ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരം പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ ഹാസന്‍. രാജ്യത്തെ ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ ആർക്കുവേണ്ടിയാണ് ആയിരം കോടിയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നതെന്ന് കമല്‍ ഹാസന്‍ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് ട്വിറ്ററിലൂടെ കമല്‍ ഹാസന്റെ വിമർശനം.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുന്ന ഈ സമ്പയത്ത് ഇത്രയും വലിയ ഒരു സാമ്പത്തിക ധൂർത്തിന്റെ അർഥമെന്താണെന്നും കമൽ ഹാസൻ ചോദിച്ചു.
“കൊറോണ മൂലം ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് രാജ്യത്തെ പകുതിയിലേറെ ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ എന്തിന് വേണ്ടിയാണ് 1000 കോടിയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നത്? ചൈനയുടെ വന്മതില്‍ പണിയുമ്പോള്‍ ആയിരങ്ങളാണ് മരിച്ചുവീണത്. ജനങ്ങളെ സംരക്ഷിക്കാനായാണ് ആ വന്മതില്‍ കെട്ടിയുയര്‍ത്തുന്നത് എന്നായിരുന്നു അന്ന് അവിടുത്തെ അധികാരികള്‍ പറഞ്ഞത്. ഇപ്പോള്‍ ആരെ സംരക്ഷിക്കാനാണ് ഈ ആയിരം കോടിയുടെ പാര്‍ലമെന്റ് മന്ദിരം കെട്ടിപ്പൊക്കുന്നത്? എത്രയും ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഒരു മറുപടി തരുമോ,” കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തു.
ഡിസംബർ 10 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയുടെ ഹൃദയഭാഗത്ത് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. സെൻട്രൽ വിസ്റ്റ പുനർവികസന പദ്ധതി പ്രകാരം നിലവിലുള്ള പാർലമെന്റ് കെട്ടിടത്തിന് സമീപമാണ് പുതിയ കെട്ടിടം നിർമ്മിക്കുക.
പദ്ധതിയെ ചോദ്യം ചെയ്യുന്ന ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ കെട്ടിടത്തിന്റെ നിർമ്മാണം ഇപ്പോൾ ആരംഭിക്കാൻ കഴിയില്ല. സെൻട്രൽ വിസ്റ്റ പദ്ധതിയെ എതിർക്കുന്ന അപേക്ഷകൾ നിരസിക്കുന്നതുവരെ നിർമാണമോ പൊളിച്ചുനീക്കലോ അനുവദിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
പുതിയ മന്ദിരം പാർലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 108 മത്തെ പ്ലോട്ടിൽ 60,000 മീറ്റർ സ്‌ക്വയറിലാണ് ഉയരുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കാരണം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക സമ്മേളനം പുതിയ മന്ദിരത്തിൽ നടത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
64,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പുതിയ കെട്ടിടം 971 കോടി രൂപ ചെലവിലാണ് നിർമിക്കുന്നത്. പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണ കരാർ ടാറ്റ പ്രൊജക്ടിനാണ് നൽകിയിരിക്കുന്നത്. 21 മാസത്തിൽ മന്ദിരത്തിന്റെ പണി പൂർത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ത്രികോണാകൃതിയിൽ പണിയാനാണ് തീരുമാനം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !