രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതികരണമായി കെകെ ശൈലജ ടീച്ചര്‍. താന്‍ മാത്രമല്ല, കഴിഞ്ഞപ്രാവശ്യമുള്ള മന്ത്രിമാരാരും ഇത്തവണ തുടരുന്നില്ലെന്ന് ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശൈലജ ടീച്ചര്‍ ഒറ്റയ്ക്ക് നടത്തിയതല്ല. അത് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ടീം വര്‍ക്കാണ്. ഏത് പ്രശ്‌നമായാലും സോഷ്യല്‍മീഡിയയില്‍ അഭിപ്രായപ്രകടനങ്ങളുണ്ടാകും. ഇങ്ങനെയൊരു അഭിപ്രായപ്രകടനത്തിന്റെ കാര്യമില്ലെന്നാണ് താന്‍ കരുതുന്നതെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.
ശൈലജ ടീച്ചറുടെ പ്രതികരണം:
”ഞാന്‍ മാത്രമല്ല. കഴിഞ്ഞപ്രാവശ്യമുള്ള മന്ത്രിമാരാരും തുടരുന്നില്ല. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശൈലജ ടീച്ചര്‍ ഒറ്റയ്ക്ക് നടത്തിയതല്ല. അത് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ടീം വര്‍ക്കാണ്. ഒരുപാട് ഉദ്യോഗസ്ഥന്‍മാര്‍, നാട്ടുകാര്‍, എല്ലാവരും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനമാണ്. മന്ത്രിസഭയിലെ എല്ലാവരും മികച്ച പ്രകടനമാണ് നടത്തിയത്. പാര്‍ട്ടിയെന്നെ മന്ത്രിയായി തീരുമാനിച്ചു. ഞാന്‍ നന്നായി പ്രവര്‍ത്തിച്ചു. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ ആരോഗ്യമന്ത്രി ഒറ്റയ്ക്കല്ല നയിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ മന്ത്രിമാരും വകുപ്പുകളും ചേര്‍ന്നാണ് നയിച്ചത്. ആരോഗ്യമന്ത്രിയെന്ന നിലയില്‍ എന്റെ പങ്ക് ഞാന്‍ നിര്‍വഹിച്ചിട്ടുണ്ട്.”
”ഏത് പ്രശ്‌നമായാലും സോഷ്യല്‍മീഡിയയില്‍ അഭിപ്രായപ്രകടനങ്ങളുണ്ടാകും. ഇങ്ങനെയൊരു അഭിപ്രായപ്രകടനത്തിന്റെ കാര്യമില്ലെന്നാണ് ഞാന്‍ കരുതുന്നത്. പുതിയ തലമുറയ്ക്ക് അവസരം കിട്ടുമ്പോള്‍ അവര്‍ നന്നായി പ്രവര്‍ത്തിക്കും. ജനങ്ങള്‍ക്ക് എന്നോട് സ്‌നേഹമുണ്ടെന്ന കാര്യം വലിയ സന്തോഷമുണ്ടാക്കുന്നു. എന്നോട്് മാത്രമല്ല, മന്ത്രിസഭയിലെ എല്ലാവരോടും ജനങ്ങള്‍ക്ക് സ്‌നേഹമുണ്ട്. അതുകൊണ്ട് ആണല്ലോ ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത്. ആ സ്‌നേഹത്തിന്റെ എന്റെ നന്ദി.”
ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കരുതെന്ന് സിപിഐഎം സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടത് ഏഴ് പേരായിരുന്നു. എംവി ജയരാജന്‍, അനന്തഗോപന്‍, സൂസന്‍ കോടി, സതീദേവി, സുജാത, പി രാജേന്ദ്രന്‍, കെ രാജഗോപാല്‍ എന്നിവരാണ് ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരാള്‍ക്ക് മാത്രമായി ഇളവ് നല്‍കാന്‍ സാധിക്കില്ലെന്ന നിലപാട് കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിക്കുകയായിരുന്നു. മുഖ്യമന്ത്രി ഒഴികെ ഒരുവട്ടം മന്ത്രിയായ ആര്‍ക്കും ഇളവ് നല്‍കേണ്ടതില്ലെന്നാണ് യോഗം തീരുമാനിച്ചത്.
ആരോഗ്യ രംഗത്തെ പ്രവര്‍ത്തനത്തിന് അന്തര്‍ദേശീയ തലത്തില്‍ പോലും ശ്രദ്ധ നേടിയ പ്രവര്‍ത്തനമായിരുന്നു കെകെ ശൈലജയുടേത്. 60963 ന്റെ ചരിത്ര ഭൂരിപക്ഷവുമായാണ് മട്ടന്നൂരില്‍ നിന്നും ഇത്തവണ കെക ശൈലജ വിജയിച്ചത്. അതിനാല്‍ മന്ത്രിസ്ഥാനത്തേക്ക് ശൈലജയെ പരിഗണിക്കാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സിനിമാതാരങ്ങളും മറ്റ് രാഷ്ട്രീയപ്രമുഖരും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ശൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ ആര്‍ക്കും അതൃപ്തിയില്ലെന്ന് വ്യക്തമാക്കി എംവി ഗോവിന്ദന്‍ മാഷും രംഗത്തെത്തി. അതൃപ്തിയുണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്നും ഒരു ടേം മന്ത്രിസ്ഥാനം, രണ്ടു തവണ എംഎല്‍എ സ്ഥാനം എന്നിങ്ങനെയാണ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളതെന്നും ഗോവിന്ദന്‍ മാഷ് പറഞ്ഞു.
കെ കെ ശൈലജ ടീച്ചർ ഇനി പാർട്ടി വിപ്പ്
ഒന്നാം പിണറായി സർക്കാരിലെ ഏറ്റവും ജനപ്രീതിയുള്ള മന്ത്രിയായിരുന്നു കെ കെ ശൈലജ ടീച്ചർ. നിപയും കൊവിഡും കേരളത്തെ വരിഞ്ഞുമുറുക്കിയപ്പോൾ ആരോഗ്യമന്ത്രിയെന്ന നിലയിൽ ടീച്ചറുടെ ഭരണപാടവം എല്ലാവരും കണ്ടതാണ്. സ്‌നേഹത്തോടെ മലയാളികൾ ടീച്ചറെ ടീച്ചറമ്മ എന്ന് വിളിക്കുകയും ചെയ്തു. റെക്കോർഡ് ഭൂരിപക്ഷത്തിൽ ഇത്തവണ നിയമസഭയിലേക്ക് ജയിച്ചുകയറിയും ആ ജനപ്രീതിയുടെ തെളിവാണ്.
പക്ഷേ മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകട്ടെയെന്ന സിപിഎം തീരുമാനത്തോടെ ശൈലജ ടീച്ചർക്ക് രണ്ടാമവസരം ലഭിക്കാതെ പോകുകയായിരുന്നു. പാർട്ടി വിപ്പ് എന്ന പദവിയാണ് സിപിഎം കെ കെ ശൈലജക്ക് നൽകിയിരിക്കുന്നത്. തീരുമാനം പാർട്ടിയുടേതാണെന്നും അത് പൂർണമായി അംഗീകരിക്കുന്നുവെന്നും ടീച്ചർ പ്രതികരിച്ചു.
Read Also:
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !