തവനൂർ അന്ത്യാളംകുടത്ത് പുതുതായി ആരംഭിച്ച ഐഎച്ച്ആർഡി എക്സ്റ്റൻഷൻ സെന്റർ മന്ത്രി കെ.ടി ജലീൽ ഉദ്ഘാടനം ചെയ്തു. ഐഎച്ച്ആർഡിയെ ഡീംഡ് യൂണിവേഴ്സിറ്റിയാക്കുന്നതിന്റെ സാധ്യത സർക്കാർ പരിശോധിക്കുകയാണെന്നും ഭീമമായ പണം നൽകി തൊഴിലധിഷ്ഠിത കോഴ്സുകൾ ചെയ്യുന്ന പ്രവണതയ്ക്കു പകരം സ്റ്റൈപ്പൻഡ് നൽകി തീർത്തും സൗജന്യമായി തൊഴിലധിഷ്ഠിത കോഴ്സുകൾ ഐഎച്ച്ആർഡി പോലുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലൂടെ നൽകുകയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മുഴുവൻ ഗവണ്മെന്റ് കോളജ് യൂണിയൻ ചെയർമാൻമാർക്കും ഈ വർഷം സൗജന്യമായി ഒരാഴ്ച വിദ്യാഭ്യാസ രംഗത്തു പ്രശസ്തമായ ലണ്ടൻ സന്ദർശിക്കാൻ പദ്ധതി നടപ്പാക്കും. സർവകലാശാലകളിൽ ചിട്ടയും വ്യവസ്ഥകളും കൊണ്ടുവരാൻ ശ്രമിക്കുകയാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 75 ദിവസം മുന്‍പ് തന്നെ കോളജുകളിൽ ഒന്നാംവർഷ ഡ്രിഗ്രി ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. അടുത്ത അധ്യയനവർഷത്തിൽ ഒന്നാം ക്ലാസ്് ആരംഭിക്കുന്ന ജൂണ്‍ ആദ്യവാരം തന്നെ പ്ലസ്വണ്, ഡ്രിഗ്രി ഒന്നാം വർഷം, പി.ജി ഒന്നാം വർഷം ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും സമഗ്ര വികസനമാണ് തവനൂർ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മൂന്നു മാസവും ആറു മാസവും കാലയളവുള്ള മൂന്നു കോഴ്സുകളാണ് തവനൂർ ഐഎച്ച്ആർഡിയിൽ. 90 പേർക്കാണ് ആദ്യ ബാച്ചിൽ അവസരം. 60 വയസിനു മുകളിലുള്ളവർക്കും പഠിക്കാനുള്ള സൗകര്യമുണ്ട്. പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റും ലഭ്യമാണ്. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മി അധ്യക്ഷത വഹിച്ച ചടങ്ങിൽ തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി അബ്ദുൾ നാസർ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി മോഹൻദാസ്, തവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി നസീറ, ജില്ലാ പഞ്ചായത്ത് മെംബർ കെ. ദേവിക്കുട്ടി, ബ്ലോക്ക് മെംബർ പി.വി ജയരാജ്, ഗ്രാമപഞ്ചായത്ത് മെംബർ ടി.വി .ശിവദാസ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അബ്ദുൾസലീം, വട്ടംകുളം സിഎഎസ് പ്രിൻസിപ്പൽ പി. അബ്ദുസമദ്, തവനൂർ ഗവണ്മെന്റ് കോളജ് പ്രിൻസിപ്പൽ എം.പി അബ്ദുൾ റഹീം, തൃക്കണാപുരം ജിഎൽപി സ്കൂൾ ഹെഡ്മിസ്ട്രസ് മേഴ്സി വർഗീസ്, തവനൂർ ഐഎച്ച്ആർഡി ഓഫീസർ ഇൻ ചാർജ് ജയ്മോൻ ജേക്കബ്, ബ്ലോക്ക് മെംബർ വേലായുധൻ, രാഷ്ട്രീയ നേതാക്കൻമാരായ ജ്യോതി, കെ.രാമദാസ്, കെ.പി.സുബ്രഹ്മണ്യൻ, സദാന്ദനൻ, പി.പി.അബ്ദുള്ള, കെ.യു. അബ്ദുൾ സലീം എന്നിവർ പ്രസംഗിച്ചു. ഐഎച്ച്ആർഡി ഡയറക്ടർ ഡോ.പി.സുരേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !