലേക്ക് ചങ്ങാടംവഴിയെത്തി മൂന്നു കിലോമീറ്റർ ദൂരം നടന്നാണ് ആര്യാടൻ ഷൗക്കത്തും നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഗതൻ, സി.ആർ.പ്രകാശ് അടക്കമുള്ള സംഘമെത്തിയത്. ഗീതുവിനും ഒപ്പം കോളനിയിലെ പഠിക്കാൻ താൽപര്യമുള്ള എല്ലാ കുട്ടികൾക്കും പഠന സഹായവും വാഗ്ദാനം ചെയ്തു. കോളനിയിലെ കുടുംബങ്ങൾക്കെല്ലാം ഭക്ഷണക്കിറ്റും വസ്ത്രങ്ങളും നൽകിയാണ് ഇവർ മടങ്ങിയത്.


