കവളപ്പാറയിൽ ഉരുൾപ്പൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ട 60 കുടുംബങ്ങൾക്കു വീടും സ്ഥലവും നൽകാൻ പദ്ധതി. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പീപ്പിൾസ് ഫൗണ്ടേഷനും ബിസിനസ് ഗ്രൂപ്പായ ഇംപെക്സും ചേർന്നാണ് വീടുകൾ ഒരുക്കുക. വീടിനാവശ്യമായ സ്ഥലം പി.വി അബ്ദുൾവഹാബ് എംപി മുഖ്യ രക്ഷാധികാരിയായും പി.വി അൻവർ എംഎൽഎ ചെയർമാനുമായ റീബിൽഡ് നിലന്പൂർ, സംസ്ഥാന സർക്കാരുമായി സഹകരിച്ച് കണ്ടെത്തും. 500 ചതുരശ്ര അടിയുള്ള ആറര ലക്ഷത്തിന്റെ വീടാണ് നിർമിച്ചു നൽകുക. സ്ഥല വിലയ്ക്കു പുറമെ നാലു കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിൽ 2.5 കോടി രൂപ പീപ്പിൾസ് ഫൗണ്ടേഷനും 1.5 കോടി രൂപ ഇംപെക്സ് ഗ്രൂപ്പുമാണ് ചെലവിടുക. പത്തു മാസം കൊണ്ടു പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. സാങ്കേതിക കുരുക്കിൽ സർക്കാർ സഹായം കിട്ടാത്ത ദുരിത ബാധിതർക്കും സഹായമെത്തിക്കുകയാണ് ഉദേശിക്കുന്നത്. വാർത്താസമ്മേളനത്തിൽ പി.വി അൻവർ എംഎൽഎ, പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം. അബ്ദുൾ മജീദ്, ഇംപെക്സ് മാനേജിംഗ് ഡയറക്ടർ സി. നുവൈസ്, പി. ഉമ്മർ, മുഹമ്മദലി പനച്ചിക്കൽ എന്നിവർ സംബന്ധിച്ചു.


