തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാവിന്റേയും പരാതിക്കാരന്റേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം. നഷ്ടപ്പെട്ട മൂന്നരക്കോടി രൂപ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് തെളിയിക്കാന്‍ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാറിന്റെ മൊഴി ബുധനാഴ്ച എടുക്കും.
കൊടകര ദേശീയപാതയില്‍ ക്രിമിനല്‍സംഘം തട്ടിയെടുത്ത മൂന്നരക്കോടി രൂപ കൊണ്ടുവന്നത് കോഴിക്കോട് സ്വദേശിയായ ധര്‍മരാജനായിരുന്നു. പരാതിക്കാരനായ ധര്‍മരാജന്റെ മൊഴി വിശദമായി രേഖപ്പെടുത്തിയപ്പോള്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ ചുമതലയെക്കുറിച്ചു പറഞ്ഞിരുന്നില്ല. ധര്‍മരാജനെ ഫോണില്‍ വിളിച്ചതു തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനാണെന്ന് സംഘടനാ സെക്രട്ടറി എം.ഗണേഷ് മൊഴി നല്‍കിയിരുന്നു. ഇരുവരുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.
അതുകൊണ്ടുതന്നെ, കൂടുതല്‍ ബിജെപി നേതാക്കളെ ചോദ്യം ചെയ്യേണ്ടി വരുമെന്ന് അന്വേഷണ സംഘം സൂചന നല്‍കി. ഇതിന്റെ ഭാഗമായി ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ.കെ. അനീഷ് കുമാറിന്റെ മൊഴിയെടുക്കും. ബുധനാഴ്ച പൊലീസ് ക്ലബിൽ ഹാജരാകാനാണു നിർദേശം. അതേസമയം, പൊലീസ് നിയമപരിധിക്കപ്പുറത്താണ് കാര്യങ്ങള്‍ അന്വേഷിക്കുന്നതെന്ന നിലപാടിലാണ് ബിജെപി. കവര്‍ച്ചക്കേസ് അന്വേഷിക്കേണ്ട പൊലീസ് പണത്തിന്റെ ഉറവിടവുമായി ബിജെപിയെ ബന്ധപ്പെടുത്താനാണു ശ്രമിക്കുന്നതെന്ന് നേതാക്കള്‍ ആരോപിക്കുന്നു.
അതേസമയം, നഷ്ടപ്പെട്ട മൂന്നരക്കോടിയില്‍ രണ്ടരക്കോടി രൂപ കണ്ടെത്താന്‍ കണ്ണൂരിലെ പ്രതികളുടെ വീടുകളില്‍ വരുംദിവസങ്ങളിലും പരിശോധന തുടരും. ഇതിനിടെ, ഒബിസി മോർച്ച നേതാവ് ഋഷി പൽപ്പുവിന്റെ പരാതി പ്രകാരം ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. ഹരിയ്ക്ക് എതിരെ വെസ്റ്റ് പൊലീസ് കേസെടുത്തു. വധഭീഷണി മുഴക്കിയെന്ന പരാതിയിലാണ് കേസ്. സ്റ്റേഷനിൽ നിന്ന് ജാമ്യം കിട്ടാവുന്ന വകുപ്പു പ്രകാരമാണ് കേസ്.
Source:mmvtv
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !