അബുദാബി: അവസാന പന്തുവരെ ആവേശം അലതല്ലിയ ത്രില്ലർ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 2 വിക്കറ്റിനു കീഴടക്കിയ ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. സ്കോർ– കൊൽക്കത്ത: 20 ഓവറിൽ 171–6; ചെന്നൈ 20 ഓവറിൽ 172–8. ടോസ്: കൊൽക്കത്ത.
അവസാന 2 ഓവറിൽ 4 വിക്കറ്റ് കയ്യിലിരിക്കെ 26 റൺസാണു ചെന്നൈയ്ക്കു വേണ്ടിയിരുന്നത്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 19–ാം ഓവറിലെ ആദ്യ പന്തിൽ രവീന്ദ്ര ജഡേജയും രണ്ടാം പന്തിൽ സാം കറനും സിംഗിളെടുത്തു. മൂന്നാം പന്തിലും നാലാം പന്തിലും പ്രസിദ്ധിനെ സിക്സറിനു പറത്തിയ ജഡേജ 5,6 പന്തുകളിൽ ഫോറുകൾ കൂടി നേടിയതോടെ ചെന്നൈയ്ക്കു ജയിക്കാൻ അവസാന ഓവറിൽ വേണ്ടതു 4 റൺസ് മാത്രം.
എന്നാൽ സുനിൽ നരെയ്ന്റെ ആദ്യ പന്തിൽ ബൗണ്ടറിക്കു ശ്രമിച്ച സാം കറൻ (4 പന്തിൽ 4) പുറത്തായതോടെ മത്സരത്തിൽ വീണ്ടും ട്വിസ്റ്റ്. കറനു പകരം ഇറങ്ങിയ ഷാർദൂൽ ഠാക്കൂറിനു രണ്ടാം പന്തിൽ റണ്‍സ് നേടാനായില്ല. എന്നാൽ കയ്യുറയിൽ ഉരസിയ മൂന്നാം പന്തിൽ ഷാർദൂൽ 3 റൺസ് നേടി. ഇതോടെ ചെന്നൈയ്ക്കു ജയിക്കാൻ 3 പന്തിൽ വേണ്ടത് ഒരു റൺ. നാലാം പന്തിൽ റൺ നേടാനാകാതിരുന്ന ജഡേജ (8 പന്തിൽ 22) 5–ാം പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങിയതോടെ ചെന്നൈയ്ക്ക് അവസാന പന്തിൽ വേണ്ടത് ഒരു റൺസ്. 9–ാം നമ്പറിൽ ഇറങ്ങിയ ദീപക് ചാഹർ നേടിയ സിംഗിളിൽ ചെന്നൈ വിജയം ഉറപ്പിച്ചു.
ആദ്യ വിക്കറ്റിൽ 8.2 ഓവറിൽ 74 റൺസ് ചേർത്ത ഓപ്പണിങ് സഖ്യമാണു ചെന്നൈയ്ക്കു വിജയത്തിനുള്ള അടിത്തറ പാകിയത്. 30 പന്തിൽ 7 ഫോറുകൾ സഹിതം 43 റൺസെടുത്ത ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലസിയാണു ചെന്നൈ ടോപ് സ്കോറർ. ഐപിഎൽ രണ്ടാം പാദത്തിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും തിളങ്ങിയ യുവതാരം ഋതുരാജ് ഗെയിക്‌വാദ് 28 പന്തിൽ 2 ഫോറും 3 സിക്സുമടക്കം 40 റൺസെടുത്തു. 28 പന്തിൽ 2 ഫോറും ഒരു സിക്സുമടക്കം 32 റൺസ് എടുത്ത മോയിൻ അലിയും തിളങ്ങി. എന്നാൽ ഇവര്‍ 3 പേരും പുറത്തായതിനു പിന്നാലെ മധ്യനിരയുടെ തകർച്ച മുതലെടുത്തു കൊൽക്കത്ത മത്സരത്തിൽ പിടിമുറുക്കി.
അംബാട്ടി റായുഡു (9 പന്തിൽ 10), സുരേഷ് റെയ്ന (7 പന്തിൽ 11), ക്യാപ്റ്റൻ എം.എസ്. ധോണി (4 പന്തിൽ 1) എന്നിവർ നിരാശപ്പെടുത്തി. റായുഡുവിനെ സുനിൽ നരെയ്ൻ ബോൾഡാക്കിയപ്പോൾ സുരേഷ് റെയ്ന റണ്ണൗട്ടായി. വരുൺ ചക്രവർത്തിയാണു ധോണിയുടെ വിക്കറ്റ് തെറിപ്പിച്ചത്. എന്നാൽ 19–ാം ഓവറിൽ 21 റൺസ് നേടിയ രവീന്ദ്ര ജഡേജയുടെ ഇന്നിങ്സ് വീണ്ടും ചെന്നൈയ്ക്കു മേൽക്കൈ നൽകി.
കൊൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ 4 ഓവറിൽ 41 റൺസ് വഴങ്ങി 3 വിക്കറ്റെടുത്തു. പ്രസിദ്ധ് കൃഷ്ണ, ലോക്കി ഫെർഗ്യൂസൻ, വരുൺ ചക്രവർത്തി, ആന്ദ്രെ റസ്സൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
33 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 45 റൺസെടുത്ത രാഹുൽ ത്രിപാഠിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. നിതീഷ് റാണ 27 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 37 റൺസുമായി പുറത്താകാതെ നിന്നു.
അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊൽക്കത്തയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 10 റൺസുള്ളപ്പോൾ ഓപ്പണർ ശുഭ്മാൻ ഗിൽ പുറത്തായി. അഞ്ച് പന്തിൽ ഒൻപതു റൺസായിരുന്നു സമ്പാദ്യം. പിന്നീടെത്തിയവരിൽ ക്യാപ്റ്റൻ ഒയിൻ മോർഗൻ ഒഴികെയുള്ളവർ തിളങ്ങിയതോടെയാണ് കൊൽക്കത്ത ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. മോർഗൻ 14 പന്തിൽ എട്ടു റൺസുമായി പുറത്തായി.
വെങ്കടേഷ് അയ്യർ (15 പന്തിൽ 18), ആന്ദ്രെ റസ്സൽ (15 പന്തിൽ 20), ദിനേഷ് കാർത്തിക് (11 പന്തിൽ 26) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ചെന്നൈയ്ക്കായി ഷാർദുൽ ഠാക്കൂർ നാല് ഓവറിൽ 20 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ജോഷ് ഹെയ്‍സൽവുഡിനും രണ്ടു വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറിൽ 40 റൺസ് വഴങ്ങി. രവീന്ദ്ര ജഡേജ നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു.
10 മത്സരങ്ങൾ വീതം പൂർത്തിയാക്കിയ ചെന്നൈയ്ക്കും ഡൽഹിക്കും 16 പോയിന്റ് വീതം ഉണ്ടെങ്കിലും നെറ്റ് റൺറ്റിലെ മികവാണു ചെന്നൈയെ തുണച്ചത്. 10 കളികളിൽ 8 പോയിന്റുള്ള കൊൽക്കത്ത പട്ടികയിൽ നാലാം സ്ഥാനത്തു തുടരുന്നു.
Read Also:
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !