താനൂർ ലീഗ് പ്രവർത്തകൻ്റെ കൊലപാതകം: പിന്നിൽ നാലംഗസംഘം; അറസ്റ്റ് ഉടൻ


താനൂര്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് ഉടനെന്ന് എസ് പി. കൃത്യം നടത്തിയ നാലംഗ സംഘത്തെ തിരിച്ചറിഞ്ഞതായി ജില്ല പൊലീസ് മേധാവി യു. അബ്ദുൾ കരിം. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് ലീഗ് പ്രവര്‍ത്തകര്‍ ഇന്നലെ ആരോപിച്ചിരുന്നു. കൊല്ലപ്പെട്ട ഇസ്ഹാഖിന്‍റെ വീടിനു സമീപത്തു തന്നെയുള്ളവരാണ് പ്രതികളായ നാലുപേരും എന്നാണ് പോലീസ് പറയുന്നത്. ഇവര്‍ സിപിഎം പ്രവര്‍ത്തകരാണ്. കൊലയ്ക്ക് കാരണം രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് പോലീസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് താനൂരിനടുത്ത് അഞ്ചുടിയിൽ ലീഗ് പ്രവര്‍ത്തകനായ ഇസ്ഹാഖ് എന്ന റഫീഖ് (35) വെട്ടേറ്റു മരിച്ചത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിലെ തീരദേശ നിയോജക മണ്ഡലങ്ങളിൽ യുഡിഎഫ് ഹര്‍ത്താൽ അചരിക്കുകയാണ്.

വീടിനടുത്തുള്ള പള്ളിയിലേയ്ക്ക് നടന്നു പോകുമ്പോഴായിരുന്നു ഇസ്ഹാഖിന് നേരെയുണ്ടായ ആക്രമണം. ഈ സമയത്ത് ഇവിടെ വൈദ്യുതിയുണ്ടായിരുന്നില്ല. ഇസ്ഹാഖിന്‍റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇയാളെ വെട്ടേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഇസ്ഹാഖിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ കലാശക്കൊട്ട് നടന്ന ദിവസം ഇസ്ഹാഖിന്‍റെ വീടിനു നേര്‍ക്ക് ആക്രമണം നടന്നിരുന്നു. അന്നത്തെ ആക്രമണത്തിന് പിന്നിലും സിപിഎം ആണെന്നായിരുന്നു ലീഗിന്‍റെ ആരോപണം.

അതേസമയം, കൊലപാതകത്തെ അപലപിക്കുന്നുവെന്നും സംഭവത്തിൽ പാര്‍ട്ടിയ്ക്ക് പങ്കില്ലെന്നും സിപിഎം ജില്ലാ കമ്മിറ്റി പ്രസ്താവനയിറക്കി.സംഭവത്തിനു പിന്നാലെ വൻ പോലീസ് സംഘമാണ് താനൂരിൽ ക്യാംപ് ചെയ്യുന്നത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

താനൂര്‍ അഞ്ചുടിയിൽ പരേതനായ കുപ്പന്‍റെപുരയ്ക്കൽ സെയ്തലവിയുടെയും കു‍ഞ്ഞിമോളുടെയും മകനാണ് കൊല്ലപ്പെട്ട ഇസ്‍‍ഹാഖ്. ആരിഫയാണ് ഭാര്യ. നൗഫൽ, സൈറാബി, സുമയ്യ എന്നിവരാണ് സഹോദരങ്ങള്‍.

താനൂർ കൊലപാതകത്തിൽ പങ്കില്ലന്ന് -സി.പി.എം.

അഞ്ചുടിയിൽ മുസ്‌ലിംലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും സംഭവത്തെ അപലപിക്കുന്നുവെന്നും സി.പി.എം. ജില്ലാകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. വ്യക്തിപരമായ പ്രശ്നങ്ങളും മുൻവൈരാഗ്യവുമാണ് കൊലയ്ക്കുപിന്നിൽ എന്നാണ് മനസ്സിലാക്കുന്നത്.

ഏതെങ്കിലും പ്രവർത്തകന് സംഭവവുമായി ബന്ധമുണ്ടെങ്കിൽ അവരെ സംരക്ഷിക്കില്ല. കുറ്റവാളികൾ ആരായാലും അവരെ ഉടൻ അറസ്റ്റുചെയ്യണം. തീരദേശമേഖലയിൽ സംഘർഷം നിയന്ത്രിക്കാൻ സി.പി.എമ്മും മുസ്‌ലിംലീഗും നടത്തിവരുന്ന കൂട്ടായ പരിശ്രമങ്ങൾക്ക് ദൗർഭാഗ്യകരമായ ഈ സംഭവം വിഘാതമാകരുതെന്നും ജില്ലാസെക്രട്ടറി ഇ.എൻ. മോഹൻദാസ് അഭ്യർഥിച്ചു.

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !