നിലന്പൂർ: ഇടതുഭരണത്തിന് കിഴിൽ മേഖലയിലെ ആദിവാസികൾക്ക് പോലും രക്ഷയില്ലാതായതായി മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്. പ്രളയധനസഹായ വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് നിലന്പൂർ മുനിസിപ്പൽ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലന്പൂർ വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയത്തെ തുടർന്ന് പോത്തുകല്ലിലെ നാല് ആദിവാസി കോളനികൾ ഒറ്റപ്പെട്ടു. വീടുകൾ പോയ അവർ പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചു കെട്ടി അതിന് കീഴിലാണ് കഴിയുന്നത്. എൽ ഡിഎഫ് സർക്കാർ നടപ്പാക്കിയത് ഫ്ളക്സ് വികസനം മാത്രമാണ്. പ്രളയം നേരിട്ട് മൂന്നു മാസമാകാറായിട്ടും പ്രളയബാധിതരിൽ ഭൂരിഭാഗത്തിനും ഇനിയും അടിയന്തര ധനസഹായം വിതരണം ചെയ്യാത്തത് സർക്കാറിന്റെ അനാസ്ഥകൊണ്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നിലന്പൂർ ബൈപാസിന് 36 കോടി അനുവദിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തതാണ്. എന്നാൽ, എൽഡിഎഫ് സർക്കാർ വന്ന ശേഷം 100 കോടിയും 136 കോടിയും അനുവദിച്ചതായി ഫ്ളക്സ് ബോർഡിൽ കണ്ടതല്ലാതെ ഒന്നും നടപ്പായില്ലെന്നും ആര്യാടൻ പറഞ്ഞു.
മുനിസിപ്പൽ കോണ്ഗ്രസ് കമ്മറ്റി പ്രസിഡന്റ് പാലോളി മെഹബൂബ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ്, നിലന്പൂർ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് എ.ഗോപിനാഥ്, കെപിസിസി സെക്രട്ടറി വി.എ.കരീം, മഹിളാ കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി പദ്മിനി ഗോപിനാഥ്, കല്ലായി മുഹമ്മദാലി, ഷാജഹാൻ പായിന്പാടം, ഷെറി ജോർജ്, പി.പി.നജീബ്, വി.എ.ലത്തീഫ് എന്നിവർ പ്രസംഗിച്ചു. മാർച്ച് കോണ്ഗ്രസ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച് വില്ലേജ് ഓഫീസിനു മുന്നിൽ സമാപിച്ചു.


