കരിപ്പൂരില്‍ എയര്‍ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി 35 അടി താഴ്ചയിലേക്ക് പതിച്ച് 18 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ലാന്‍ഡിംഗിലെ പിഴവും മിനുസമേറിയ റണ്‍വേയും പ്രതിക്കൂട്ടില്‍ നില്‍ക്കവെ ആക്ഷേപങ്ങള്‍ തള്ളി കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ രംഗത്ത്. കരിപ്പൂരിലെ റണ്‍വേയ്ക്ക് യാതൊരു കുഴപ്പവും ഇല്ലെന്ന് ഡയറക്ടര്‍ കെ.ശ്രീനിവാസ റാവു ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. അപകടത്തിന്റെ കാരണം അന്വേഷണ റിപ്പോര്‍ട്ട് വരുമ്ബോള്‍ എല്ലാവര്‍ക്കും മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലാന്‍ഡിംഗ് പിഴവിനൊപ്പം റണ്‍വേയുടെ മിനുസമായ പ്രതലവും വെള്ളക്കെട്ടും പിന്നില്‍ നിന്നുള്ള കാറ്റും വിമാനത്താവള അധികൃതരുടെ അലംഭാവവും കരിപ്പൂര്‍ വിമാന ദുരന്തത്തിന് വഴിയൊരുക്കിയതായി എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എ.എ.ഐ.ബി) പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ടച്ച്‌ഡൗണ്‍ സോണ്‍ വിട്ട് വളരെ മുന്നില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിന്, റണ്‍വേയുടെ അമിത മിനുസവും വെള്ളപ്പാളി പ്രതിഭാസവും കാരണം വേഗം കുറയ്‌ക്കാനായില്ല. എന്‍ജിന്റെ ശക്തി എതിര്‍ ദിശയിലാക്കി വേഗത കുറയ്ക്കാനുള്ള റിവേഴ്സ് ത്രസ്റ്റ് വിഫലമായതായും അന്വേഷണത്തില്‍ കണ്ടെത്തി. പൈലറ്റ് ഡി.വി.സാഠേയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും റഡാര്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
വ്യാഴാഴ്ച രാത്രി 7.23 ന് ലാന്‍ഡിംഗിന് ശ്രമിച്ചപ്പോള്‍ വിമാനം 1,983 അടി ഉയരത്തിലായിരുന്നു. വേഗത 156 നോട്ട്സ് (288.91കിലോമീറ്റര്‍). ഉയരവും വേഗതയും കൂടിയതിനാല്‍ ക്യാപ്‌റ്റന്‍ ലാന്‍ഡിംഗ് ഉപേക്ഷിച്ച് വിമാനം 7,175 അടി മുകളിലേക്കുയര്‍ത്തി. പിന്നീട് ആകാശത്ത് വട്ടമിട്ട് പറന്നശേഷം 7.29ന് എതിര്‍വശത്തു നിന്ന് റണ്‍വേ-10ല്‍ ലാന്‍ഡിംഗിന് ശ്രമിച്ചു. അപ്പോള്‍ സമുദ്ര നിരപ്പില്‍ നിന്ന് 925 അടി ഉയരത്തിലായിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 312 അടി ഉയരത്തിലുള്ള റണ്‍വേയില്‍ 600അടി ഉയരത്തില്‍ ലാന്‍ഡിംഗ് ശ്രമം കൃത്യമാണ്. പക്ഷേ, വേഗത വില്ലനായി. വിമാനത്തിന്റെ അപ്പോഴത്തെ വേഗത 176നോട്ട്സ് ( 325.95 കിലോമീറ്റര്‍). 125നോട്ട്സാണ് ( 231.5കിലോമീറ്റര്‍) സുരക്ഷിത വേഗം. റണ്‍വേ10ല്‍ വിമാനത്തിന്റെ പിന്നില്‍ നിന്ന് കാറ്റ് (ടെയില്‍വിന്‍ഡ്) വീശിയിരുന്നു. ഇത് വിമാനത്തെ കൂടുതല്‍ മുന്നിലേക്കു തള്ളി.വെള്ളപ്പാളി കാരണം ബ്രേക്ക് ചെയ്തിട്ടും ടയര്‍ റണ്‍വേയില്‍ ഉറച്ചില്ല. ഓടിനില്‍ക്കാന്‍ റണ്‍വേ തികയാതെയും വന്നു.
വിമാനത്താവളത്തിലെ വീഴ്ചകള്‍
റണ്‍വേയില്‍ വിള്ളലുകളുണ്ടെന്നും മഴക്കാലത്തെ ലാന്‍ഡിംഗ് അപകടമാണെന്നും ഡി.ജി.സി.എ മുന്നറിയിപ്പ് വകവച്ചില്ല
റണ്‍വേയിലെ വെള്ളം ഒഴുക്കിക്കളയാനും കാറ്റിന്റെ ഗതി അറിയാനുമുള്ള സംവിധാനങ്ങളിലും പാളിച്ച
ടേബിള്‍ ടോപ് റണ്‍വേയില്‍ സുരക്ഷിതത്വത്തിന് ഘര്‍ഷണം കൂട്ടേണ്ടതാണെങ്കിലും കരിപ്പൂരില്‍ മിനുസമുള്ള റണ്‍വേയാണ്
വിമാനത്തിന്റെ ടയര്‍ ഉരഞ്ഞ് റണ്‍വേയില്‍ റബ്ബര്‍ പറ്റിച്ചേരും. മഴക്കാലത്ത് തെന്നലുണ്ടാവും. റബര്‍ നീക്കാനുള്ള യന്ത്രം വ്യാഴാഴ്ച മാത്രമാണ് ചെന്നൈയില്‍ നിന്നെത്തിച്ചത്
ഏതാനും മീറ്ററിലെ റബര്‍ മാത്രമാണ് നീക്കിയത്
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !