മലപ്പുറം : തിരൂരില്‍ ഒരു വീട്ടില്‍ ആറ് കുട്ടികള്‍ ഒമ്ബത് വര്‍ഷത്തിനിടെ മരിച്ച സംഭവത്തില്‍ ഏറ്റവുമൊടുവില്‍ മരിച്ച കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്ട്ടം ചെയ്യുമെന്ന് മലപ്പുറം എസ്‍പി. ഇന്ന് പുലര്‍ച്ചെയാണ് ചെമ്ബ്ര തറമ്മല്‍ റഫീഖ് - സബ്‍ന ദമ്ബതികളുടെ 93 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചത്. അതേസമയം, കുട്ടികളുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും മൂന്നാമത്തെ കുഞ്ഞിന്‍റെ പോസ്റ്റ്‍മോര്‍ട്ടം നടത്തിയിരുന്നുവെന്നും പിതൃസഹോദരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Read Also: തിരൂരില്‍ ഒമ്പത് വര്‍ഷത്തിനിടെ ഒരു വീട്ടിലെ ആറ് കുട്ടികള്‍ മരിച്ചു: അസ്വാഭാവിക മരണത്തിന് കേസെടുത്തു
ഇന്ന് പുലര്‍ച്ചെയോടെ മരിച്ച കുഞ്ഞിന്‍റെ സംസ്കാരച്ചടങ്ങുകള്‍ രാവിലെ പത്തരയോടെ തന്നെ ധൃതിപിടിച്ച് നടത്തുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ അയല്‍വാസികളുള്‍പ്പടെ ചിലരാണ് ഇവിടെ കുട്ടികള്‍ തുടര്‍ച്ചയായി മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി പൊലീസിനെ സമീപിക്കുന്നത്. മരിച്ച കുട്ടികളുടെ രക്ഷിതാക്കളിലൊരാളുടെ ബന്ധു തന്നെയാണ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
2010-ലാണ് റഫീഖ് - സബ്‍ന ദമ്ബതികളുടെ വിവാഹം കഴിഞ്ഞത്. 2011 മുതല്‍ 2020 വരെ ഒമ്ബത് വര്‍ഷത്തെ ഇടവേളകളിലാണ് മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും മരിക്കുന്നത്. ആറ് കുട്ടികള്‍ മരിച്ചതില്‍ അഞ്ച് കുട്ടികളും ഒരു വയസ്സിന് താഴെ പ്രായമുള്ളപ്പോഴാണ് മരിക്കുന്നത്. ഒരു പെണ്‍കുട്ടി മാത്രമാണ് നാലര വയസ്സുവരെ ജീവിച്ചിരുന്നത്.
മൂന്ന് മാസം, ആറ് മാസം, എട്ട് മാസം, 60 ദിവസം, ഏറ്റവുമൊടുവിലുള്ള കുഞ്ഞ് 93 ദിവസം എന്നിങ്ങനെ വളരെക്കുറച്ച് ദിവസങ്ങളുടെ ആയുസ്സു മാത്രമാണ് ഇവരുടെ കുഞ്ഞുങ്ങള്‍ക്കുണ്ടായിരുന്നത്. ഏറ്റവുമൊടുവില്‍ മരിച്ച ആണ്‍കുഞ്ഞിനെ തിരൂര്‍ കോരങ്ങത്ത് പള്ളിയിലാണ് മറവ് ചെയ്തിരിക്കുന്നത്.
ബന്ധുക്കളില്‍ ചിലരും അയല്‍വാസികളും മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ചതിനാല്‍, കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുമെന്നും പോസ്റ്റ്‍മോര്‍ട്ടം നടത്തുമെന്നും മലപ്പുറം എസ്‍പി അബ്ദുള്‍ കരീം വ്യക്തമാക്കി.
മരിച്ച കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുക്കുന്നതിനായി തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് സംശയമുയര്‍ന്നതിനാല്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദുരൂഹതയുണ്ടോ എന്ന പ്രാഥമിക പരിശോധന മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. മരിച്ച വീടായതിനാല്‍ അച്ഛനമ്മമാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തില്ല. പിന്നീട് രേഖപ്പെടുത്തണോ എന്ന കാര്യം പരിശോധിക്കും. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടം ചെയ്യും. മറ്റ് കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‍മോര്‍ട്ടം ചെയ്യണോ എന്ന കാര്യം പിന്നീടേ തീരുമാനിക്കൂ.
കിട്ടിയ പരാതിയിലും പ്രാഥമിക വിവരങ്ങളിലും വ്യക്തമായ ചിത്രങ്ങളോ തെളിവുകളോ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ അഭ്യൂഹങ്ങള്‍ പരത്തരുതെന്നും മലപ്പുറം എസ്‍പി ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !