കോട്ടയ്ക്കൽ : ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉൾപ്പെടെയുള്ളവരുടെ സന്ദർശനം പ്രമാണിച്ച് മലപ്പുറം ജില്ലയിലൂടെയുള്ള രണ്ട് പ്രധാനപാതകളിൽ ഇന്നും നാളെയും ഗതാഗതനിയന്ത്രണം. കോട്ടയ്ക്കൽ ചങ്കുവെട്ടിയിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ഒപി സ്ക്വയറിൽ നാളെ നടക്കുന്ന പരിപാടിക്കാണ് ഉപരാഷ്ട്രപതി എത്തുന്നത്.
കോഴിക്കോട് – പാലക്കാട് പാതയിൽ കോഴിക്കോട് വിമാനത്താവളം – കൊട്ടപ്പുറം വഴി കോഴിക്കോട് – തൃശൂർ പാതയിലെ കാക്കഞ്ചേരിയിലെത്തി അതേ പാതയിൽ ചങ്കുവെട്ടി വരെയാണ് അദ്ദേഹത്തിന്റെ യാത്രാറൂട്ട്. ഇന്ന് സുരക്ഷാ റിഹേഴ്സൽ നടക്കും. രണ്ടുപാതയിലും ഇന്നും നാളെയും രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെ ചരക്കുവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു.
മറ്റു വാഹനങ്ങൾക്കും നിയന്ത്രണമുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി യു.അബ്ദുൽ കരീം അറിയിച്ചു. പാതകളിൽ തിരക്കുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് 3 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തുംവിധം യാത്ര ക്രമീകരിക്കണമെന്ന് വിമാനത്താവളം ഡയറക്ടർ അറിയിച്ചു.


