സംസ്ഥാനസർക്കാരിനുവേണ്ടി ഇൻഫർമേഷൻ - പബ്ലിൿ റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ചുവരുന്ന ‘സർക്കാർ ധനസഹായപദ്ധതികൾ’ എന്ന പുസ്തകത്തിന്റെ പുതിയവിവരങ്ങൾ ചേർത്തു പരിഷ്ക്കരിച്ച പതിപ്പിന്റെ വിതരണം ആരംഭിച്ചു. വിവിധവിഭാഗം ജനങ്ങൾക്കു സർക്കാർ നല്കുന്ന ധനസഹായങ്ങളുടെ വിശദാംശങ്ങളാണു പുസ്തകത്തിന്റെ ഉള്ളടക്കം. ജില്ലാ ഇൻഫർമേഷൻ ഓഫീസുകൾ വഴിയാണു വിതരണം.
വിതരണോദ്ഘാടനം സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരം മേയർ കെ. ശ്രീകുമാറിനു പുസ്തകം കൈമാറി നിർവ്വഹിച്ചു. പുസ്തകത്തിന്റെ പുറംചട്ടയ്ക്കു ചിത്രങ്ങൾ വരച്ച ഭിന്നശേഷികളുള്ള വിദ്യാർത്ഥിനി നൂർ ജലീലയ്ക്കു മന്ത്രി ഉപഹാരവും സമ്മാനിച്ചു, തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ പാളയം രാജൻ, ഐറ്റി മിഷൻ ഡയറക്റ്റർ ഡോ: എസ്. ചിത്ര, ഐപിആർഡി ഡയറക്റ്റർ യു.വി. ജോസ്, അഡീഷണൽ ഡയറക്റ്റർ എൻ. സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
പ്രത്യേകസാങ്കേതികവിദ്യകൾ ഉപയോഗിച്ചാണു പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. അക്കാദമിൿ ഗ്രന്ഥങ്ങളുടെയും ജേർണലുകളുടെയും രൂപകല്പനയ്ക്ക് ഉപയോഗിക്കുന്ന ടെക് (TEX) എന്ന സോഫ്റ്റ്വെയറിലാണു പുസ്തകം തയ്യാറാക്കിയത്. റഫറൻസ് പുസ്തകത്തിന് ഉണ്ടാകേണ്ടതരം ഘടനാപരമായ തികവ് ഇതിന്റെ ഉപയോഗക്ഷമതയും ഉപഭോക്തൃസൗഹൃദത്വവും വർദ്ധിപ്പിക്കുന്നു.
സഹായങ്ങൾ നല്കുന്ന വകുപ്പുകൾ പ്രത്യേകം അദ്ധ്യായങ്ങളായി അകാരാദിക്രമത്തിൽ ക്രമീകരിച്ചിരിക്കുന്നു. ഓരോ അദ്ധ്യായത്തിലും വരുന്ന പദ്ധതികളുടെ പേരുകൾ പേജ് നമ്പർ സഹിതം ഉള്ളടക്കത്തിൽ നല്കിയിട്ടുണ്ട്. ഏതാണ്ടെല്ലാ പദ്ധതിയുടെയും പേരും ലഭിക്കുന്ന സഹായവും അപേക്ഷിക്കേണ്ടവിധവും വിലാസവുമെല്ലാം നിശ്ചിതമാതൃകയിൽ ക്രോഡീകരിച്ചത് പുസ്തകം ഉപയോഗിക്കുന്നവർക്കു സൗകര്യപ്രദമാണ്.
പെൻഷനുകൾ, സ്വയംതൊഴിൽ പദ്ധതികൾ, വിവിധസഹായങ്ങൾ തുടങ്ങിയ സമാനസ്വഭാവമുള്ള പദ്ധതികൾ പല വിഭാഗങ്ങൾക്കുവേണ്ടി പല വകുപ്പുകളും നടത്തുന്നുണ്ട്. ഇവ അതതു വകുപ്പിന്റെ അദ്ധ്യായത്തിൽ ആയതിനാൽ പല ഭാഗത്തായി ചിതറിക്കിടപ്പാണ്. ആ പ്രശ്നം പരിഹരിക്കാൻ സാങ്കേതികവിദ്യയിലൂടെ തയ്യാറാക്കിയ 33 പേജുള്ള സമഗ്രമായ പദസൂചികയാണ് പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഈ സൂചികയിൽ അക്ഷരക്രമത്തിൽ മുഴുവൻ പദ്ധതികളുടെയും പേര് പേജ് നമ്പർ സഹിതം നല്കിയിരിക്കുന്നു. ഇതിൽത്തന്നെ വിദ്യാഭ്യാസപദ്ധതി, ആരോഗ്യപദ്ധതി, ധനസഹായം, ക്ഷേമനിധികൾ എന്നിങ്ങനെ ഉപസൂചികകളും ചേർത്തിരിക്കുന്നു. ഉള്ളടക്കത്തിലെ ഭാഷ ലിംഗനിരപേക്ഷ(gender neutral)വും ജനാധിപത്യപൂർണ്ണവും ആക്കാനും ശ്രദ്ധിച്ചിട്ടുണ്ട്.
ഈ പുസ്തകം ഇന്ററാക്റ്റീവ് പിഡിഎഫ്, ഹൈപ്പർ ടെൿസ്റ്റ് ലിങ്കോടുകൂടിയ ഇ-ബുക്ക്, എക്സ്.എം.എൽ., എച്ഛ്.റ്റി.എം.എൽ., ചെറിയ ഫയൽ രൂപമായ ദേയ്സാ വൂ (DjVu) എന്നിങ്ങനെ ഇന്നുള്ള എല്ലാ ഇലക്റ്റ്രോണിക് രൂപങ്ങളിലും പ്രസിദ്ധീകരിക്കുകയാണ്. കൂടാതെ സ്മാർട്ട് ഫോണുകളുടെ സ്ക്രീൻ വലിപ്പത്തിലുള്ള പിഡിഎഫ് പതിപ്പുകളും പ്രസിദ്ധീകരിക്കും. ഇവ പബ്ലിൿറിലേഷൻസ് വകുപ്പിന്റെ www.prd.kerala.gov.in എന്ന വെബ്സൈറ്റിൽ ഹോം പേജിൽത്തന്നെ ലഭ്യമാക്കും. അതിൽനിന്നു ഡൗൺലോഡ് ചെയ്യ്ത് ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാം.
ഇ-ബുക്ക്, ഇന്ററാക്റ്റീവ് പിഡിഎഫുകൾ എന്നിവയിൽ ഉള്ളടക്കത്താളിലും പദസൂചികയിലുംനിന്ന് ഒറ്റ ക്ലിക്കിൽ അതതുപദ്ധതി സംബന്ധിച്ച താളിലേക്കു പോകാം. പദ്ധതിയുടെ പേരും മറ്റും ടൈപ്പ് ചെയ്തു സേർച്ച് ചെയ്യാനും സൗകര്യവുമുണ്ട്. ഇ-ബുക്കിൽ പുസ്തകത്തിലെന്നപോലെ അടയാളപ്പെടുത്താനും ഹൈലൈറ്റ് ചെയ്യാനും വിവരങ്ങൾ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്ത് ഉപയോഗിക്കാനും മറ്റുള്ളവർക്ക് അയയ്ക്കാനും ഒക്കെ കഴിയും.
ഇലക്റ്റ്രോണിൿ പ്രസിദ്ധീകരണത്തിൽ വിവിധ പദ്ധതികളുടെ അപേക്ഷാഫോമിന്റെ ലിങ്കുകൾ ചേർത്തിട്ടുണ്ട്. അവയിൽ ക്ലിൿ ചെയ്താൽ ആ ഫോം കാണാം. ആ ഫോം ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുത്തു പൂരിപ്പിച്ച് അപേക്ഷ അയയ്ക്കാം. ചില ലിങ്കുകളിൽ ഓൺലൈനായി അപേക്ഷ അയയ്ക്കാനുള്ള സൗകര്യവുമുണ്ട്. ഈ പുസ്തകം യൂണിക്കോഡിൽ തയ്യാറാക്കിയതിനാൽ, കാഴ്ചയ്ക്കു തകരാറുള്ളവർക്ക് പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ച് ശബ്ദമാക്കിമാറ്റി കേൾക്കാനും ശ്രവണവൈകല്യമുള്ളവർക്ക് ബ്രയിൽ ആക്കി മാറ്റാനും കഴിയും. വെബ്സിറ്റിൽ പ്രസിദ്ധീകരിക്കുന്ന ഇലക്റ്റ്രോണിൿ പതിപ്പുകൾ കാലാകാലം പരിഷ്ക്കരിക്കാനും അവസരമുണ്ട്.
മറ്റൊരു പ്രധാനകാര്യം, സ്വതന്ത്രപകർപ്പവകാശനിയമമായ ക്രിയേറ്റീവ് കോമൺസ് ലൈസൻസ് പ്രകാരമാണ് ഈ പുസ്തകവും ഇലക്റ്റ്രോണിൿ പതിപ്പുകളും പ്രസിദ്ധീകരിക്കുന്നത് എന്നതാണ്. അതിനാൽ, ആർക്കും ഇതിലെ വിവരങ്ങൾ പകർത്തി പുനരുപയോഗിക്കുകയും വ്യവസ്ഥകൾ പാലിച്ചു പ്രസിദ്ധപ്പെടുത്തുകയുമൊക്കെ ആകാം. സർക്കാർവിവരങ്ങൾ സ്വതന്ത്രലൈസൻസിൽ പൊതുസമൂഹത്തിനു ലഭ്യമാക്കണമെന്നത് ഏറെക്കാലമായി വൈജ്ഞാനിക, വിവരപരിപാലന, ഐറ്റി രംഗങ്ങളിലൊക്കെ പ്രവർത്തിക്കുന്നവർ ആവശ്യപ്പെട്ടുവരികയായിരുന്നു.
രൂപകല്പനയും ചിത്രങ്ങളും ഒരുക്കിയത് ഭിന്നശേഷിക്കാർ
ഭിന്നശേഷികൾ ഉള്ളവരാണ് പുസ്തകത്തിന്റെ ലേഔട്ടും പുറംചട്ടയ്ക്കുള്ള ചിത്രങ്ങളും തയ്യാറാക്കിയത്. ഇരുകൈപ്പത്തികളും കാലുകളും ഇല്ലാഞ്ഞിട്ടും ചിത്രം വരയ്ക്കുകയും വയലിൻ വായിക്കുകയും കൃത്രിമക്കാലിൽ നടക്കുകയുമൊക്കെ ചെയ്യുന്ന കോളെജ് വിദ്യാർത്ഥിനിയായ നൂർ ജലീലയുടെ പെയിന്റിങ്ങുകൾ ഉൾക്കൊള്ളുന്നതാണു പുറംചട്ട. പാലിയേറ്റീവ് കെയർ രംഗത്തെ സന്നദ്ധപ്രവർത്തകകൂടിയായ നൂർ ജലീല ഭിന്നശേഷിക്കാരും ശാരീരികവെല്ലുവിളികൾ നേരിടുന്നവരുമായ സമൂഹത്തിനു പ്രചോദനം പകരുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകത്തിനായി ചിത്രങ്ങൾ സമ്മാനിച്ചത്.
ടെൿ (TEX) എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ചു പുസ്തകം സൗജന്യമായി രൂപകല്പനചെയ്യുകയും വിവിധ ഇലൿട്രോണിൿ രൂപങ്ങൾ തയ്യാറാക്കുകയും ചെയ്തത് പ്രവചിക്കപ്പെട്ട മരണത്തെ അതിജീവിക്കുന്ന സാങ്കേതികവിദഗ്ദ്ധൻ സി.വി. രാധാകൃഷ്ണനാണ്. സ്റ്റീഫൻ ഹോക്കിങ്ങിനു ബാധിച്ച പെരനിയൽ മസ്കുലാർ ഡിസ്റ്റ്രോഫി (Peroneal Muscular Dystrophy) എന്ന മോട്ടോർ ന്യൂറോൺ ഡിസീസ് ബാധിച്ചു സഞ്ചാരശേഷി നഷ്ടമായ ഇദ്ദേഹം സായാഹ്ന ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയുടെ സ്ഥാപകനും റിവർ വാലി ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ ഉടമയുമാണ്. സന്നദ്ധസേവനമായാണ് ഇദ്ദേഹം അതു ചെയ്തത്.
ലിങ്ക്: www.prd.kerala.gov.in
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.



