കോഴിക്കോട്: ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്ന പുതിയ നയങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തോട് ഏറ്റവും കൂടുതല്‍ ബന്ധം പുലര്‍ത്തുന്ന ലക്ഷദ്വീപിനും അവിടുത്തെ നിവസികള്‍ക്കും കേരളത്തില്‍നിന്ന് ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിര രൂക്ഷവിമര്‍ശനവുമായി അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ മലയാളികളുടെ കടുത്ത പ്രതിഷേധമാണ് ഇപ്പോള്‍ ഉയരുന്നത്. ലക്ഷത്തിന് മേല്‍ കമന്റുകളാണ് ഒരു പോസ്റ്റിനു കീഴില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ലക്ഷദ്വീപ് നിവാസികളുടെ സ്വര്യജീവിതം തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പിന്‍മാറണമെന്നാവശ്യപ്പെട്ടാണ് മലയാളികള്‍ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രഫുല്‍ പട്ടേല്‍ അടുത്തിടെ ചെയ്ത ഏതാനും പോസ്റ്റുകള്‍ക്ക് കീഴിലാണ് കമന്റുകള്‍. അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കുന്ന പുതിയ നയങ്ങള്‍ ലക്ഷദ്വീപിന്റെ സംസ്‌കാരത്തെയും സാമൂഹ്യജീവിതത്തെയും തകര്‍ക്കുമെന്നും നടപടികളില്‍ നിന്ന് പിന്‍മാറണമെന്നും കമന്റുകളില്‍ ആവശ്യപ്പെടുന്നു. ഗോബാക്ക് പട്ടേല്‍, സ്റ്റാന്‍ഡ് വിത്ത് ലക്ഷദ്വീപ്, സേവ് ലക്ഷദ്വീപ് തുടങ്ങിയ ഹാഷ് ടാഗുകളുമായാണ് പ്രതിഷേധക്കമന്റുകള്‍.
അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്നത് തികച്ചും ജനാധിപത്യവിരുദ്ധമായ നടപടികളാണെന്നും സമാധാനപരമായി ജീവിക്കുന്ന ജനതയെ ക്രൂരമായി ദ്രോഹിക്കുകയാണെന്നും കമന്റുകളില്‍ ആരോപിക്കുന്നു. തികച്ചും ജനാധിപത്യവിരുദ്ധവും ഒരുവിധത്തിലും ന്യായീകരിക്കാനാകാത്തതുമായ നീക്കങ്ങളില്‍നിന്ന് പിന്‍തിരിയണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് മലയാളികളുടെ കമന്റ് ആക്രമണം. ഗുജറാത്ത് സ്വദേശിയായ പ്രഫുല്‍ പട്ടേലിന് മലയാളം മനസ്സിലാകില്ലെന്നതിനാല്‍ ഗുജറാത്തി ഭാഷയിലും നിരവധി കമന്റുകള്‍ മലയാളികളുടെ വകയായി പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്.
ഇതിനിടയില്‍ അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളെ ന്യായീകരിച്ചുകൊണ്ടും ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഇവരുമായി കടുത്ത ഏറ്റുമുട്ടലും കമന്റുകളുടെ രൂപത്തില്‍ അഡ്മിനിസ്‌ട്രേറ്ററുടെ പേജില്‍ നടക്കുന്നുണ്ട്.
സ്‌കൂളുകളിലെ മാംസാഹാരം നിരോധിക്കുക, താത്കാലിക ജീവനക്കാരെ പിരിച്ചുവിടുക, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പശു ഫാമുകള്‍ അടച്ചുപൂട്ടുക തുടങ്ങിയ തീരുമാനങ്ങള്‍ക്കൊപ്പം ദ്വീപില്‍ ഗുണ്ടാ ആക്ടും നടപ്പാക്കുകയാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. കൂടാതെ ബീഫ് നിരോധിക്കുക, മദ്യശാലകള്‍ തുറക്കുക തുടങ്ങിയ നടപടികളും അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിക്കുന്നുണ്ട്. ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ചുകൊണ്ടുള്ള നീക്കമാണ് ഇതെന്നും ബിജെപിയുടെ അജണ്ട നടപ്പാക്കുകയാണ് അഡ്മിനിസ്‌ട്രേറ്റര്‍ ചെയ്യുന്നതെന്നുമാണ് ഉയരുന്ന ആരോപണം.
Source: mathrubhumi
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !