ഡല്‍ഹി: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ കേള്‍ക്കില്ലെന്ന് ഒന്‍പതംഗ ബഞ്ച്. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ബഞ്ച് മതസ്വാതന്ത്ര്യം സംബന്ധിച്ച് ഉന്നയിച്ച ചോദ്യങ്ങള്‍ മാത്രമാണ് ഈ ബഞ്ച് പരിഗണിക്കുക.
മതാചാരവും ഭരണഘടനാപരവുമായ കാര്യങ്ങള്‍ മാത്രമേ പരിഗണിക്കൂയെന്നു ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ ബഞ്ച് വ്യക്തമാക്കി. യുവതീപ്രശേന വിധിയെ ചോദ്യംചെയ്തുകൊണ്ട് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കവെ അഞ്ചംഗ ബഞ്ച് ഏഴ് ചോദ്യങ്ങളാണ് വിശാല ബഞ്ചിന്റെ പരിഗണനയ്ക്കു വിട്ടത്.
ശബരിമല യുവതീപ്രവേശനത്തിനൊപ്പം മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനം, മതത്തിനു പുറമെയുള്ളവരെ വിവാഹം കഴിച്ച പാഴ്‌സി സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തിനുള്ള അവകാശം, ദാവൂദി ബോറ വിഭാഗത്തിലെ പെണ്‍ ചേലാകര്‍മം എന്നീ ഹര്‍ജികളിലെയും മതസ്വാതന്ത്ര്യം സംബന്ധിച്ച പൊതുവായ കാര്യങ്ങള്‍ വിശാല ബഞ്ചിന് അഞ്ചംഗ ബഞ്ച് വിട്ടിരുന്നു.
ശബരിമലയില്‍ പ്രവേശനത്തിനു സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും സമര്‍പ്പിച്ച ഹര്‍ജികളും പുന:പരിശോധനാ ഹര്‍ജികള്‍ക്കൊപ്പം വീണ്ടും പരിഗണിക്കാന്‍ അഞ്ചംഗ ബഞ്ച് മാറ്റിവച്ചിരുന്നു.
മറ്റു മതങ്ങളിലെ സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം സംബന്ധിച്ച വിഷയങ്ങളും പരിഗണിക്കണമെന്ന ആവശ്യം വിശാല ബഞ്ചിന്റെ മുന്‍പാകെ ഉയര്‍ന്നു. എന്നാല്‍ ശബരിമല പുനഃപരിശോധനാ ഹര്‍ജികളിലാണ് ആദ്യം തീരുമാനമുണ്ടാകേണ്ടതെന്നും കോടതി വ്യക്തമാക്കി.
രാവിലെ 10.30നാണു കേസില്‍ വാദം തുടങ്ങിയത്. കേസില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ വ്യക്തതയില്ലെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. മതത്തില്‍ എന്ത് ചെയ്യണമെന്നോ മതാചാരം എന്താണെന്നോ നിര്‍ദേശിക്കാന്‍ കോടതിയ്ക്ക് അവകാശമില്ലെന്നു മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ പറഞ്ഞു. കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എന്തുകൊണ്ടാണ് ഒന്‍പതംഗ ബെഞ്ച് രൂപീകരിച്ചതെന്നു വ്യക്തമല്ലെന്നു ബിന്ദു അമ്മിണിക്കുവേണ്ടി ഹാജരായ ഇന്ദിരാ ജയ്‌സിങ് പറഞ്ഞു. ശിരൂര്‍ മഠം കേസിലെ വിധി ചോദ്യം ചെയ്യപ്പെടാത്തിടത്തോളം എന്തിനാണു ഒമ്ബതംഗ ബെഞ്ച് രൂപീകരിച്ച് ഹിന്ദുവെന്ന പദം വിശദീകരിക്കാന്‍ ശ്രമിക്കുന്നതെന്ന് അവര്‍ ചോദിച്ചു. വിശാല ഭരണഘടനാ ബഞ്ച് പരിഗണനയ്ക്കുവിട്ട അഞ്ചംഗ ബഞ്ചിന്റെ ചോദ്യങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതാണോയെന്ന് അവര്‍ ചോദിച്ചു. ബഞ്ച് ഇപ്പോള്‍ പരിഗണിക്കുന്നത് അക്കാദമിക് ചോദ്യങ്ങള്‍ മാത്രമാണ്. ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി പറയാന്‍ ഈ ചോദ്യങ്ങളുടെയൊന്നും ആവശ്യമില്ല. ശബരിമല യുവതീപ്രവേശന വിധി തെറ്റാണെന്ന് ആരും വിധിച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഒന്‍പതംഗ ബഞ്ച് പരിഗണിക്കുന്ന വിഷയങ്ങളില്‍ വ്യക്തത വരുത്തുമെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എന്തെല്ലാം കാര്യങ്ങളില്‍ വാദം നടത്തണമെന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കക്ഷികളുടെ യോഗം വിളിക്കും. 17നു സുപ്രീംകോടതി സെക്രട്ടറി ജനറല്‍ യോഗം വിളിക്കും. മുതിര്‍ന്ന അഭിഭാഷകരായ മനു അഭിഷേക് സിങ്‌വി, സിഎസ് വൈദ്യനാഥന്‍, ഇന്ദിരാ ജയ്‌സിങ്, രാജീവ് ധവാന്‍ എന്നിവരെകോടതി ചുമതലപ്പെടുത്തി.
വാദം പെട്ടെന്നു പൂര്‍ത്തിയാക്കാനും വാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുമുള്ള നിര്‍ദേശം ചീഫ് ജസ്റ്റിസ് മുന്നോട്ടുവച്ചു. വാദത്തിനു തയാറെടുക്കാന്‍ കക്ഷികള്‍ക്കു മൂന്നാഴ്ചത്തെ സമയം കോടതി അനുവദിച്ചു. കേസില്‍ പുതുതായി ആരെയും കക്ഷിചേര്‍ക്കില്ലെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതേസമയം, ശബരിമലയെക്കുറിച്ചല്ലാതെ ഭരണഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ ശബരിമല തന്ത്രിക്കും വാദിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !