കുറ്റിപ്പുറം റെയില്‍വേ പാലത്തിന് മുകളില്‍ ബസ് മറിഞ്ഞു: ഒഴിവായത് വൻ ദുരന്തം





കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന് മുകളിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 24 പേർക്ക് പരിക്കേറ്റു. റെയിൽവേ മേൽപ്പാലത്തിന്റെ കൈവരികൾ തകർത്തെങ്കിലും ബസ് താഴേയ്ക്ക് മറിയാഞ്ഞത് വൻദുരന്തം ഒഴിവാക്കി. കോട്ടയ്ക്കൽ നിന്ന് കുറ്റിപ്പുറത്തേക്ക് വരികയായിരുന്ന റോയൽ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 8.30ഓടെയാണ് അപകടം. കുറ്റിപ്പുറം ഭാഗത്ത് നിന്നും റെയിൽവേ ലൈൻ ആരംഭിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. വിദ്യാർത്ഥികൾ അടക്കമുള്ള നിരവധി യാത്രക്കാരുമായി എത്തിയ ബസാണ് മറിഞ്ഞത്. അപകടസമയത്ത് ബസിന്റെ ഗ്ലാസ് തകർന്ന് ഡ്രൈവർ ജാഫർ പാലത്തിന് താഴേക്ക് വീണെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. 

അപകടത്തിൽ 24 പേരെ കുറ്റിപ്പുറം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഡ്രൈവറും കണ്ടക്ടറും അടക്കം മൂന്ന് പേരെ വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ആറുപേർ കുറ്റിപ്പുറം ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. നിസാര പരിക്കേറ്റവരെ മരുന്ന് നൽകി വിട്ടയച്ചു. ഏറെ നേരം പാലത്തിനു മുകളിൽ ഗതാഗതം തടസപ്പെട്ടെങ്കിലും പൊലീസ്, ഫയർഫോഴ്സ്, ട്രോമാകെയർ യൂണിറ്റ് എന്നിവരുടെ നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിച്ച് ഗതാഗത തടസം നീക്കി. പിന്നീട് രണ്ട് ക്രെയിൻ എത്തിച്ച് ബസ് ഉയർത്തി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Read also:
റെയിൽവേ മേൽപാലത്തിൽ തുടർച്ചയായി വാഹനങ്ങൾ മറിയുന്നത് ആശങ്കയ്ക്കിടയാക്കുന്നു

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !