മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ( 15-01-2020 )

0


ഡിജിറ്റല്‍ സര്‍വ്വകലാശാല സ്ഥാപിക്കാന്‍ ഓര്‍ഡിനന്‍സ്

തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍റ് മാനേജ്മെന്‍റ് - കേരളയെ (ഐ.ഐ.ഐ.ടി.എം.കെ) ഡിജിറ്റല്‍ സര്‍വ്വകലാശാലയായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുവേണ്ടി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും നിശ്ചയിച്ചു. 'ദി കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നവേഷന്‍ ആന്‍റ് ടെക്നോളജി' എന്ന പേരിലായിരിക്കും പുതിയ സര്‍വ്വകലാശാല.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വ്യവസായവും ഡിജിറ്റല്‍ സാങ്കേതികവിദ്യയും വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികളുടെ തുടര്‍ച്ചയാണ് ഡിജിറ്റല്‍ സര്‍വ്വകലാശാലയുടെ രൂപീകരണം.  ഡിജിറ്റല്‍ ടെക്നോളജി എന്ന വിശാല മണ്ഡലത്തില്‍ നൂതന ഗവേഷണവും സംരംഭകത്വവും വളര്‍ത്തുന്നതിനും വ്യവസായ-വിദ്യാഭ്യാസ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഉദ്ദേശിച്ചാണ് സര്‍വ്വകലാശാല രൂപീകരിക്കുന്നത്. ഗുണനിലവാരമുള്ള മാനവശക്തി വികസിപ്പിക്കാന്‍ ഇത് പ്രയോജനപ്പെടും.

ഡിജിറ്റല്‍ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഡാറ്റാ അനലിറ്റിക്സ്, ബ്ലോക്ക് ചെയിന്‍, കോഗ് നിറ്റീവ് സയന്‍സ്, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, ഓഗ് മെൻഡഡ് റിയാലിറ്റി തുടങ്ങിയ മേഖലകള്‍ക്ക് ഡിജിറ്റല്‍ സര്‍വ്വകലാശാല ഊന്നല്‍ നല്‍കും. ഡിജിറ്റല്‍ മേഖലയില്‍ ഉയര്‍ന്ന നിലവാരമുള്ള മാനവ ശക്തിയുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സര്‍വ്വകലാശാലയ്ക്കു കീഴില്‍ അഞ്ച് സ്കൂളുകള്‍ സ്ഥാപിക്കും. സ്കൂള്‍ ഓഫ് കമ്പ്യൂട്ടിംഗ്, സ്കൂള്‍ ഓഫ് ഇലക്ട്രോണിക്സ് ഡിസൈന്‍ ആന്‍റ് ഓട്ടോമേഷന്‍, സ്കൂള്‍ ഓഫ് ഇന്‍ഫര്‍മാറ്റിക്സ്, സ്കൂള്‍ ഓഫ് ഡിജിറ്റല്‍ ബയോ സയന്‍സ്, സ്കൂള്‍ ഓഫ് ഡിജിറ്റല്‍ ഹ്യൂമാനിറ്റീസ് എന്നിവയാണ് അഞ്ച് സ്കൂളുകള്‍.

ഡിജിറ്റല്‍ സാങ്കേതികവിദ്യാ മേഖലകളുടെ ഗവേഷണത്തിലും ബിരുദാന്തര ബിരുദ വിദ്യാഭ്യാസത്തിലുമായിരിക്കും നിര്‍ദിഷ്ട സര്‍വ്വകലാശാല ശ്രദ്ധ കേന്ദ്രീകരിക്കുക. നിലവില്‍ ഗവേഷണ കേന്ദ്രങ്ങളില്ലാത്ത കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ സര്‍വ്വകലാശാല മുതല്‍ക്കൂട്ടായിരിക്കും.

വിദ്യാഭ്യാസം, ഗവേഷണം എന്നിവയില്‍ മികവ് പുലര്‍ത്തുന്നതിന് വ്യവസായങ്ങളുമായുള്ള ബന്ധവും സഹകരണവും ശക്തമാക്കാനും അക്കാദമിക് രംഗത്ത് അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി സഹകരിക്കാനും പുതിയ സര്‍വ്വകലാശാല ലക്ഷ്യം വെയ്ക്കുന്നു.

വ്യവസായ ഇടനാഴിക്ക് ഭൂമി ഏറ്റെടുക്കുന്നു

കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടുന്നതിന്‍റെ ഭാഗമായി പാലക്കാട് സ്ഥാപിക്കുന്ന ഏകീകൃത ഉല്‍പാദന ക്ലസ്റ്ററിന്‍റെ വികസനത്തിന് 1351 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. കിഫ്ബി സഹായത്തോടെയാണ് ഭൂമി ഏറ്റെടുക്കുക. 1038 കോടി രൂപയാണ് ചെലവ്.

വ്യവസായ ഇടനാഴി കൊച്ചിയിലേക്ക് നീട്ടുന്നതിനുള്ള കേരളത്തിന്‍റെ അപേക്ഷ നാഷണല്‍ ഇന്‍റസ്ട്രീയല്‍ കോറിഡോര്‍ ഡവലപ്പ്മെന്‍റ് ഇംപ്ലിമെന്‍റേഷന്‍ ട്രസ്റ്റ് അംഗീകരിച്ചിട്ടുണ്ട്. 160 കിലോമീറ്ററാണ് ഇടനാഴിയുടെ നീളം. പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങള്‍ സ്ഥാപിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പുതുശ്ശേരി, ഒഴലപ്പതി ഭാഗങ്ങളിലാണ് ഭൂമി ഏറ്റെടുക്കുന്നത്.

തസ്തികകള്‍

പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര ശ്രീശങ്കര വിദ്യാപീഠം കോളേജില്‍ രസതന്ത്ര വിഭാഗത്തില്‍ 3 അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്കൂളില്‍ പുതിയ ഒരു ഡിവിഷന്‍ ആരംഭിക്കുന്നതിന് രണ്ട് യു.പി.എസ്.എ തസ്തികയും ഒരു പാര്‍ടൈം ഹിന്ദി അധ്യാപക തസ്തികയും സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

തീപ്പിടിത്തം: വീടു നശിച്ചാല്‍ നാലു ലക്ഷം രൂപ

തീപ്പിടിത്തത്തില്‍ വീടുകള്‍ക്ക് കാര്യമായ നഷ്ടം സംഭവിച്ചാല്‍ പരമാവധി ഒരു ലക്ഷം രൂപയും വീട് പൂര്‍ണ്ണമായി കത്തിനശിച്ചാന്‍ നാലു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം നല്‍കാന്‍ തീരുമാനിച്ചു. 75 ശതമാനത്തിലധികം നഷ്ടം സംഭവിക്കുന്ന വീടുകളെ പൂര്‍ണ്ണമായി കത്തിനശിച്ചതായി കണക്കാക്കി നാലു ലക്ഷം രൂപ നല്‍കും.

കടല്‍ക്ഷോഭത്തില്‍ വള്ളമോ ബോട്ടോ പൂര്‍ണ്ണമായി നഷ്ടപ്പെടുന്നവര്‍ക്ക് പരമാവധി രണ്ടു ലക്ഷം രൂപയും വലയോ കട്ടമരമോ പൂര്‍ണ്ണമായി നഷ്ടപ്പെടുന്നവര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കും. ഇവ ഭാഗികമായി നഷ്ടപ്പെടുന്നവര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപയും നല്‍കാന്‍ തീരുമാനിച്ചു.

മാറ്റങ്ങള്‍

ലേബര്‍ കമ്മീഷണറായി പ്രണബ് ജ്യോതിനാഥിനെ നിയമിച്ചു. നിലവിലെ ലേബര്‍ കമ്മീഷണര്‍ സി.വി. സജനെ തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിച്ചു.

കോട്ടയത്ത് സ്ഥിതി ചെയ്യുന്ന കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രത്തിന്‍റെ നിയന്ത്രണാധികാരം പരിസ്ഥിതി വകുപ്പില്‍ നിന്നും മാറ്റി ശാസ്ത്ര സാങ്കേതിക വകുപ്പിനു നല്‍കാന്‍ തീരുമാനിച്ചു.

റിപ്പബ്ലിക് ദിനാഘോഷം

റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാവിഭാഗങ്ങള്‍ നടത്തുന്ന പരേഡുകളില്‍ തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിവാദ്യം സ്വീകരിക്കും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.

ജില്ലാ ആസ്ഥാനങ്ങളില്‍ അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാര്‍;

കൊല്ലം - ജെ. മേഴ്സിക്കുട്ടിയമ്മ
പത്തനംതിട്ട - കടകംപള്ളി സുരേന്ദ്രന്‍
ആലപ്പുഴ - ജി. സുധാകരന്‍
കോട്ടയം - കെ. കൃഷ്ണന്‍കുട്ടി
ഇടുക്കി - എം.എം. മണി
എറണാകുളം - എ.സി. മൊയ്തീന്‍
തൃശ്ശൂര്‍ - വി.എസ്. സുനില്‍കുമാര്‍
പാലക്കാട് - എ.കെ. ബാലന്‍
മലപ്പുറം - കെ.ടി. ജലീല്‍
കോഴിക്കോട് - ടി.പി. രാമകൃഷ്ണന്‍
വയനാട് - എ.കെ. ശശീന്ദ്രന്‍
കണ്ണൂര്‍ - രാമചന്ദ്രന്‍ കടന്നപ്പള്ളി

കാസര്‍ഗോഡ് - ഇ. ചന്ദ്രശേഖരന്


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !