ഇരട്ട ഗോളുകളുമായി ലോക്കാട്ടെല്ലി, തകർപ്പൻ വിജയവുമായി ഇറ്റലി

0
ഇരട്ട ഗോളുകളുമായി ലോക്കാട്ടെല്ലി, തകർപ്പൻ വിജയവുമായി ഇറ്റലി Locatelli with double goals, Italy with a thumping victory

യൂറോകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം നേടി ഇറ്റലി. ഗ്രൂപ്പ് എ യിലെ മത്സരത്തിൽ സ്വിറ്റ്സർലൻഡിനെയാണ് അസൂറികൾ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇറ്റലിയുടെ വിജയം. യുവതാരം മാനുവേൽ ലോക്കാട്ടെല്ലിയുടെ ഇരട്ട ഗോളുകളാണ് ഇറ്റലിയ്ക്ക് വിജയം സമ്മാനിച്ചത്. സീറോ ഇമ്മൊബിലെ അസൂറികൾക്കായി മൂന്നാം ഗോൾ നേടി.

ഈ വിജയത്തോടെ തുടർച്ചയായ 29 മത്സരങ്ങൾ ഇറ്റലി പരാജയമറിയാതെ പൂർത്തീകരിച്ചു. യൂറോയിലെ ആദ്യ മത്സരത്തിലും ഇതേ സ്കോറിന് ഇറ്റലി തുർക്കിയെ പരാജയപ്പെടുത്തിയിരുന്നു.

മത്സരത്തിന്റെ ആദ്യ മിനിട്ടുകളിൽ സ്വിറ്റ്സർലൻഡ് മത്സരത്തിൽ ആധിപത്യം പുലർത്തി. എന്നാൽ പതിയെ ഇറ്റലി മത്സരത്തിൽ സജീവമായി. ആക്രമിച്ച് കളിക്കാനാണ് ഇറ്റലി ശ്രമിച്ചത്. 10-ാം മിനിട്ടിൽ സീറോ ഇമ്മൊബിലിന് മികച്ച ഒരു അവസരം ലഭിച്ചു. എന്നാൽ താരത്തിന്റെ ഹെഡ്ഡർ സ്വിസ് ഗോൾപോസ്റ്റിന് മുകളിലൂടെ പറന്നു.

മത്സരം പുരോഗമിക്കുംതോറും ഇറ്റലി കൂടുതൽ ശക്തി പ്രാപിച്ചുവന്നു. ആക്രമണങ്ങളുമായി സ്വിസ് ഗോൾമുഖത്ത് ഭീതി പരത്താൻ ഇറ്റലിയ്ക്ക് കഴിഞ്ഞു. ഇറ്റലിയുടെ ആക്രമണം തടുക്കാനായി സ്വിറ്റ്സർലൻഡ് പ്രതിരോധം ശക്തമാക്കി.

പക്ഷേ സ്വിറ്റ്സർലൻഡ് പ്രതിരോധത്തെ കീറിമുറിച്ചുകൊണ്ട് 20-ാം മിനിട്ടിൽ പ്രതിരോധതാരം ചെല്ലിനി ഗോൾ നേടി. എന്നാൽ വാറിന്റെ സഹായത്തോടെ റഫറി ഗോൾ അസാധുവാക്കി. ഗോളടിക്കും മുൻപ് പന്ത് ചെല്ലിനിയുടെ കൈയ്യിൽ തട്ടിയതുമൂലമാണ് ഗോൾ നിരസിച്ചത്. പിന്നാലെ പരിക്കേറ്റ ചെല്ലിനി കളിയിൽ നിന്നും പിന്മാറി.

ചെല്ലിനി മടങ്ങിയതിനുതൊട്ടുപിന്നാലെ ഇറ്റലി മത്സരത്തിലെ ആദ്യ ഗോൾ നേടി. മാനുവേൽ ലോക്കാട്ടെല്ലിയാണ് ഇറ്റലിയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. 26-ാം മിനിട്ടിലാണ് ഗോൾ പിറന്നത്. പന്തുമായി മുന്നേറിയ ബെറാഡി മികച്ച ഒരു കട്ട്പാസ് ലോക്കോട്ടെല്ലിയ്ക്ക് സമ്മാനിച്ചു. പന്ത് വലയിലേക്ക് തട്ടിയിടേണ്ട ആവശ്യം മാത്രമേ ലോക്കോട്ടെല്ലിയ്ക്ക് വന്നുള്ളൂ. ഇറ്റലിയ്ക്കായി താരം നേടുന്ന രണ്ടാമത്തെ മാത്രം ഗോളാണിത്. 2020 യൂറോകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡ് താരം സ്വന്തമാക്കി.

ഗോൾ നേടിയിട്ടും ഇറ്റലിയുടെ ആക്രമണങ്ങൾക്ക് മൂർച്ച കുറഞ്ഞില്ല. രണ്ടാം ഗോളിനായി ടീം ശ്രമങ്ങൾ നടത്തിക്കൊണ്ടേയിരുന്നു. ഒരു ഗോൾ വഴങ്ങിയതോടെ സ്വിസ് ടീമിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. പ്രതിരോധത്തിൽ മാത്രമാണ് ടീം ശ്രദ്ധിച്ചത്.

രണ്ടാം പകുതിയിൽ സ്വിസ്സ് ടീം ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. പക്ഷേ സ്വിസ് താരങ്ങളുടെ നെഞ്ചിൽ തീകോരിയിട്ടുകൊണ്ട് മാനുവേൽ ലോക്കാട്ടെല്ലി വീണ്ടും ഇറ്റലിയുടെ വീരനായകനായി. 52-ാം മിനിട്ടിൽ അത്യുഗ്രൻ ഗോൾ നേടിക്കൊണ്ട് താരം ഇറ്റലിയ്ക്ക് രണ്ട് ഗോൾ ലീഡ് സമ്മാനിച്ചു. ബോക്സിന് വെളിയിൽ നിന്നും ലോക്കാട്ടെല്ലി അടിച്ച ബുള്ളറ്റ് ഷോട്ട് പോസ്റ്റിന്റെ വലത്തേ മൂലയിൽ തറച്ചു. ഇത് നോക്കി നിൽക്കാൻ മാത്രമേ സ്വിസ് ഗോൾകീപ്പർക്ക് സാധിച്ചുള്ളൂ. ഇതോടെ സ്വിസ് ടീം തകർന്നു.

രണ്ട് ഗോളിന് മുന്നിട്ടുനിന്നിട്ടും ആക്രമിച്ചുതന്നെയാണ് ഇറ്റലി കളിച്ചത്. 75-ാം മിനിട്ടിൽ ലഭിച്ച സുവർണാവസരം സീറോ ഇമ്മൊബിലെ പാഴാക്കി. എന്നാൽ 88-ാം മിനിട്ടിൽ ലഭിച്ച അവസരം ഇമ്മൊബിലെ കൃത്യമായി ഗോളാക്കി മാറ്റി. ബോക്സിന് വെളിയിൽ നിന്നും താരമെടുത്ത കിക്ക് ഗോൾകീപ്പറെ മറികടന്ന് സ്വിസ് വലയിലെത്തി. ഇതോടെ സ്വിറ്റ്സർലൻഡ് പരാജയം ഉറപ്പിച്ചു.

മത്സരത്തിൽ കാര്യമായ ഒരവസരം പോലും നേടിയെടുക്കാൻ കഴിയാതെയാണ് സ്വിസ് പട തോൽവി വഴങ്ങിയത്. തുടർച്ചയായ രണ്ട് വിജയങ്ങളുമായി ഇറ്റലി നോക്കൗട്ട് ഘട്ടത്തിലേക്കുള്ള പ്രവേശനം ഉറപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !