ഉപഭോക്താക്കള്‍ക്ക് ആസ്വാദ്യമായ പരിഷ്‌കാരങ്ങളുമായി എസ്ബിഐ. പുതുക്കിയ നിരക്കുകളെ കുറിച്ച്കൂടുതല്‍ അറിയാം
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം സേവന നിരക്കുകളും, നിക്ഷേപങ്ങളും പിന്‍വലിക്കലുമായി ബന്ധപ്പെട്ട വ്യവസ്ഥകളും പരിഷ്‌കരിച്ചു. പുതുക്കിയ നിരക്കുകള്‍ ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിംഗ് ഇടപാടുകളിലെ പ്രതിമാസ പരിധികള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ, എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഉടന്‍ തന്നെ പരിധിയില്ലാത്ത ഇടപാടുകള്‍ ആസ്വദിക്കാന്‍ കഴിയും. കഴിഞ്ഞ മാസം 25,000 രൂപ വരെ സേവിംഗ്‌സ് അക്കൗണ്ട് ബാലന്‍സ് ഉള്ള ഉപഭോക്താക്കള്‍ക്ക് നടത്താവുന്ന പരമാവധി ഇടപാടിന്റെ പരിധി നാല്‍പത് ആക്കിയിരുന്നു.
ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന മാറ്റങ്ങള്‍:
1. പ്രതിമാസ ശരാശരി ബാലന്‍സ് (Monthly avegare balance) :
നഗര കേന്ദ്രങ്ങളുടെ ശരാശരി പ്രതിമാസ ബാലന്‍സ് (എഎംബി) 5,000 രൂപയില്‍ നിന്ന് 3,000 രൂപയായി കുറച്ചു. പുതുക്കിയ ചട്ടപ്രകാരം, സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ എഎംബിയായി 3,000 രൂപ നിലനിര്‍ത്താത്തതും 50 ശതമാനത്തില്‍ (1,500 രൂപ) കുറഞ്ഞതുമായ അക്കൗണ്ട് ഉടമകളില്‍ നിന്ന് 10 രൂപയും ജിഎസ്ടിയും ഈടാക്കും. അക്കൗണ്ട് ഉടമയുടെ ബാലന്‍സ് 75 ശതമാനത്തിലധികം കുറയുകയാണെങ്കില്‍, 15 രൂപയും ജിഎസ്ടിയും പിഴയും ഈടാക്കും.
2. കൈമാറ്റം (fund transfer) :
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈ വര്‍ഷം ആദ്യം നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (നെഫ്റ്റ്), റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്) ചാര്‍ജുകള്‍ ഒഴിവാക്കിയിരുന്നു. എസ്ബിഐ ഉപഭോക്താക്കള്‍ക്ക് നെഫ്റ്റ്, ആര്‍ടിജിഎസ് ഇടപാടുകള്‍ സൗജന്യമാണ്, ഈ സാഹചര്യത്തില്‍ ഒരു ബാങ്ക് ശാഖയില്‍ നിന്ന് ഫണ്ട് ട്രാന്‍സ്ഫര്‍ നടത്തുന്നതിന് ഫീസ് ഈടാക്കും.
3. നിക്ഷേപം (Deposits) :
സേവിംഗ്‌സ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുവാന്‍ പ്രതിമാസം മൂന്ന് ഇടപാടുകള്‍ വരെ സൗജന്യമായിരിക്കും. അതിനുശേഷം, ഓരോ ഇടപാടിനും അക്കൗണ്ട് ഉടമയ്ക്ക് 50 രൂപയും ജിഎസ്ടിയും ഈടാക്കും. അക്കൗണ്ട് ഉള്ള ശാഖയില്‍ അല്ലാതെ പണം നിക്ഷേപിക്കുന്നതിനുള്ള പരമാവധി പരിധി പ്രതിദിനം രണ്ട് ലക്ഷം രൂപയാണ്.
4. പിന്‍വലിക്കലുകള്‍ (Withdrawals) :
25,000 രൂപയുടെ എഎംബി ഉള്ള അക്കൗണ്ട് ഉടമകള്‍ക്ക് ഒരു മാസത്തില്‍ രണ്ട് തവണ സൗജന്യമായി പണം പിന്‍വലിക്കാം. 25,000 മുതല്‍ 50,000 രൂപ വരെ എഎംബി ഉള്ളവര്‍ക്ക് പ്രതിമാസം പത്ത് തവണ സൗജന്യമായി പണം പിന്‍വലിക്കാന്‍ അവസരം ലഭിക്കും. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ എഎംബി ഉള്ള ഉപഭോക്താക്കള്‍ക്ക് പരിധിയില്ല. അതേസമയം, 50,000 മുതല്‍ 1 ലക്ഷം രൂപ ബ്രാക്കറ്റിലുള്ള ഉപഭോക്താക്കള്‍ക്ക് 15 തവണയാണ് സൗജന്യ പണം പിന്‍വലിക്കല്‍ പരിധി. സൗജന്യ പരിധിക്കപ്പുറമുള്ള ഇടപാടുകള്‍ക്ക് 50 രൂപയും ജിഎസ്ടിയും ഈടാക്കും.
