കേ ന്ദ്രം കേരളത്തെ മാതൃകയാക്കാൻ ഒരുങ്ങുകയാണ്, പക്ഷെ നടക്കുവോ..?
നടക്കില്ല, കേരള മോഡൽ ലോകത്ത് വേറെ ഒരിടത്തും നടക്കില്ല. കേരള മോഡലിന്റെ അടിസ്ഥാനം രണ്ടു കാര്യങ്ങളാണ്. അതിലൊന്ന്, നമ്മുടെ ശക്തിയും രണ്ടാമത്തേത് നമ്മുടെ ദൗർബല്യവുമാണ്. വിദ്യാഭ്യാസവും ജാതി വർഗ്ഗീയ ചിന്തകൾക്കുമേലെ മനുഷ്യനെ പരിഗണിക്കാനും ആപൽഘട്ടങ്ങളിൽ സഹായിക്കാനുമുള്ള ഭൂരിപക്ഷം കേരളീയരുടെ കഴിവുമാണ് നമ്മുടെ ശക്തി.
അല്പം വൈകി ബസ്സിൽ വന്നിറങ്ങുന്ന പെൺകുട്ടിയെ കണ്ടാൽ "ഇത് നമ്മുടെ സത്താറിന്റെ മോളല്ലേ, സാധാരണ ആറു മണിക്ക് പോകുന്ന കുട്ടിയാണല്ലോ ഇവളെന്താ ഇത്ര വൈകി വരാൻ...?" എന്ന് ആശങ്കപ്പെടുന്ന, സുരേഷിന്റെ മോൻ ഷിബുവിനെ തിയ്യേറ്ററിൽ വെച്ച് കണ്ടാൽ "നിനക്ക് ക്‌ളാസ്സില്ലെടാ, ഈ സമയത്ത് എന്താ തിയേറ്ററിൽ..?" എന്ന് ഒരു കൂസലുമില്ലാതെ ചോദിക്കുന്ന നമ്മുടെ സ്വഭാവമുണ്ടല്ലോ, ലോകത്തെ മറ്റെല്ലാ മനുഷ്യരും അപരിഷ്കൃതമായമായി കാണുന്ന, അന്യന്റെ കാര്യത്തിൽ തലയിടുന്ന സ്വഭാവം. നമ്മുടെ ആ വീക്നെസ്സാണ് ആപൽഘട്ടങ്ങളിൽ നമ്മുടെ ശക്തി.
നമ്മുടെ നാട്ടിലെയും അടുത്ത നാട്ടിലെയും സകല മനുഷ്യരെയും നമുക്ക് അറിയാം, അവരുടെ വീട്ടിലെ സകല കാര്യങ്ങളും അറിയാം. ഇങ്ങനെ പരസ്പരം തിരിച്ചറിയുന്ന മനുഷ്യർ, പരസ്പരം ഇടപെടാൻ സ്വാതന്ത്ര്യമുള്ള മനുഷ്യർ വേറെ എവിടെയുണ്ട് ..? സാമൂഹ്യ ബന്ധങ്ങളിലും സൗഹൃദങ്ങളിൽ പോലും ജാതിയും മതവും സാമ്പത്തീക സ്ഥിതിയും പരിഗണിക്കപ്പെടുന്ന 'ഇന്ത്യയിൽ' കേരള മോഡൽ സാധ്യമാകുമോ...? ഒരു കെട്ടിടത്തിൽ താമസിക്കുന്ന മനുഷ്യർ പരസ്പരം തിരിച്ചറിയാത്ത പരസ്പരം സംസാരിക്കാത്ത ഇന്ത്യൻ നഗരങ്ങളിൽ കേരള മോഡൽ സാധ്യമാകുമോ...?
പ്രളയമോ കൊറോണയോ ദുരിതം എന്തുമാകട്ടെ, പരസ്പരം കൈകോർത്തു പിടിക്കാനുള്ള, പരസപരം തിരിച്ചറിയാനുള്ള ശേഷിയാണ് കേരളം മോഡലിന്റെ അടിത്തറ.. സർക്കാറുകൾ ഏതായാലും നാം ഇങ്ങനെ തന്നെയായിരിക്കും... നമ്മുടെ ദുരിതാശ്വാസ കേമ്പുകളും കമ്മ്യുണിറ്റി കിച്ചണുകളും വിജയിക്കുന്നത് സേവന സന്നദ്ധരായ മനുഷ്യരുടെ സാനിധ്യം കൊണ്ടാണ്., നമ്മുടെ ആശുപത്രികൾ സേവന സന്നദ്ധമാവുന്നത് നമ്മൾ പരസ്പരം കൈകോർത്തു പിടിക്കുന്നത് കൊണ്ടാണ്, പള്ളികളും ദേവാലയങ്ങളും അശരണർക്ക് മുമ്പിൽ തുറന്നു വെക്കപ്പെടുന്നത് നമ്മൾ മലയാളികൾ ആയതു കൊണ്ടാണ്...
സാങ്കേതീക സൗകര്യങ്ങളൊക്കെ രണ്ടാം സ്ഥാനത്താണ്.
ലോകത്ത് മുമ്പും പ്രളയങ്ങളും ദുരിതങ്ങളും ഉണ്ടായിട്ടുണ്ട്, എവിടെയെങ്കിലും മനുഷ്യർ മലയാളികളെപ്പോലെ പരസ്പരം താങ്ങായി നിന്നിട്ടുണ്ടോ...? ഇല്ല, വേറെ ഒരിടത്തും അത് സാധിക്കില്ല.മലയാളികൾ വേറെ ലെവലാണ്. കേരള മോഡൽ മലയാളിക്ക് മാത്രം സാധ്യമാവുന്നതാണ്, മലയാളിക്ക് മാത്രം ..!
-ആബിദ് അടിവാരം
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !