ദേശീയപാത വട്ടപ്പാറ വളവിൽ പാചകവാതകം കയറ്റിവന്ന ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവർ തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി മുത്തുസെൽവൻ (25) നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. വാതകം ചോരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. ഇന്നലെ ഉച്ചയ്ക്ക് 2.15ന് ആണ് അപകടം. മംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് 17.5 ടൺ പാചകവാതകവുമായി പോകുന്ന കാപ്സ്യൂൾ ടാങ്കറാണ് മുഖ്യവളവിൽ പാതയോരത്തെ സുരക്ഷാഭിത്തിയോടു ചേർന്ന് മറിഞ്ഞത്.
അപകടത്തെ തുടർന്ന് കോഴിക്കോട്ടുനിന്നും തൃശൂർ ഭാഗത്തുനിന്നും വന്ന വാഹനങ്ങൾ പുത്തനത്താണി, തിരുനാവായ വഴി തിരിച്ചു വിട്ടു. കുറ്റിപ്പുറത്തുനിന്നു തിരുനാവായ, തിരൂർ വഴി കോഴിക്കോട്ടേക്കും വാഹനങ്ങൾ കടത്തിവിട്ടു. വളാഞ്ചേരിയിൽ നിന്നുള്ള വാഹനങ്ങൾ കാവുംപുറം, പറമ്പോളം വഴി കഞ്ഞിപ്പുരയിലേക്കും, കാവുംപുറം താണിയപ്പൻകുന്ന് കാടാമ്പുഴ വഴി വെട്ടിച്ചിറയിലേക്കും തിരിച്ചുവിട്ടു. ഒരാഴ്ച മുൻപ് പാചകവാതക ടാങ്കർ മറിഞ്ഞ അതേ സ്ഥലത്താണ് ഇന്നലെയും അപകടമുണ്ടായത്. അന്ന് 18 മണിക്കൂറാണ് വട്ടപ്പാറ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടത്.


