എടക്കര: രൂക്ഷമായ കാട്ടാനശല്യത്തിൽ പൊറുതിമുട്ടിയ എടക്കര പഞ്ചായത്തിലെ ഉണിച്ചന്തയിൽ വനം ഉദ്യോഗസ്ഥർ നാട്ടുകാരുമായി ചർച്ച നടത്തി. ഞായറാഴ്ച പകൽ മൂന്ന് കാട്ടാനകൾ ജനവാസ കേന്ദ്രത്തിലിറങ്ങി നാടിനെ വിറപ്പിച്ചതിനെ തുടർന്നായിരുന്നു ചർച്ച സംഘടിപ്പിച്ചത്.
ഇതിനിടെ തിങ്കളാഴ്ച രാത്രിയിലും ഉണ്ണിചന്തം അങ്ങാടിക്ക് സമീപമിറങ്ങിയ കൊന്പൻ മൂന്ന് കർഷകരുടെ കൃഷി നശിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.എസ്.മുഹമ്മദ് നിഷാലിന്റെ നേതൃത്വത്തിലായിരുന്നു ചർച്ച. വനാതിർത്തിയിൽ സ്ഥാപിച്ച ഫെൻസിംഗ് പ്രവർത്തനരഹിതമാണെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ, ഉടുന്പൊയിൽ ഭാഗത്ത് ഫെൻസിംഗിനായി സ്ഥാപിച്ച കാലാഹരണപ്പെട്ട എനർജൈസറും ബാറ്ററിയും ഒരാഴ്ചക്കകം മാറ്റി പുതിയത് സ്ഥാപിക്കാമെന്ന് റേഞ്ച് ഓഫീസർ നാട്ടുകാരെ അറിയിച്ചു.
അതേസമയം, ഫെൻസിംഗ് പരിപാലിക്കുന്നതിൽ വനാതിർത്തിയിലെ കുടുംബങ്ങൾ വീഴ്ചവരുത്തുന്നതാണ് ഫെൻസിംഗിന്റെ തകർച്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. അടിക്കാടുകൾ ഫെൻസിങ്ങിലേക്ക് പടരാതെ നോക്കേണ്ട ഉത്തരവാദിത്വം അതാത് പ്രദേശത്തെ ജനങ്ങൾ ഏറ്റെടുത്താൽ മാത്രമേ ഫെൻസിംഗ് ഗുണകരമാകുകയുള്ളൂവെന്നും റേഞ്ച് ഓഫീസർ അറിയിച്ചു. തുടർന്ന് വനാതിർത്തിയിലെ ഫെൻസിംഗ് കാര്യക്ഷമമായി പരിപാലിക്കുന്നതിനും മറ്റും അസീസ് ഉണിച്ചന്തം ചെയർമാനായും ജയപ്രകാശ് കണ്വീനറുമായി പതിനൊന്നംഗ കമ്മിറ്റി രൂപീകരിച്ചു.
ബുധനാഴ്ച രാവിലെ തൊഴിലുറപ്പ് തൊഴിലാളികളെയും പങ്കെടുപ്പിച്ചുകൊണ്ട് വനാതിർത്തിയിലെ അടിക്കാടുകൾ വെട്ടിമാറ്റാനും തീരുമാനമായി. വനസംരക്ഷണ സമിതി പ്രസിഡന്റ് ജി.ശശിധരൻ, സെക്രട്ടറി റഫീഖ്, വാർഡ് അംഗം എം.കെ.ചന്ദ്രൻ, പോത്തുകൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സലീം, ശിവപ്രസാദ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എം.വിജയൻ, ജി.എസ്.ശ്രീലാൽ എന്നിവർ പ്രസംഗിച്ചു.


