പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ 88 ലക്ഷം രൂപയുടെ കുഴൽപണവുമായി 2 മലപ്പുറം സ്വദേശികൾ അറസ്റ്റിൽ. വേങ്ങര താഴെ അങ്ങാടി അമ്പലവൻ സ്വദേശി അബ്ദുൽ അസീസ് (29), ഒകെ മുറി, അഞ്ചുപറമ്പ് മണിത്തൊടി സ്വദേശി മുഹമ്മദ് റഫീക്ക് (27) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്കു 12.15ന് എത്തിയ ചെന്നൈ–മംഗളൂരു ട്രെയിനിൽ റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണു കുഴൽപണം പിടികൂടിയത്. ഇരുവരും 44 ലക്ഷം രൂപ വീതം ബാഗുകളിലാക്കിയാണു കൊണ്ടുവന്നിരുന്നത്.
ചെന്നൈയിൽ നിന്നു മലപ്പുറത്തേക്കാണു പണം കൊണ്ടുപോയതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും റെയിൽവേ പൊലീസ് അറിയിച്ചു. റെയിൽവേ സിഐ കീർത്തിബാബുവിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സ്പെഷൽ സ്ക്വാഡാണ് പരിശോധന നടത്തിയത്. എസ്ഐമാരായ എ. രമേഷ്കുമാർ, എം. സുനിൽ, എസ്ഇപിഒ കെ. ജോസഫ്, സിപിഒമാരായ കെ. സിറാജുദ്ദീൻ, എസ്. ഹരിദാസ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.


