ന്യൂഡല്‍ഹി: രാജ്യം ആപത്കരമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും, സമാധാനം പുനഃസ്ഥാപിക്കാനുള്ള വഴികള്‍ തേടുകയാണ് ഇപ്പോള്‍ ആവശ്യമെന്നും ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെയുടെ നിര്‍ണായക നിരീക്ഷണം
പൗരത്വ ഭേദഗതി നിയമം 'ഭരണഘടനാപര'മാണെന്ന് വിധിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ നിര്‍ണായക നിരീക്ഷണം.
'രാജ്യം ആപത്കരമായ ഘട്ടത്തിലൂടെയാണു കടന്നു പോകുന്നത്. സമാധാനം പുനഃസ്ഥാപിക്കാനുള്ള വഴികള്‍ തേടുകയാണ് ഇപ്പോള്‍ വേണ്ടത്. ഇത്തരം ഹര്‍ജികള്‍ യാതൊരു തരത്തിലുള്ള ഗുണവും കൊണ്ടുവരില്ല. പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തിനെതിരെ ഇത്തരം ഉത്തരവ് കോടതികള്‍ പുറപ്പെടുവിക്കേണ്ട കാര്യമില്ലെന്ന് നിയമം പഠിക്കുന്നവര്‍ക്ക് മനസ്സിലാകുന്ന കാര്യമാണ്', അഭിഭാഷകന്‍ വിനീത് ദാണ്ഡ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
അതേസമയം, നിയമത്തിനെതിരെ വ്യാപകമായ തോതില്‍ വ്യാജ പ്രചാരണം നടക്കുന്നുവെന്നും പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്നുമായിരുന്നു വിനീത് ദാണ്ഡയുടെ ആവശ്യം. കൂടാതെ, അസത്യം പ്രചരിപ്പിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ മാതൃകപരമായ നടപടി വേണമെന്നും അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.
ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ, ജസ്റ്റിസ് ബി. ആര്‍. ഗവായി, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരായിരുന്നു ബെഞ്ചിലെ അംഗങ്ങള്‍.
എന്നാല്‍, പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള വിവിധ ഹര്‍ജികള്‍ ജനുവരി 23-നാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച ഹൈക്കോടതികളില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നു കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !