തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലങ്ങൾ പുറത്ത് വരുമ്പോൾ എൽഡിഎഫിന് വ്യക്തമായ മുന്നേറ്റം. നിലവിലെ കണക്കുകള്‍ പരിശോധിച്ചാൽ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്കിലും കോര്‍പ്പറേഷനിലും എല്‍ഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. തുടക്കത്തിൽ എൽഡിഎഫും യുഡിഎഫും കടുത്ത മത്സരമാണ് കാഴ്ച വച്ചതെങ്കിലും പിന്നീട് എൽഡിഎഫ് മുന്നേറുകയായിരുന്നു. എൻഡിഎയും ശക്തമായ മത്സരം തന്നെ കാഴ്ച വച്ചിരുന്നു. മുൻസിപ്പാലിറ്റിയിൽ മാത്രമാണ് യുഡിഎഫിന് മുന്നേറ്റം.
ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിൽ 514 ഇടത്ത് എൽഡിഎഫ് മുന്നിലാണ്. യുഡിഎഫ് 377 ഇടത്തും, എൻഡിഎ 22 ഇടത്തും, 28 പഞ്ചായത്തുകളിൽ മറ്റു കക്ഷികളുമാണ് മുന്നിലെത്തിയത്. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫ് 109 ഇടത്തും യുഡിഎഫ് 43ഇടത്തുമാണ് മുന്നിൽ. ജില്ലാ പഞ്ചായത്തുകളിൽ 10 ഇടത്ത് എൽഡിഎഫും നാലിടത്ത് എൽഡിഎഫും മുന്നിലെത്തി.
മുനിസിപ്പാലിറ്റികളിൽ യുഡിഎഫിനാണ് മുന്നേറ്റം. 45 മുനിസിപ്പാലിറ്റികളാണ് യുഡിഎഫ് ഭരണത്തിലേക്ക് പോവുന്നത്. എൽഡിഎഫ് 35 ഇടത്താണ് മുന്നിൽ. രണ്ട് മുനിസിപ്പാലിറ്റികളിൽ ബിജെപിയും മുന്നിലെത്തി. പാലക്കാട്, പന്തളം നഗരസഭകളിലാണ് ബിജെപി മുന്നിലെത്തിയത്.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോർപ്പറേഷനുകളിൽ എൽഡിഎഫാണ് മുന്നിൽ. കൊച്ചിയിലും തൃശൂരിലും കണ്ണൂരിലും യുഡിഎഫാണ് മുന്നിൽ.
ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ യുഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഒന്‍പതിൽ ആറ് പഞ്ചായത്തുകളിലും യുഡിഎഫ് തോറ്റു. പുതുപ്പള്ളിയിലും പാലായിലും എൽഡിഎഫിന് മിന്നുന്ന വിജയമാണ്. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, വി.മുരളീധരൻ എന്നിവരുടെ വാർഡുകളിലും എൽഡിഎഫിനാണ് വിജയം.
കൊച്ചി, കോഴിക്കോട് കോർപറേഷനുകളിൽ യുഡിഎഫ് മേയർ സ്ഥാനാർഥികൾ തോറ്റു. കൊച്ചിയിൽ മുതിർന്ന നേതാവ് എൻ വേണുഗോപാൽ ഐലൻഡ് ഡിവിഷനിൽ ഒരു വോട്ടിന് ബിജെപി സ്ഥാനാർഥിയോടാണ് തോറ്റത്. കോഴിക്കോട്ട് ചേവായൂർ വാർഡിലാണ് പിഎൻ അജിത തോറ്റത്.
തിരുവനന്തപുരത്ത് മേയർ കെ ശ്രീകുമാറും മേയർ സ്ഥാനാർഥികളായി പരിഗണിക്കപ്പെട്ടിരുന്ന എ.ജി ഒലീനയും പുഷ്പലതയും തോറ്റത് എൽഡിഎഫിനു വൻ തിരിച്ചടിയായി. കെ ശ്രീകുമാർ മത്സരിച്ച സിറ്റിങ് സീറ്റായ കരിക്കകത്ത് ബിജെപിയിലെ ഡി.ജി കുമാരൻ അട്ടിമറി വിജയം നേടി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും വാർഡുകളിൽ യുഡിഎഫ് തോറ്റു. ഇരു വാർഡുകളിലും എൽഎഡിഫിനാണു വിജയം.
തൃശൂർ കോർപറേഷനിൽ ബിജെപി സിറ്റിങ്ങ് സീറ്റായ കുട്ടൻകുളങ്ങരയിൽ സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ 241 വോട്ടിനു തോറ്റു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സഹോദരൻ കെ. ഭാസ്‌കരന്‍ ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡിൽ പരാജയപ്പെട്ടു.
കണ്ണൂർ നഗരസഭയിൽ ചരിത്രത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ പള്ളിക്കുന്നിൽ പികെ ഷൈജുവാണ് അട്ടിമറി വിജയം നേടിയത്. അങ്കമാലി, നിലമ്പൂര്‍ നഗരസഭകളിലും ബിജെപി അക്കൗണ്ട് തുറന്നു.
പന്തളം നഗരസഭയിൽ ബിജെപി എൽഡിഎഫിനെ പുറത്താക്കി അട്ടിമറി വിജയത്തോടെ ഭരണം പിടിച്ചു. 33 സീറ്റിൽ 17 ഇടത്ത് ബിജെപി ജയിച്ചു. ആറ്റിങ്ങലിലും വർക്കലയിലും യുഡിഎഫിനെ പിന്നിലാക്കി എൻഡിഎ രണ്ടാം സ്ഥാനത്ത്. വർക്കലയിൽ എൽഡിഎഫ് 12 സീറ്റുകളുമായി ലീഡ് ചെയ്യുമ്പോൾ എൻഡിഎ 11സീറ്റുകളുമായി രണ്ടാം സ്ഥാനത്ത്. ഷൊർണൂരിൽ എൽഡിഎഫ് ഒൻപത് സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ എൻഡിഎ എട്ട് സീറ്റുകളുമായി രണ്ടാം സ്ഥാനത്ത്. പാലക്കാട്, ചെങ്ങന്നൂര്‍, കൊടുങ്ങല്ലൂർ നഗരസഭകളിലും എൻഡിഎ കുതിപ്പ് തുടരുകയാണ്. അതേസമയം, തൃശൂർ ഉൾപ്പെടെ വൻ പ്രതീക്ഷ പുലർത്തിയ പലയിടങ്ങളിലും ബിജെപിക്കു നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല.
കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ കൂടെക്കൂട്ടിയതോടെ ഇടതുമുന്നണി ചരിത്രത്തിലാദ്യമായി പാലാ നഗരസഭാ ഭരണം പിടിച്ചെടുത്തു. എൽഡിഎഫ് 17 സീറ്റ് സ്വന്തമാക്കിയപ്പോൾ യുഡിഎഫിന് എട്ടു സീറ്റാണ് ലഭിച്ചത്. മാണി ഗ്രൂപ്പ് യുഡിഎഫ് വിട്ടതോടെ കോട്ടയം ജില്ലാ പഞ്ചായത്തും ഇടതു പക്ഷത്തേക്ക് എത്തുകയാണ്. എൽഡിഎഫ് വൻ മുന്നേറ്റം നടത്തിയ തൊടുപുഴയിൽ പിജെ ജോസഫ് വിഭാഗത്തിനു തിരിച്ചടി നേരിട്ടു. മത്സരിച്ച ഏഴ് സീറ്റിൽ അഞ്ചിലും പരാജയപ്പെട്ടു. ജോസ് വിഭാഗം നാലിൽ രണ്ടിടത്ത് വിജയിച്ച ഇവിടെ ആർക്കും ഭൂരിപക്ഷമില്ല. യുഡിഎഫ് – 13, എൽഡിഎഫ്– 12, ബിജെപി – 8 , യുഡിഎഫ് വിമതർ –2 എന്നിങ്ങനെയാണ് കക്ഷിനില.
Source: Southlive
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !