കൊണ്ടോട്ടി: യുവാവിനെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ ഏഴംഗ ക്വട്ടേഷൻ സംഘം കൊണ്ടോട്ടി പൊലീസിെൻറ പിടിയിൽ. കോഴിക്കോട് കല്ലായി ചക്കുംകടവ് എ.വി ഹൗസ് മുസ്തഫ (36), നല്ലളം കൊളത്തറ എരഞ്ഞിക്കൽ റംഷിഹാദ് (36), കല്ലായി കെ.പി. ഹൗസ് ഷൗക്കത്തലി (35), കല്ലായി പയ്യാനക്കൽ എ.ടി ഹൗസ് ഫാസിർ (33), മലയമ്മ തടത്തുമ്മൽ ഇർഷാദ് (31), തിരുവമ്പാടി കോട്ടയിൽ മുഹമ്മദ് ബഷീർ (41), കല്ലായി ചക്കുംകടവിൽ പള്ളിപ്പറമ്പിൽ നൗഷാദ് (47) എന്നിവരാണ് കൊണ്ടോട്ടി സി.ഐ എൻ.ബി. ഷൈജുവിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിെൻറ പിടിയിലായത്. കഴിഞ്ഞ മാർച്ച് മൂന്നിനായിരുന്നു സംഭവം.
ദുബൈയിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കൊണ്ടുവന്ന രണ്ടര കിലോ സ്വർണവുമായി കാറിൽ സഞ്ചരിച്ച തിരുവമ്പാടി സ്വദേശിയെ കാറിടിച്ച് ആക്രമിച്ച് സ്വർണം കവരുകയായിരുന്നു. പഴുതടച്ച നീക്കത്തിലൂടെയാണ് ഏഴംഗ സംഘം വലയിലായത്. കരിയറെ കൊണ്ടുപോകാനെത്തിയ കാറിലെ ഡ്രൈവറാണ് പ്രതികളിലൊരാളായ പിടിയിലായ കോട്ടയിൽ മുഹമ്മദ് ബഷീർ. ഇയാളാണ് ക്വട്ടേഷൻ സംഘത്തിന് വിവരം നൽകിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊണ്ടോട്ടി സി.ഐ എൻ.ബി. ഷൈജു, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, പി. സഞ്ജീവ് എന്നിവർക്കു പുറമെ കൊണ്ടോട്ടി സ്റ്റേഷനിലെ എ.എസ്.ഐ ശ്രീരാമൻ, സീനിയർ സി.പി.ഒ രാജേഷ്, മോഹനൻ, ജലാൽ, ഷിബി എന്നിവരാണ് അന്വേഷണം നടത്തുന്നത്.


