മലപ്പുറം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 5 കോടി രൂപ അനുവദിച്ച് നിര്‍മ്മാണം നടക്കുന്ന 16 സ്‌കൂളുകളിലും 3 കോടി രൂപ അനുവദിച്ച് നിര്‍മ്മാണം നടക്കുന്ന 17 സ്‌കൂളുകളിലും അക്കാദമിക മികവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ പര്യാപ്തമായ ശില്‍പ്പശാല സംഘടിപ്പിച്ചു. ഈ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, എസ് ആര്‍ ജി കണ്‍വീനര്‍മാര്‍ എന്നിവര്‍ക്കുവേണ്ടിയാണ് ശില്‍പ്പശാല നടത്തിയത്. 5 കോടിയും 3 കോടിയും ചെലവാക്കി അത്യാന്താധുനീക സൗകര്യത്തോട് കൂടിയാണ് കെട്ടിടങ്ങള്‍ ഒരുക്കുന്നത്. നിലവില്‍ 5 കോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പി സി എന്‍ ജി എച്ച് എസ് എസ് മൂക്കുതല, ജി എച്ച് എസ് എസ് പുറത്തൂര്‍, 3 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ജി എച്ച്എസ് എസ് മാറഞ്ചേരി എന്നിവയുടെ ഉദ്ഘാടനം നടന്നു കഴിഞ്ഞു. താനൂര്‍ ദേവദാര്‍, ജി വി എച്ച് എസ് എസ് വണ്ടൂര്‍ എന്നിവയുടെ ഉദ്ഘാടനം ഉടന്‍ പൂര്‍ത്തിയാവും. നിര്‍മ്മാണത്തിലിരിക്കുന്ന മുഴുവന്‍ കെട്ടിടങ്ങളുടെയും പണി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്താന്‍ തീരുമാനിച്ചു.
ഭൗതിക സൗകര്യങ്ങളുടെ മെച്ചപ്പെടലിനൊപ്പം അക്കാദമിക നിലവാരം ഉയര്‍ത്തുക എന്ന ഉദ്ദേശ്യത്തിലാണ് ശില്‍പ്പശാല നടത്തിയത്. ഇതിന്റെ തുടര്‍ച്ചയായി അടുത്ത മാസത്തോടെ ഈ 33 സ്‌കൂളുകളിലും മുഴുവന്‍ അധ്യാപകരെയും പിടിഎ, എസ് എംെ സി അംഗങ്ങളെയും വിദ്യാഭ്യാസ വിദഗ്ദ്ധരെയും ഉള്‍പ്പെടുത്തി ഒരു മുഴുവന്‍ ദിവസ ശില്‍പ്പശാല നടത്തും. അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ ഓരോ സ്‌കൂളിലും നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ആ ശില്‍പ്പശാലകള്‍ അവസരമൊരുക്കും. അന്താരാഷ്ട്ര നിലവാരത്തിലേക്ക് അക്കാദമിക നിലവാരം ഉയര്‍ത്തുക എന്നതാണ്ഇതിന്റെ ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ശില്‍പ്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി സുധാകരന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, ആര്‍ ഡി ഡി സ്‌നേഹലത, ഡിഡിഇ പി. കൃഷ്ണന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ പി കെ അബ്ദുല്‍ഗഫൂര്‍, എസ് എസ് കെ ഡിപിഒ ടി രത്‌നാകരന്‍, കൈറ്റ് കോ. ഓര്‍ഡിനേറ്റര്‍ ടി കെ അബ്ദുല്‍ റഷീദ് , വിജയഭേരി കോ. ഓര്‍ഡിനേറ്റര്‍ ടി സലീം, ഡിഇഒ മാരായ കെ. ശശിപ്രഭ, ഉഷ, അബ്ദുല്‍ ഹമീദ്, രേണുകാദേവി എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ശില്‍പ്പശാലയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ. ഓര്‍ഡിനേറ്റര്‍ എം മണി സ്വാഗതവും ഡയറ്റ് ലക്ചറര്‍ മുസ്തഫ കെ നന്ദിയും പറഞ്ഞു.


