ദില്ലി: സ്വര്‍ണം വാങ്ങുന്നതിനും വില്‍ക്കുന്നതിനും ബിഐഎസ് ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ജനുവരി 15 മുതല്‍ ഇനി സ്വര്‍ണം വാങ്ങണമെങ്കില്‍ ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാണ്. മൂന്ന് കാരറ്റുകളില്‍ മാത്രമേ ഇനി സ്വര്‍ണം വില്‍ക്കാന്‍ സാധിക്കൂ. 14, 18, 22 കാരറ്റുകളില്‍ മാത്രമാണ് വില്‍പ്പന സാധ്യമാകുക. അതേസമയം നിയമം ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ വരെ പിഴ ലഭിക്കും. എന്നാല്‍ കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് ഇത് തടവ് ശിക്ഷ വരെ എത്താം.
അതേസമയം ഇത് 2021ല്‍ ശക്തമാക്കി നടപ്പാക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ട്. സ്വര്‍ണത്തിന്റെ ഗുണനിലവാരം അറിയുന്നത് കൂടുതല്‍ സുതാര്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്ത് 892 ഹാള്‍മാര്‍ക്ക് ലാബുകളുണ്ട്. ഇവരോട് നിയമം കര്‍ശനമായി നടപ്പാക്കാന്‍ ആവശ്യപ്പെടുമെന്ന് മന്ത്രി രാംവിലാസ് പാസ്വാന്‍ പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ ഒരു വര്‍ഷം വരെ തടവിനുള്ള വകുപ്പും ഇതിലുണ്ട്.
ഹാള്‍മാര്‍ക്ക് ഒരു ആഭരണത്തിലെ സ്വര്‍ണത്തിന്റെയും മറ്റ് ലോഹത്തിന്റെയും അളവ് തിരിച്ചറിയാനുള്ള മാര്‍ഗമാണ്. ഒരു ജ്വല്ലറിക്ക് ഹാള്‍മാര്‍ക്കിംഗ് ലഭിക്കണമെങ്കില്‍ ഇനി മുതല്‍ സര്‍ക്കാര്‍ ലൈസന്‍സ് നല്‍കേണ്ടതുണ്ട്. നേരത്തെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഹാള്‍മാര്‍ക്ക് നിര്‍ബന്ധമല്ലായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം ഓരോ ജ്വല്ലറിയും ഹാള്‍മാര്‍ക്ക് മാത്രമുള്ള സ്വര്‍ണം വില്‍ക്കേണ്ടി വരും.
അതേസമയം സ്വര്‍ണത്തിലെ ഹാള്‍മാര്‍ക്ക് പരിശോധനത്തിലായി പുതിയ 500 കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ഇന്ത്യയില്‍ 700 പരിശോധനാ കേന്ദ്രങ്ങളുണ്ട്. എന്നാല്‍ ഗ്രാമീണ മേഖലകളില്‍ ഉള്ളവര്‍ക്കെതിരെ നടപടിയൊന്നും നിയമം പാലിച്ചില്ലെങ്കില്‍ ഉണ്ടാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. അവര്‍ ഒരു വര്‍ഷത്തോളം സമയം നല്‍കും. രാജ്യത്തേക്ക് അനധികൃതമായി കടത്തുന്ന സ്വര്‍ണത്തിന്റെ അളവ് ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാക്കുന്നതോടെ കുറയുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !