ഭരണഘടനാ വിരുദ്ധമായ ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കണം - പിണറായി വിജയൻ

0

ഭരണഘടനാ വിരുദ്ധമായ ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കണം എന്നും ആവശ്യപ്പെട്ടു ഡിസംബർ 16  ന് രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ നടക്കുന്ന സംയുക്ത സത്യഗ്രഹം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ലേഖനം. 



ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ അടിത്തറ വ്യത്യസ്ത ജനവിഭാഗങ്ങളുടെ ഐക്യത്തിലൂന്നിയ സഹവർത്തിത്വമാണ്. മതേതര രാഷ്ട്രം എന്ന് നാം പറയുന്നത്, എല്ലാ മതത്തിൽ പെട്ടവർക്കും ഒരു മതത്തിലും പെടാത്തവർക്കും സ്വതന്ത്രമായി, ഭയമില്ലാതെ ജീവിക്കാനാവുന്ന നാടാണ് നമ്മുടേത് എന്നത് കൊണ്ടാണ്. ആ സവിശേഷതകൾക്കു കാവലാളാണ്  രാജ്യത്തിന്റെ ഭരണഘടന. ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ആഗ്രഹിക്കുന്നവരുടെ ആദ്യത്തെ ആക്രമണം ഭരണഘടനയ്ക്ക് നേരെ  ആകുന്നതിന്റെ കാരണവും അത് തന്നെയാണ്. സാമ്രാജ്യത്വത്തിന്റെ പിടിയിൽ നിന്ന് നാടിനെ മോചിപ്പിച്ച എല്ലാത്തിനെയും; എല്ലാ സ്മരണകളെയും പ്രതീകങ്ങളെയും ആക്രമിക്കുകയാണ്. ഗാന്ധിജിയുടെ ചിത്രത്തെപ്പോലും വെടിവെച്ചു കൊല്ലുന്നു. ഇപ്പോൾ പൗരത്വ ഭേദഗതി നിയമത്തിലൂടെ മതേതര ഇന്ത്യയെ കശാപ്പുചെയ്യുകയാണ്. അതിനു നേതൃത്വം വഹിക്കുന്നത് രാജ്യം ഭരിക്കുന്ന കക്ഷി തന്നെയാണ്. ആ കക്ഷിയെ നിയന്ത്രിക്കുന്നത് ഫാസിസ്റ്റു സ്വഭാവമുള്ള ആർ എസ് എസാണ്.  

മതത്തെ അടിസ്ഥാനമാക്കി പൗരത്വം നൽകുന്ന ഭരണഘടനാവിരുദ്ധമായ   നിയമമാണ് പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ ബലത്തിൽ എൻ ഡി എ സർക്കാർ കൊണ്ടുവന്നത്. ഇതിന്റെ തുടർച്ചയായി ദേശീയ പൗരത്വ രജിസ്റ്റർ കൊണ്ടുവരുന്നു. വലിയ ആശങ്കയാണ് ഈ നിയമം ജനങ്ങളിൽ സൃഷ്ടിക്കുന്നത്. അതിന്റെ പ്രതിഫലനമാണ് വൈകാരികമായ പ്രതിഷേധപ്രകടനങ്ങൾ. ഇത്തരം ഒരു കരിനിയമം ജനാധിപത്യത്തിഒൽ വിശ്വസിക്കുന്ന ആർക്കും അംഗീകരിക്കാനാവില്ല. കേരളത്തിൽ ഒറ്റക്കെട്ടായ പ്രതിരോധം ഉയരുന്നതിന്റെ പശ്ചാത്തലം ഇതാണ്. സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ നേതൃത്വവും സമൂഹത്തിലെ പ്രമുഖ വ്യക്തികളും സംഘടനകളും ഒത്തൊരുമിച്ചു പ്രതിഷേധമായി രംഗത്തിറങ്ങുകയാണ്. അതിന്റെ തുടക്കം എന്ന നിലയിൽ തിങ്കളാഴ്ച രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ സത്യഗ്രഹ സമരം നടക്കും. ഈ സത്യഗ്രഹം നാടിന്റെ നിലനിൽപ്പിനു വേണ്ടിയുള്ളതാണ്.   

പൗരത്വ  ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടതോടെ രാജ്യത്തു പൊടുന്നനെ അശാന്തി പടർന്നു.  സാമ്പത്തികമാന്ദ്യം, തൊഴിലില്ലായ്മ, വിദ്യാഭ്യാസ വിഹിതം വെട്ടിക്കുറയ്ക്കല്‍, തൊഴിലാളിവിരുദ്ധ തൊഴില്‍ നിയമഭേദഗതി, പട്ടിണി, വിലക്കയറ്റം തുടങ്ങിയ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന്  ജനശ്രദ്ധ  വർഗീയമായ വേർതിരിവുകൾ സൃഷ്ടിക്കപ്പെടുന്നതിലേക്കു മാറിയിരിക്കുന്നു. എല്ലാ എതിർപ്പുകളെയും അവഗണിച്ചു ബിജെപി സർക്കാർ  പൗരത്വ ഭേദഗതി നിയമം പാസാക്കിയതോടെ രാജ്യത്ത് ഗുരുതരമായ സ്ഥിതിയാണുണ്ടായത്. "ഭരണഘടന അനുശാസിച്ചിരുന്ന സമത്വമെന്ന ആശയം ദുര്‍ബലപ്പെടുന്നതാണ്" ഈ നിയമം എന്ന് ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതി വിലയിരുത്തുന്നു. പൗരത്വം ആഗ്രഹിക്കുന്ന ആളുകളില്‍ വിവേചനപരമായ സ്വാധീനം ചെലുത്തുമെന്നതാണ് പൗരത്വ നിയമത്തിലെ ഭേദഗതി എന്നാണു  യുഎന്‍ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാച്ചലെറ്റിന്‍റെ വക്താവ് ജെറമി ലോറന്‍സ് അഭിപ്രായപ്പെട്ടത്. 

രാജ്യത്തിന്റെ പലഭാഗത്തും പ്രക്ഷോഭം തുടരുന്നു.  ഇന്ത്യയിലെ മുസ്ലിങ്ങളുടെ എണ്ണം ഇരുപതു കോടിയിലേറെയാണ്.   വിദ്യാഭ്യാസ കാര്യത്തില്‍, സര്‍ക്കാര്‍ സര്‍വീസ് പ്രവേശന കാര്യത്തില്‍, സാമ്പത്തിക ജീവിതകാര്യത്തില്‍ ഒക്കെ ദയനീയമായി പിന്നോക്കം നിൽക്കുന്ന മുസ്ലിം അവസ്ഥയെ  സച്ചാറിന്റേതടക്കമുള്ള റിപ്പോര്‍ട്ടുകള്‍ വരച്ചു കാട്ടുന്നുണ്ട്. ആ പിന്നോക്കാവസ്ഥയും ദയനീയാവസ്ഥയും പരിഹരിക്കാന്‍, ഇടപെടുന്നതിന് പകരമാണ്  മതത്തിന്റെ പേരില്‍ കൂടുതല്‍ വിവേചനം കാട്ടാനുള്ള ആക്രമണങ്ങള്‍ക്കു തുടക്കം കുറിച്ചിട്ടുള്ളത്.

പൗരത്വ ബില്ലിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ ബിജെപിയുടെ സഖ്യകക്ഷികള്‍ പോലും എതിര്‍ത്തതാണ്. ആ എതിർപ്പ് തങ്ങളുടെ ലക്ഷ്യത്തെ ബാധിക്കും എന്ന് ബിജെപി നേതൃത്വം മനസ്സിലാക്കിയത് കൊണ്ടാണ്   കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിൽ  ബിൽ പാസാക്കാൻ കഴിയാതിരുന്നത്.  അതേ ബില്‍ വീണ്ടും കൊണ്ടുവന്നു പാസാക്കിയിരിക്കുന്നു.  

ഒരു നീതീകരണവും ഇല്ലാത്ത വിവേചനമാണ് അരങ്ങേറുന്നത്. മൂന്നു  അയല്‍ രാജ്യങ്ങളിലെ ഹിന്ദു, പാര്‍സി, ജൈന, ക്രിസ്ത്യന്‍, സിഖ് വിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമ്പോള്‍ തന്നെയാണ് മുസ്ലിങ്ങളെ ഒഴിവാക്കി നിര്‍ത്തുന്നത്. വര്‍ഗീയമായ ഇരട്ടത്താപ്പ് എന്നല്ലാതെ മറ്റൊരു വിശേഷണവും ഇതിനില്ല. ഇന്ത്യന്‍ ഭരണഘടനക്കു മുതല്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ചാര്‍ട്ടറിനു വരെ വിരുദ്ധമാണ്  സാമാന്യനീതിക്കു നിരക്കാത്ത ഈ ബില്‍. അവസര സമത്വം, തുല്യനീതി എന്നതൊന്നും വെറും വാക്കുകളല്ല. ആ മൂല്യങ്ങൾ തകർന്നാൽ എങ്ങനെയാണ് ഇന്ത്യയ്ക്ക് മതേതര- ജനാധിപത്യ രാഷ്ട്രമായി നിൽക്കാൻ കഴിയുക?   
ഭരണഘടനയെ അട്ടിമറിക്കുകയാണ്. ഭരണഘടനയിലെ പൗരത്വസങ്കല്‍പമാണു ഏകപക്ഷീയമായി മാറ്റിമറിച്ചത്. ജാതി, മതം, വര്‍ഗം, ലിംഗം, ജനനസ്ഥലം എന്നിവ മുന്‍നിര്‍ത്തി വിവേചനം പാടില്ല എന്നതാന്  ഭരണഘടനാ തത്വം.  നിയമനിര്‍മാണം നടത്താന്‍ പാര്‍ലമെന്റിന് അവകാശമുണ്ടെങ്കിലും പൗരത്വ ഭേദഗതി നിയമം മൗലികാവകാശങ്ങൾ ധ്വംസിക്കുന്നതാണ്.  ഭരണഘടനാ വിരുദ്ധമായ നിയമം നിലനില്പില്ലാത്താണ്. 
2024ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പ് പൗരത്വ പട്ടിക പുതുക്കുകയാണ് ബില്ലിന്റെ ഒരു രാഷ്ട്രീയ ഉദ്ദേശം. അത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏറെക്കുറെ പരസ്യമായി സൂചിപ്പിക്കുന്നുണ്ട്. രാജ്യത്തു   ന്യൂനപക്ഷജനവിഭാഗങ്ങളുടെ സാന്നധ്യം  കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയുള്ളതാണ് ഈ നീക്കങ്ങളാകെ. ഈ നിയമത്തിന്റെ പ്രത്യാഘാതം ചെറുതാകില്ല. ശ്രീലങ്കയിലെ തമിഴ് വംശജരെയും  മ്യാന്‍മറിലെ റോഹിങ്ക്യകളെയും പോലെ വലിയ ജനവിഭാഗത്തെ രാജ്യമില്ലാത്തവരാക്കി മാറ്റുന്നതാണ് അത്. മതനിരപേക്ഷമായ ഒരു രാജ്യത്ത് പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നുവെന്നത് ഉല്‍ക്കണ്ഠാജനകമാണ്.  ആ ഉത്കണ്ഠയാണ് തിങ്കളാഴ്ചത്തെ സത്യാഗ്രഹത്തിലൂടെ കേരളം ലോകത്തോട് പങ്കുവയ്ക്കുന്നത്. 

സാമാന്യ ജനതയുടെ ജീവല്‍പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനായി വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന തന്ത്രം സംഘപരിവാര്‍ പഠിച്ചത് അവരുടെ രാഷ്ട്രീയ യജമാനന്മാരില്‍ നിന്നാണ്. സ്വാതന്ത്ര്യസമര കാലത്ത് അന്നത്തെ സംഘനേതൃത്വം  ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പാദസേവകരായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമ്പാദനത്തിലോ ഭരണഘടനയുടെ നിർമ്മിതിയിലോ യാതൊരു പങ്കും വഹിക്കാത്തവരാണ് ആർഎസ്എസ്. ബ്രിട്ടീഷ് സാമ്രാജ്യത്വം  ഭിന്നിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളതും വര്‍ഗീയ വിദ്വേഷം പടര്‍ത്തിയിട്ടുള്ളതുമൊക്കെ   രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുകയും അവയ്‌ക്കെതിരായ ജനകീയ മുന്നേറ്റങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്ത ഘട്ടങ്ങളിലാണ്.

ഹിറ്റ്‌ലറെയും മുസ്സോളിനിയെയും പോലുള്ള ഫാസിസ്റ്റുകളാണ് സംഘപരിവാറിന്റെ കാണപ്പെട്ട ദൈവങ്ങള്‍.  ആര്യന്മാരാണ് ഏറ്റവും ഉയര്‍ന്ന വംശം എന്ന ഹിറ്റ്‌ലറുടെ ആശയമാണ് സംഘപരിവാറിന്റെ ആശയ അടിത്തറ. രാജ്യത്തുണ്ടായ  സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയാതെ നിന്ന ഘട്ടങ്ങളിലെല്ലാം   വംശീയ വിദ്വേഷം  പടർത്തിയും ജനവിഭാഗങ്ങളെ അടിച്ചമർത്തിയും രംഗത്തിറങ്ങിയ ഫാസിസ്റ്റു പാരമ്പര്യം തുടരാൻ ശ്രമിക്കുന്ന സംഘപരിവാറിന്റെ വിനാശ അജണ്ടയ്ക്കെതിരായ കേരളത്തിന്റെ ഉറച്ച ശബ്ദം കൂടിയാണ് തിങ്കളാഴ്ച രക്തസാക്ഷയി മണ്ഡപത്തെ  സാക്ഷി നിർത്തി ഉയരുക.

Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !