അത്തിക്കാട് അനശ്വര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് സഹായവുമായി തൃശൂരിലെ ഇന്ത്യ റിസർവ് ബറ്റാലിയനിലെ പോലീസുകാർ. ചാലിയാർ ഗ്രാമപഞ്ചായത്തിലെ അത്തിക്കാട് ആദിവാസി കോളനിയിലെ ക്ലബിലേക്ക് ആവശ്യമായ ടിവി, കസേരകൾ, ക്ലബിലെ ഫുട്ബോൾ കളികാർക്ക് ജഴ്സി, ബൂട്ട്, തുടങ്ങി എല്ലാ സംവിധാനങ്ങളുമായാണ് തൃശൂരിലെ ക്യാന്പിൽ നിന്നും മൂന്ന് വാഹനങ്ങളിലായി ഇവർ എത്തിയത്.
നിലന്പൂർ ജനമൈത്രി പോലീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ക്ലബിലേക്ക് ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് ജനമൈത്രി പോലീസിലെ എഎസ്ഐ, എൻ.രവീന്ദ്രൻ, വനിതാ സിവിൽ പോലീസ് ഓഫീസർ പി.സി.ഷീബ എന്നിവർ നൽകിയിരുന്നു. ഇന്ത്യ റിസർവ് ബറ്റാലിയൻ തൃശൂർ റേഞ്ച് സർക്കിൾ ഇൻസ്പെക്ടർമാരായ ബാബു മാത്യു, എം.പി.രാമൻ, എസ്ഐ എസ്കെയു സജി, എ.രാജിവ്, ബറ്റാലിയനിലെ അംഗങ്ങൾ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ക്ലബിൽ ടിവി പ്രവർത്തിപ്പിക്കാൻ ആവശ്യമായ കേബിൾ സംവിധാനം ഒരു വർഷത്തെ വാടക മുൻകൂറായി അടച്ച് ലഭ്യമാക്കി.
എട്ടു വർഷമായി ക്ലബിന് മുന്നിലെ മൈതാനത്ത് ക്ലബ് അംഗങ്ങൾ ഫുട്ബോൾ പരിശീ ലി ക്കുന്നു. പല മത്സരങ്ങളിലും ഇവർ മികവ് തെളിയിച്ചിട്ടുണ്ട്. ഐ.എം. വിജയനെ തങ്ങളുടെ ക്ലബ് സന്ദർശിക്കാൻ എത്തിക്കണമെന്ന ആവശ്യം സാധിച്ചു തരാം എന്ന ഉറപ്പ് നൽകിയാണ് പോലീസ് സംഘം മടങ്ങിയത്.
പോലിസുകാർ തങ്ങളുടെ ശന്പളത്തിൽ നിന്നും ഒരു തുക മാറ്റിവച്ചാണ് പ്രളയം ബാധിച്ച മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ സ്ഥലങ്ങളിലേക്ക് എത്തിയത്. തുടർന്ന് മൈലാടി അങ്കണവാടിയിലെത്തി പ്രളയത്തിൽ നശിച്ച കുക്കർ അടക്കം ആവശ്യമായ എല്ലാ സാധനങ്ങളും കൈമാറി. ഫാൻ കൂടി വേണമെന്ന ആവശ്യം കണക്കിലെടുത്ത് ഫാനും വാങ്ങിച്ചുകൊടുത്തു. അങ്കണവാടി പെയിന്റ് അടിച്ച് നന്നാക്കാനും സംവിധാനമെരുക്കുമെന്ന് ജനമൈത്രി പോലീസ് അറിയിച്ചു.


