63 പന്തില്‍ 119 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്
പഞ്ചാബ് ഉയർത്തിയ 222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയ സഞ്ജു സാംസൺ അവസാന പന്തിൽ പുറത്തായതോടെയാണ് രാജസ്ഥാൻ തോൽവി വഴങ്ങിയത്.
63 പന്തുകൾ നേരിട്ട സഞ്ജു ഏഴ് സിക്സും 12 ഫോറുമടക്കം 119 റൺസെടുത്തു. അവസാന പന്തിൽ ജയിക്കാൻ അഞ്ച് റൺസ് വേണമെന്നിരിക്കെ സിക്സിന് ശ്രമിച്ച സഞ്ജു പുറത്താകുകയായിരുന്നു.
ഐ.പി.എല്ലിൽ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടവും സഞ്ജു സ്വന്തമാക്കി. ഐ.പി.എല്ലിൽ താരത്തിന്റെ മൂന്നാം സെഞ്ചുറിയാണിത്.
222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. മൂന്നാം പന്തിൽ തന്നെ മുഹമ്മദ് ഷമി ബെൻ സ്റ്റോക്ക്സിനെ (0) പുറത്താക്കി. സ്കോർ 25-ൽ എത്തിയപ്പോൾ മനൻ വോറയും (12) പുറത്തായി.
മൂന്നാം വിക്കറ്റിൽ ഒന്നിച്ച സഞ്ജുവും ജോസ് ബട്ട്ലറും ചേർന്ന് 45 റൺസ് കൂട്ടിച്ചേർത്തു. 13 പന്തിൽ നിന്ന് അഞ്ചു ഫോറടക്കം 25 റൺസെടുത്ത ബട്ട്ലറെ പുറത്താക്കി ജേ റിച്ചാർഡ്സനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
തുടർന്നെത്തിയ ശിവം ദുബെയുമൊത്ത് സഞ്ജു 53 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 15 പന്തിൽ നിന്ന് മൂന്നു ബൗണ്ടറിയടക്കം 23 റൺസെടുത്ത ദുബെ അർഷ്ദീപ് സിങ്ങിന്റെ പന്തിൽ പുറത്താകുകയായിരുന്നു.
ദുബെ പുറത്തായതിനു പിന്നാലെയെത്തിയ റിയാൻ പരാഗ് പഞ്ചാബ് ബൗളർമാരെകടന്നാക്രമിക്കുകയായിരുന്നു. 11 പന്തിൽ നിന്ന് മൂന്നു സിക്സും ഒരു ഫോറുമടക്കം 25 റൺസെടുത്ത പരാഗ്, സഞ്ജുവിനൊപ്പം 52 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പുറത്തായത്.
പഞ്ചാബിനായി അർഷ്ദീപ് സിങ് മൂന്നു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി രണ്ടു വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തിരുന്നു.
തകർത്തടിച്ച ക്യാപ്റ്റൻ കെ.എൽ രാഹുലും ദീപക് ഹൂഡയും ചേർന്നാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്.
50 പന്തുകൾ നേരിട്ട രാഹുൽ അഞ്ചു സിക്സും ഏഴു ഫോറുമടക്കം 91 റൺസെടുത്ത് പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് സ്കോർ 22-ൽ എത്തിയപ്പോൾ ഓപ്പണർ മായങ്ക് അഗർവാളിനെ (14) നഷ്ടമായി.
പിന്നാലെ ക്രീസിൽ ഒന്നിച്ച രാഹുലും ക്രിസ് ഗെയ്ലും ചേർന്ന് രണ്ടാം വിക്കറ്റിൽ 67 റൺസ് കൂട്ടിച്ചേർത്തു. 28 പന്തിൽ നിന്ന് രണ്ടു സിക്സും നാലു ഫോറുമടക്കം 40 റൺസെടുത്ത ഗെയ്ലിനെ പുറത്താക്കി റിയാൻ പരാഗാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഐ.പി.എല്ലിൽ 350 സിക്സറുകൾ നേടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കിയാണ് ഗെയ്ൽ മടങ്ങിയത്.
തുടർന്ന് ക്രീസിലെത്തിയ ദീപക് ഹൂഡ രാജസ്ഥാൻ ബാളർമാരെ കടന്നാക്രമിക്കുകയായിരുന്നു.
മൂന്നാം വിക്കറ്റിൽ രാഹുൽ - ഹൂഡ സഖ്യം 105 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 28 പന്തുകൾ നേരിട്ട ഹൂഡ ആറു സിക്സും നാലു ഫോറുമടക്കം 64 റൺസെടുത്തു.
ഹൂഡ പുറത്തായ ശേഷമെത്തിയ നിക്കോളാസ് പുരൻ (0) നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി.
രാജസ്ഥാന് വേണ്ടി ക്രിസ് മോറിസ് രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിൽ ടോസ് വിജയിച്ച രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ പഞ്ചാബ് കിങ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !