പ്രളയനഷ്ടം വിലയിരുത്താൻ കേന്ദ്രസംഘം



നിലമ്പൂർ ∙ ഉരുൾപൊട്ടലിലും പ്രളയത്തിലും തകർന്നടിഞ്ഞ മലയോരമേഖലയിൽ കേന്ദ്രസംഘത്തിന്റെ ഒറ്റദിവസത്തെ ഓട്ടപ്രദക്ഷിണം. ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെ പ്രളയക്കെടുതി വിലയിരുത്താൻ എത്തിയത്. കൃഷിമന്ത്രാലയം ഡയറക്‌ടർ ഡോ. കെ.മനോഹരൻ, ധനമന്ത്രാലയം ജോയിന്റ് സെക്രട്ടറി എസ്.സി.മീണ, ഊർജമന്ത്രാലയം ഡപ്യൂട്ടി ഡയറക്‌ടർ ഒ.പി.സുമൻ എന്നിവരാണ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത്.

മഞ്ചേരി വി.പി.ഹാളിൽ ജില്ലാതല ഉദ്യോഗസ്‌ഥർ കൂടി പങ്കെടുത്ത യോഗത്തിൽ കലക്‌ടർ ജാഫർ മലിക് ജില്ലയിലെ നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി യു.അബ്‌ദുൽ കരീം, ഡപ്യൂട്ടി കലക്‌ടർമാരായ പി.എൻ.പുരുഷോത്തമൻ, ഡോ. ജെ.ഒ.അരുൺ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് സംഘം കൈപ്പിനിക്കടവ് പാലം, പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിജ്, പാതാർ അങ്ങാടി, കവളപ്പാറ, അമ്പിട്ടാൻപൊട്ടി പാലം, മുണ്ടേരി മുക്കത്ത് ഒലിച്ചുപോയ കൃഷിയിടം, മുണ്ടേരി സീഡ് ഫാം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. മമ്പാട് പഞ്ചായത്ത് ഓഫിസ്, പിഎച്ച്സി,  തൂക്കുപാലം, എടവണ്ണ കുണ്ടുതോടിൽ 4 പേർ മരിച്ച വീട്, കൃഷിയിടങ്ങൾ, എടവണ്ണ ചെരിയപറമ്പ് കോളനി, പുഴയോരം, അരീക്കോട് പാലം, വിളയംകണ്ടം റോഡ്, വെസ്‌റ്റ് പത്തനാപുരം എന്നിവിടങ്ങളിലുമെത്തി. പി.വി.അൻവർ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാതല ഉദ്യോഗസ്‌ഥർ, നാട്ടുകാർ എന്നിവർ സംഘവുമായി സംസാരിച്ചു. രാത്രിയോടെ കേന്ദ്രസംഘം വയനാട്ടിലേക്കു പോയി.


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !