കൊവിഡ് രോഗബാധ സ്ഥിരീകരിക്കുന്നതിനുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് ഫലങ്ങള്‍ വൈകുന്ന പശ്ചാത്തലത്തില്‍ ആന്റിജന്‍ ടെസ്റ്റ് പ്രാഥമിക പരിശോധന മാര്‍ഗമായി തെരഞ്ഞെടുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മികച്ച ഫലം നല്‍കുന്ന ആന്റിജന്‍ കിറ്റുകള്‍ ലഭ്യമായിരിക്കുന്ന സാഹചര്യത്തില്‍ ആന്റിജന്‍ നെഗറ്റീവ് ആയവരില്‍ രോഗം സംശയിക്കുന്നവര്‍ക്ക് മാത്രം ആര്‍ടിപിസിആര്‍ നടത്തുന്നതായിരിക്കും ഈ ഘട്ടത്തില്‍ പ്രയോഗികമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഫലം വൈകുന്നത് പരിഹരിക്കാന്‍ ഐസിഎംആര്‍ മുന്നോട്ടുവെച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തെ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. അതേസമയം, സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്ന റെയില്‍വേ യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്:
ആര്‍ടിപിസി ആര്‍ റിസള്‍ട്ട് വൈകുന്ന പ്രശ്‌നം നിലവിലുണ്ട്. മികച്ച ഫലം നല്‍കുന്ന ആന്റിജന്‍ കിറ്റുകള്‍ ലഭ്യമായിട്ടുണ്ട്. ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയവരില്‍ രോഗം സംശയിക്കുന്ന വര്‍ക്ക് മാത്രം ആര്‍ ടി പിസി ആര്‍ നടത്തുന്നതാവും ഈ ഘട്ടത്തില്‍ പ്രയോഗികം. ഐസിഎംആറിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശവും ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്ന റെയില്‍വേ യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പുള്ള ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
ആശുപത്രികളിലെ വൈദ്യുതി വിതരണം തടസ്സമില്ലാതെ മുന്നോട്ട് പോകേണ്ടതുണ്ട്. ആശുപത്രികള്‍ എമര്‍ജന്‍സി ഇലക്ട്രിക് സപ്ലൈ ഉറപ്പാക്കണം. അതിതീവ്ര മഴക്കും ഇടിമിന്നലിനും സാധ്യതയുള്ള ദിവസങ്ങളാണ് മുന്നിലുള്ളത്. അതുകൊണ്ട് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താന്‍ കെഎസ്ഇബിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓക്‌സിജന്‍ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. ഓക്‌സിജന്‍ ഉപയോഗിക്കുന്ന ഇടങ്ങളില്‍ ഓക്‌സിജന്‍ ഓഡിറ്റ് ഫയര്‍ഫോഴ്‌സ് നേതൃത്വത്തില്‍ നടക്കുന്നുണ്ട്.
ആശുപത്രികളില്‍ തീപിടുത്തം ഒഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ്, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, പി ഡബ്ലിയു ഡി എന്നിവ ആവശ്യമായ നടപടികള്‍ എടുക്കും. 18 നും 45 നും ഇടയ്ക്ക് വയസ്സുള്ളവര്‍ക്ക് ഓര്‍ഡര്‍ ചെയ്ത വാക്‌സിന്‍ അവര്‍ക്ക് തന്നെ നല്‍കും. ഇക്കാര്യത്തില്‍ ഒരുപാട് മുന്‍ഗണനാ ആവശ്യം വരുന്നുണ്ട്. എല്ലാവര്‍ക്കും നല്‍കാന്‍ മാത്രം വാക്‌സിന്‍ ഒറ്റയടിക്ക് ലഭ്യമല്ല എന്നതാണ് നമ്മള്‍ നേരിടുന്ന പ്രശ്‌നം. തിക്കുംതിരക്കും ഇല്ലാതെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തദ്ദേശസ്വയംഭരണ വകുപ്പും ആരോഗ്യ വകുപ്പും കൂട്ടായി ശ്രദ്ധിക്കണം. പോലീസ് സഹായം ആവശ്യമെങ്കില്‍ അതും തേടാവുന്നതാണ്.
പള്‍സ് ഓക്‌സിമീറ്റര്‍ കുറഞ്ഞ ചെലവില്‍ സ്റ്റാര്‍ട്ടപ്പുകള്‍ വഴി നിര്‍മ്മിക്കാവുന്നതാണ്. അതിന്റെ സാങ്കേതിക കാര്യങ്ങള്‍ കെല്‍ട്രോണിനെക്കൊണ്ട് പെട്ടെന്ന് ചെയ്യിക്കാന്‍ വ്യവസായ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. സി എഫ് എല്‍ ടി സികള്‍, സി എസ് എല്‍ ടി സികള്‍ എന്നിവിടങ്ങളിലും വാര്‍ഡ് തല സമിതികളിലും പാലിയേറ്റിവ് വളണ്ടിയര്‍മാരെ കൂടുതലായി നിയോഗിക്കാന്‍ കഴിയണം. കിടക്കകളുടെ എണ്‍പത്തിയഞ്ച് ശതമാനം ആളുകള്‍ ആകുമ്പോള്‍ പെട്ടെന്ന് തന്നെ അടുത്ത നടപടിയില്‍ കടക്കണം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !