എടക്കര : ഗതാഗതം നിലച്ച് നാൽപതാം ദിവസം നാടുകാണി ചുരം പാതയിലൂടെ ചെറുവാഹനങ്ങൾ ഓടിത്തുടങ്ങി. ഉച്ചയോടെയാണ്ചെറുവാഹനങ്ങൾ ഓടാൻ തുടങ്ങിയത്. ഭാരവാഹനങ്ങൾ കടത്തിവിടുന്നില്ല. റോഡിന്റെ സുരക്ഷ ഉറപ്പാക്കിയതിനു ശേഷമേ ഭാരവാഹനങ്ങൾ കടത്തിവിടുകയുളളൂവെന്ന് മരാമത്ത് അധികൃതർ വ്യക്തമാക്കി. ഉരുൾപൊട്ടലിൽ തേൻപാറയിലും തകരപ്പാടിയിലും റോഡിലേക്ക് പതിച്ച കൂറ്റൻപാറകൾ രണ്ടാഴ്ചയോളം സ്ഫോടനം നടത്തിയാണ് പൊടിച്ചു മാറ്റിയത്.
ജാറത്തിനു സമീപം നാലടി താഴ്ചയിൽ 15 മീറ്ററോളം ദൂരത്തിൽ റോഡ് താഴ്ന്നുപോയ സ്ഥലമാണ് ഇപ്പോൾ ഭീഷണിയായുളളത്. ഇവിടെ തൽക്കാലം ചെറുവാഹനങ്ങൾക്ക് പോകാൻ സൗകര്യമൊരുക്കിയെങ്കിലും ഭാരവാഹനങ്ങൾക്ക് പോകാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം നാളെ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തും.ചരക്കുനീക്കം നടത്താൻ നാടുകാണി ചുരം പാത യോഗ്യമാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. താമരശ്ശേരി ചുരത്തിലൂടെ 100 മുതൽ 150 കിലോമീറ്ററോളം അധിക ദൂരം സഞ്ചരിച്ചാണ് ജില്ലയിലെ വ്യാപാരികൾ അയൽസംസ്ഥാനങ്ങളിൽനിന്നു ചരക്കെത്തിക്കുന്നത്. ഒരു ലോഡ് പച്ചക്കറിയെത്തിക്കുമ്പോൾ 7,000 രൂപ മുതൽ 10,000 രൂപ വരെ അധികം വരുന്നുണ്ട്. സാധനങ്ങൾക്ക് വില വർധിപ്പിക്കേണ്ട സാഹചര്യമാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി.