5. സൗജന്യ എടിഎം ഇടപാടുകള്‍ :
സേവിംഗ്‌സ് അക്കൗണ്ടുകളില്‍ 25,000 രൂപ വരെ എഎംബി ഉള്ള ഉപഭോക്താക്കള്‍ക്ക് എസ്ബിഐ എടിഎമ്മുകളില്‍ അഞ്ച് സൗജന്യ ഇടപാടുകള്‍ ആസ്വദിക്കാം. ഇതില്‍ സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകളും (financial and non-financial transactions) ഉള്‍ക്കൊള്ളുന്നു. ഉയര്‍ന്ന എഎംബി ഉള്ളവര്‍ക്ക് പരിധിയില്ലാതെ എടിഎം ഇടപാടുകള്‍ നടത്താം. കൂടാതെ, മെട്രോ ഇതര നഗരങ്ങളിലെ എല്ലാ ഉപഭോക്താക്കള്‍ക്കും മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകള്‍ ലഭിക്കും. എസ്ബിഐ ഇതര എടിഎമ്മുകളില്‍ നിന്ന് മൂന്ന് സൗജന്യ ഇടപാടുകളാണ് മെട്രോയിലെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.
6. സൗജന്യ പരിധിക്കപ്പുറമുള്ള ഇടപാടുകളുടെ നിരക്ക് :
സൂചിപ്പിച്ച പരിധിക്കപ്പുറമുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് എസ്ബിഐയുടെ എടിഎമ്മുകളില്‍ നിന്ന് 10 രൂപയും ജിഎസ്ടിയും എസ്ബിഐ ഇതര എടിഎമ്മുകളില്‍ നിന്ന് ജിഎസ്ടി അടക്കം 20 രൂപയും ഈടാക്കും. സാമ്പത്തികേതര ഇടപാടുകള്‍ക്ക് ഉപയോഗിച്ച എടിഎമ്മിനെ ആശ്രയിച്ച് 5 മുതല്‍ 8 രൂപ വരെ ജിഎസ്ടിയടക്കം ഈടാക്കും. ബാലന്‍സ് അന്വേഷണം (balance enquiry), ചെക്ക് ബുക്ക് ആവശ്യപ്പെടല്‍, നികുതി അടയ്ക്കല്‍, ഫണ്ട് കൈമാറ്റം തുടങ്ങിയ സേവനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അപര്യാപ്തമായ ബാലന്‍സ് (insufficient balance) കാരണം നിരസിച്ച ഇടപാടുകള്‍ക്ക് 20 രൂപയും ജിഎസ്ടിയും ഈടാക്കും.
7. ഇന്റര്‍-ചേഞ്ചബിളിറ്റി :
ബ്രാഞ്ച്, എടിഎം ഇടപാടുകള്‍ക്കിടയില്‍ വണ്‍-വേ ഇന്റര്‍-ചേഞ്ചബിളിറ്റി എസ്ബിഐ അനുവദിക്കുന്നു. ഇതിനര്‍ത്ഥം 25,000 രൂപ വരെ എഎംബി ഉള്ള ഒരു ഉപഭോക്താവിന് എസ്ബിഐ എടിഎമ്മുകള്‍ ഉപയോഗിക്കുകയും ബ്രാഞ്ചിലെ രണ്ട് സൗജന്യ പണം പിന്‍വലിക്കല്‍ ഇടപാടുകള്‍ പ്രയോജനപ്പെടുത്താതിരിക്കുകയും ചെയ്താല്‍ മെട്രോ നഗരങ്ങളില്‍ പരമാവധി 10 സൗജന്യ ഡെബിറ്റ് ഇടപാടുകള്‍ അനുവദിക്കും. അതുപോലെ, നോണ്‍-മെട്രോയിലുള്ളവര്‍ക്ക് 12 വരെ സൗജന്യ ഡെബിറ്റ് ഇടപാടുകള്‍ ആസ്വദിക്കാം.
8. ഡെബിറ്റ് കാര്‍ഡ് ലഭിക്കുന്നതിനുള്ള നിരക്കുകള്‍ :
ബാങ്ക് വാഗ്ദാനം ചെയ്യുന്ന എല്ലാ ഡെബിറ്റ് കാര്‍ഡുകളും സൗജന്യമല്ല. എസ്ബിഐ ഗോള്‍ഡ് ഡെബിറ്റ് കാര്‍ഡ് നല്‍കുന്നതിന് 100 രൂപയും പ്ലാറ്റിനം കാര്‍ഡിന് 300 രൂപയും ജിഎസ്ടി ഇല്ലാതെ ഈടാക്കുന്നു. കൂടാതെ, ബാങ്കില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ തെറ്റായ കാരണം നിങ്ങളുടെ എടിഎം കാര്‍ഡോ കിറ്റോ കൊറിയര്‍ വഴി മടക്കി നല്‍കുകയാണെങ്കില്‍, നിങ്ങള്‍ 100 രൂപയില്‍ കൂടുതല്‍ നല്‍കേണ്ടിവരും.


