യാത്രക്കാർക്ക് ടിക്കറ്റ് നൽകാത്ത ബസുകൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗം. യാത്രക്കാരുടെ വ്യാപക പരാതിയെ തുടർന്നാണ് നടപടിയുമായി എൻഫോഴ്സ്മെൻറ് വിഭാഗം രംഗത്തെത്തിയത്. തിരൂരങ്ങാടി, കോട്ടക്കൽ, മലപ്പുറം, പെരിന്തൽമണ്ണ, മഞ്ചേരി, കൊണ്ടോട്ടി, അരീക്കോട്, ചെമ്മാട്, കൊളപ്പുറം തുടങ്ങി ജില്ലയുടെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 80 ബസുകൾക്കെതിരെ നടപടിയെടുത്തു. എൻഫോഴ്സ്മെൻറ് ജില്ല ആർ.ടി.ഒ ടി.ജി. ഗോകുലിെൻറ നിർദേശപ്രകാരം എം.വി.ഐമാരായ ഷബീർ മുഹമ്മദ്, വി.ഐ. അസീം, എസ്.എം. മനോജ് കുമാർ, ബി. ജയപ്രകാശ്, വിജേഷ്, എ.എം.വി.ഐമാരായ മുനീബ് അമ്പാളി, ടി. പ്രബിൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
രണ്ടാംഘട്ട പരിശോധനയിൽ ടിക്കറ്റ് നൽകിയില്ലെങ്കിൽ കണ്ടക്ടർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും മൂന്നാംഘട്ടത്തിൽ ബസിെൻറ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടിയിലേക്ക് നീങ്ങുന്ന കാര്യം ആലോചിക്കുമെന്നും ജില്ല എൻഫോഴ്സ്മെൻറ് ആർ.ടി.ഒ പറഞ്ഞു. ജില്ലയിലെ എല്ലാ ബസ് കണ്ടക്ടർമാരും ടിക്കറ്റ് നൽകാൻ തയാറാകണമെന്നും യാത്രക്കാർ ടിക്കറ്റ് ചോദിച്ചുവാങ്ങണമെന്നും അദ്ദേഹം പറഞ്ഞു.


