ഒരു വർഷത്തിനിടെ ബിജെപിക്ക് നഷ്ടപ്പെടുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് ജാർഖണ്ഡ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, മഹാരാഷ്ട്ര എന്നിവക്ക് പിന്നാലെയാണ് ജാർഖണ്ഡിലെ തോൽവിയും ബിജെപിക്ക് ആഘാതമായിരിക്കുന്നത്. ഹരിയാനയിൽ തോൽവി ഏറ്റെങ്കിലും ദുഷ്യന്ത് ചൗട്ടാലയുടെ സഹായത്താൽ ഭരണം നിലനിർത്താൻ സാധിച്ചു.
ഒന്നാം മോദി സർക്കാരിനെ അപേക്ഷിച്ച് സംഘ്പരിവാർ നയം നടപ്പാക്കുന്ന രണ്ടാം മോദി സർക്കാരിന് കീഴിൽ കനത്ത പരാജയമാണ് ബിജെപി നേരിടുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് ആളിപ്പടരുകയാണ്. സമീപ കാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിലെ തോൽവി കൂടിയാകുമ്പോൾ ആഘാതം ഇരട്ടിയാകുന്നു. കർണാടക ഉപതെരഞ്ഞെടുപ്പിലെ വിജയം മാത്രമാണ് ബിജെപിക്ക് ആശ്വസിക്കാൻ വക നൽകിയത്.
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും അയോധ്യ രാമക്ഷേത്ര നിർമാണവുമൊക്കെ നിരത്തിയാണ് അമിത് ഷാ ജാർഖണ്ഡിലെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. നാല് മാസത്തിനുള്ളിൽ അംബരചുംബിയായ ക്ഷേത്രം അയോധ്യയിൽ ഉയരുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചതും ജാർഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്താണ്. എന്നാൽ കടുത്ത ഹിന്ദുത്വ വികാരം ആളിക്കത്തിക്കാനുള്ള നീക്കത്തോട് ജനങ്ങൾ മുഖം തിരിച്ചുവെന്ന തിരിച്ചറിവ് ബിജെപിയെ അസ്വസ്ഥമാക്കുന്നുണ്ട്.
ഡൽഹിയിലും ബിഹാറിലുമാണ് ഇനി തെരഞ്ഞെടുപ്പുകൾ വരാനുള്ളത്. ഡൽഹിയിലാണെങ്കിൽ പൗരത്വ ഭേദഗതി പ്രതിഷേധങ്ങൾ രൂക്ഷമായ സാഹചര്യമാണ്. ഭരണത്തിലിരിക്കുന്ന ആം ആദ്മി പാർട്ടി തങ്ങളുടെ പ്രചാരണ പരിപാടികൾ നിലവിൽ തന്നെ ആരംഭിച്ചു കഴിഞ്ഞു. ബിഹാറിലാകട്ടെ എൻ ആർ സി നടപ്പാക്കില്ലെന്ന നിതീഷ്‌കുമാറിന്റെ പ്രസ്താവനയും ബിജെപിയെ വെട്ടിലാക്കുകയാണ്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !