കന്നി ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ മാഞ്ചെസ്റ്റർ സിറ്റിക്ക് നിരാശ. സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി.
43-ാം മിനിറ്റിൽ കായ് ഹാവെർട്സാണ് ചെൽസിയുടെ വിജയ ഗോൾ നേടിയത്. മാസൺ മൗണ്ടിന്റെ ത്രൂ പാസിൽ നിന്നായിരുന്നു കായ് ഹാവെർട്സിന്റെ ഗോൾ. പന്ത് സ്വീകരിച്ച ഹാവെർട്സ് സിറ്റി ഗോൾകീപ്പറുടെ പ്രതിരോധം മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു. ചാമ്പ്യൻസ് ലീഗിൽ താരത്തിന്റെ ആദ്യ ഗോളാണിത്.
ചെൽസിയുടെ രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. മുമ്പ് രണ്ടുവട്ടം ഫൈനൽ കളിച്ച ചെൽസി 2012-ൽ ജേതാക്കളായിരുന്നു. 2008-ൽ തോറ്റു.
ഇംഗ്ലീഷ് പ്രീമിയർ ലീഗും ലീഗ് കപ്പും നേടിയ മാഞ്ചെസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് നേടി ഹാട്രിക്ക് തികയ്ക്കാൻ സാധിച്ചില്ല. കിരീടം നേടിയിരുന്നെങ്കിൽ സിറ്റിക്ക് എല്ലാ കിരീടവും നേടിക്കൊടുത്ത പരിശീലകൻ എന്ന നേട്ടം പെപ് ഗ്വാർഡിയോളക്ക് സ്വന്തമാക്കാമായിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇരു ടീമുകളും മികച്ച ആക്രമണമാണ് പുറത്തെടുത്തത്. എട്ടാം മിനിറ്റിൽ തന്നെ മത്സരത്തിലെ ആദ്യ അവസരം ലഭിച്ചത് സിറ്റിക്കായിരുന്നു. എഡേഴ്സന്റെ പാസ് ലഭിച്ച സ്റ്റെർലിങ്ങിന് പക്ഷേ ലക്ഷ്യം കാണാനായില്ല.
10-ാം മിനിറ്റിൽ തിമോ വെർണർക്ക് ബോക്സിൽവെച്ച് പന്ത് ലഭിച്ചെങ്കിലും താരത്തിന് അവസരം മുതലാക്കാനായില്ല. 15-ാം മിനിറ്റലും വെർണർക്ക് അവസരം ലഭിച്ചെങ്കിലും ഷോട്ട് സൈഡ് നെറ്റിലേക്ക് പോകുകയായിരുന്നു.
27-ാം മിനിറ്റിൽ ഫിൽ ഫോഡന് ലഭിച്ച അവസരം കൃത്യമായ ടാക്കിളിലൂടെ റൂഡിഗർ തടഞ്ഞു. സിറ്റിയുടെ ഉറച്ച ഗോളവസരമായിരുന്നു അത്.
39-ാം മിനിറ്റിൽ പരിക്കേറ്റ് തിയാഗോ സിൽവ മടങ്ങിയത് ചെൽസിക്ക് ക്ഷീണമായി.
അവസാന മിനിറ്റുകളിൽ സിറ്റി ഗോളിനായി കിണഞ്ഞ് ശ്രമിച്ചെങ്കിലും ചെൽസി പ്രതിരോധം ഭേദിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !