തൃശൂര്‍ പൂരത്തിനിടെ ആലിന്റെ കൊമ്പ് ഒടിഞ്ഞുവീണ് അപകടം. തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചു. തിരുവമ്പാടി ദേവസ്വം ആഘോഷ കമ്മിറ്റി അംഗവും ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥനുമായ രമേഷ് (56), പൂരം എക്സിബിഷൻ കമ്മിറ്റി അസി.സെക്രട്ടറി പനിയത്ത് രാധാകൃഷ്ണ മേനോൻ(56) എന്നിവരാണ് മരിച്ചത്. പഞ്ചവാദ്യക്കാര്‍ക്ക് മേല്‍ മരം വീണ് നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.
25 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ട് പേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഒന്നര മണിക്കൂര്‍ സമയമെടുത്ത് ഫയര്‍ഫോഴ്സ് ആല്‍മരം മുറിച്ച് മാറ്റി. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും സമയോചിതമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ആളുകളെ പുറത്തെടുത്തത്.
ബ്രഹ്മസ്വം മഠത്തിന് സമീപത്തെ ആൽ ശാഖ പൊട്ടി വീണ് പന്ത്രണ്ടോടെയാണ് അപകടം ഉണ്ടായത്. മഠത്തില്‍ വരവിനിടെ മരം വീണ് പഞ്ചവാദ്യത്തിന്‍റെ ആളുകള്‍ അടിയില്‍ പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. മരം വീണ ഉടൻ ആന ഭയന്നു ഓടി. തിരുവമ്പാടി ചന്ദ്രശേഖരൻ എന്ന ആനയാണ് ഭയന്നോടിയത്. പിന്നീട് ആനയെ തളച്ചതായും ദൃക്സാക്ഷികള്‍ പറഞ്ഞു.
വൈദ്യുതി കമ്പിയിലേക്കാണ് മരം പൊട്ടി വീണത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ചിലരുടെ കൈ പൊള്ളിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. പഞ്ചവാദ്യം കൊട്ടിക്കയറുന്ന സമയത്താണ് അപകടം ഉണ്ടായതെന്ന് പൂരം ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്‍ഡിആര്‍എഫ് സംഘവും കളക്ടറും ജില്ലാ പൊലീസ് മേധാവിയും സ്ഥലത്ത് എത്തിയിട്ടുണ്ട്.
കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇത്തവണ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ആള്‍ക്കൂട്ടം കുറഞ്ഞത് വലിയ ദുരന്തം ഒഴിവാക്കിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Updating...
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !