തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം. മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയ പശ്ചാത്തലത്തില്‍ ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു രാവിലെ 9ന് പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചത്. ശംഖുംമുഖം എ. സി. പി ഐശ്വര്യ ദോംഗ്രെയായിരുന്നു പരേഡ് കമാന്‍ഡര്‍. സ്പെഷ്യല്‍ ആംഡ് പൊലീസ് അസി. കമാന്‍ഡന്റ് വൈ ഷമീര്‍ഖാന്‍ ആയിരുന്നു സെക്കന്റ് ഇന്‍ കമാന്‍ഡ്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് പാസ്റ്റ് ഒഴിവാക്കി ചടങ്ങ് പത്തു മിനിട്ടില്‍ അവസാനിപ്പിച്ചു. ബി എസ് എഫ്, സ്പെഷ്യല്‍ ആംഡ് പൊലീസ്, കേരള ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയന്‍, തിരുവനന്തപുരം സിറ്റി പൊലീസ്, കേരള ആംഡ് വിമന്‍ പൊലീസ് ബറ്റാലിയന്‍, എന്‍ സി സി സീനിയര്‍ ഡിവിഷന്‍ ആര്‍മി (ആണ്‍കുട്ടികള്‍), എന്‍ സി സി സീനിയര്‍ വിംഗ് ആര്‍മി (പെണ്‍കുട്ടികള്‍) എന്നിവരുടെ ഓരോ പ്ലാറ്റൂണുകള്‍ പങ്കെടുത്തു. സ്പെഷ്യല്‍ ആംഡ് പൊലീസ്, കേരള ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയന്‍ എന്നിവയുടെ ബാന്റ് സംഘവും ഉണ്ടായിരുന്നു. വ്യോമസേനയുടെ ഹെലികോപ്റ്റര്‍ പുഷ്പവൃഷ്ടി നടത്തി.
ജില്ലാ കലക്ടര്‍ ഡോ. നജ്ജ്യോത് ഖോസ, സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ, ജനപ്രതിനിധികള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പ്രത്യേക ക്ഷണിതാക്കള്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കുട്ടികള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനിംഗിനു ശേഷമാണ് എല്ലാവരേയും വേദിയിലേക്ക് കടത്തിവിട്ടത്. സാനിറ്റൈസറും ഒരുക്കിയിരുന്നു. സമൂഹ്യാകലം പാലിച്ചാണ് വേദിയില്‍ കസേരകള്‍ നിരത്തിയിരുന്നത്. പ്ലാറ്റൂണ്‍ അംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും മാസ്‌ക് ധരിച്ചിരുന്നു.
സ്വാതന്ത്ര്യദിനാഘോഷം സ്വാതന്ത്ര്യസമരപോരാട്ടത്തെ ഓര്‍ത്തെടുക്കാനും ധീരര്‍ക്കു പ്രണാമം അര്‍പ്പിക്കാനുമുള്ള അവസരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
അഹിംസയുടേയും ത്യാഗത്തിന്റെയും സഹനത്തിന്റെയും പാതയിലൂടെ ദീര്‍ഘകാലം നടന്ന സ്വാതന്ത്ര്യസമരപോരാട്ടത്തെ ഓര്‍ത്തെടുക്കാനും അതിന് നേതൃത്വം നല്‍കിയ ധീരര്‍ക്കു പ്രണാമം അര്‍പ്പിക്കാനുമുള്ള അവസരമാണ് സ്വാതന്ത്ര്യദിനാഘോഷമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പ്രകൃതി ദുരന്തങ്ങളും മഹാമാരികളുമെല്ലാം അതിജീവിക്കാനും സാമ്രാജ്യത്തിന്റെ പുതിയ വെല്ലുവിളികള്‍ നേരിടാനും ഈ ലോകത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയപതാകയുയര്‍ത്തി അഭിവാദ്യം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യമെന്നത് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ദിനംപ്രതി ഓര്‍മിപ്പിക്കുന്ന കാലത്തുകൂടിയാണ് നമ്മുടെ പ്രയാണം. രാഷ്ട്രപിതാവ് മഹാത്മജിയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസികമായ സമര പോരാട്ടത്തിന്റെ ഫലമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി മാറുന്നതിന് ഭാരതത്തിന് സാധിച്ചത് നാനാത്വത്തില്‍ ഏകത്വം നിലനിര്‍ത്തി മുന്നോട്ടുപോകുന്നതിനാലാണ്. ദേശീയ ഐക്യത്തിന്റെ, മതേതരത്വത്തിന്റെ അടയാളമായാണ് നമ്മുടെ ദേശീയപതാക ഉയര്‍ന്നുനില്‍ക്കുന്നത്.
പ്രകൃതി ദുരന്തങ്ങളും മഹാമാരികളുമെല്ലാം അതിജീവിക്കാനും സാമ്രാജ്യത്തിന്റെ പുതിയ വെല്ലുവിളികള്‍ നേരിടാനും ഈ ലോകത്തിന് സാധിക്കും. അതില്‍ ഗണ്യമായ സംഭാവന ചെയ്യാന്‍ നമ്മുടെ രാജ്യത്തിനും സംസ്ഥാനത്തിനും കഴിയും. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉറപ്പുനല്‍കുന്ന ഭരണവ്യവസ്ഥിതി എക്കാലവും ഇന്ത്യന്‍ മണ്ണില്‍ നിലനിര്‍ക്കുന്നതിന് നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. ഭരണഘടനയുടെ ആമുഖത്തില്‍ ആലേഖനം ചെയ്തിരിക്കുന്ന വാക്യങ്ങള്‍ നമുക്കെന്നും വഴികാട്ടിയായിരിക്കും. പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പുരോഗതിക്കും ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നതിനും സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഈ സ്വാതന്ത്ര്യദിനത്തില്‍ നമുക്ക്
ഒത്തൊരുമിക്കാമെന്നും സമത്വസുന്ദരമായി നമ്മുടെ രാജ്യത്തെ നിലനിര്‍ത്താമെന്നും മന്ത്രി പറഞ്ഞു.
ലോകവും നമ്മുടെ രാജ്യവും കോവിഡ്19 എന്ന മഹാമാരിയെ അതിജീവിക്കാനുള്ള പോരാട്ടത്തിലാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യപ്രവര്‍ത്തകരും പൊലീസ് സേനയും വിവിധ സര്‍ക്കാര്‍ വകുപ്പുകളും പൊതുസമൂഹവും ഒറ്റക്കെട്ടായി കോവിഡിനെതിരെ പ്രതിരോധ വലയം തീര്‍ക്കുകയാണ്. നമ്മുടെ ദൈനംദിന ജീവിതത്തെയാകെ ഈ മഹാമാരി പ്രയാസത്തിലാക്കിയിട്ടുണ്ട്. രോഗം വരാതിരിക്കാനും മറ്റുള്ളവര്‍ക്ക് പകരാതിരിക്കാനും അതീവ ജാഗ്രത ഇനിയും തുടര്‍ന്നേ പറ്റൂ. ഏറെ പ്രതിബന്ധങ്ങള്‍ നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് നമ്മള്‍ എല്ലാവരും മുന്നോട്ടുപോകുന്നത്.
ലോക് ഡൗണ്‍ കാലത്തും തുടര്‍ന്നുള്ള കര്‍ശനനിയന്ത്രണ കാലത്തും രോഗവ്യാപനം നിയന്ത്രിച്ചുനിര്‍ത്താനും ജനങ്ങള്‍ക്ക് കരുത്തേകാനും ആരും പട്ടിണി കിടക്കാതിരിക്കാനും രോഗബാധിതരെ മികച്ച പരിപാലനത്തിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനും രോഗവ്യാപനം ഉണ്ടാകാത്ത രീതിയില്‍ പ്രധാനപ്പെട്ട പരീക്ഷകള്‍ നടത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സാധിച്ചു.
ഇന്ത്യയിലെ ചെറിയ സംസ്ഥാനങ്ങളിലൊന്നായ കേരളത്തിന്റെ മാതൃകയെ ലോകമാകെ അഭിനന്ദിച്ചിരുന്നു. രോഗവ്യാപനം ഇനിയുമുണ്ടാകുന്ന സാഹചര്യത്തില്‍ നാമെല്ലാം ഇനിയും ജാഗരൂകരായിരിക്കണം. ശാരീരിക അകലം പാലിക്കുന്നതിനൊപ്പം സാമൂഹിക ഒരുമ നിലനിര്‍ത്തി മുന്നോട്ടുപോകണം. ജനകീയ പിന്തുണയോടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്താനാവുന്നതുകൊണ്ടാണ് ഈ മഹാമാരിയെ ജനസാന്ദ്രതയേറിയ നമ്മുടെ സംസ്ഥാനത്തിന് മാതൃകാപരമായി നേരിടാനാകുന്നതെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !