ഷാർജ: ആവേശകരമായ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്സിന് അഞ്ച് റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ125 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 120 റണ്സെടുക്കാനെ സാധിച്ചുള്ളു.
126 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ ഡേവിഡ് വാർണറെ പുറത്താക്കി ഷമി സൺറൈസേഴ്സിന് ആദ്യ പ്രഹരമേൽപ്പിച്ചു. വെറും രണ്ട് റൺസ് മാത്രമെടുത്ത വാർണർ ഈ മത്സരത്തിലും പരാജയപ്പെട്ടു. മൂന്നാം ഓവറിൽ വീണ്ടും വിക്കറ്റ് വീഴ്ത്തി ഷമി സൺറൈസേഴ്സിനെ തകർത്തു. ഒരുറൺസ് മാത്രമെടുത്ത അപകടകാരിയായ സൺറൈസേഴ്സ് നായകൻ വില്യംസണെ ക്ലീൻ ബൗൾഡാക്കി ഷമി രണ്ടാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. ഇതോടെ ടീം സ്കോർ 10 ന് രണ്ട് എന്ന നിലയിലായി.
പിന്നീട് മനീഷ് പാണ്ഡെയെയും കേദാർ ജാദവിനെയും അബ്ദുൾ സമദിനെയും രവി ബിഷ്ണോയ് മടക്കിയപ്പോൾ 60ന് അഞ്ച് എന്ന നിലയിലേക്ക് സൺറൈസേഴ്സ് കൂപ്പുകുത്തി.
സാഹയും ഹോൾഡറും ചേർന്ന് ആറാം വിക്കറ്റിൽ 32 കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും സാഹ 31 റൺസെടുത്ത് റണ്ണൗട്ടായി മടങ്ങുകയായിരുന്നു. ജേസൺ ഹോൾഡറുടെ ബാറ്റിംഗ് മികവിൽ സൺറൈസേഴ്സ് മത്സരത്തിലേക്ക് തിരികെ വരുമെന്ന് തോന്നിപ്പച്ചെങ്കിലും അഞ്ച് റൺസകലെ വിജയം കെെവിടുകയായിരുന്നു.
അവസാന ഓവറിൽ 17 റൺസായിരുന്നു വേണ്ടിയിരുന്നത്. നഥാൻ എല്ലിസിനെ രണ്ടാം പന്തിൽ സിക്സർ പറത്തി ലക്ഷ്യം 4 പന്തിൽ 10 ആക്കി മാറ്റിയെങ്കിലും പിന്നീടുള്ള പന്തുകളിൽ വലിയ ഷോട്ടുകൾ നേടാനാകാതെ മത്സരം കെെവിടുകയായിരുന്നു. പഞ്ചാബിന് വേണ്ടി രവി ബിഷ്ണോയി മൂന്നും മുഹമ്മദ് ഷമി നാലും വിക്കറ്റും നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്സിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. തുടക്കത്തിൽ തന്നെ വിശ്വസ്തരായ ഓപ്പണർമാരായ നായകൻ കെ.എൽ.രാഹുലിനെയും മായങ്ക് അഗർവാളിനെയും പഞ്ചാബിന് നഷ്ടമായി. ഒരേ ഓവറിൽ ഇരുവരെയും മടക്കി ജേസൺ ഹോൾഡറാണ് പഞ്ചാബിനെ തകർച്ചയിലേക്ക് തള്ളിയിട്ടത്.
സ്കോർ 26-ൽ നിൽക്കേ അഞ്ചാം ഓവറിലെ ആദ്യ പന്തിൽ വെറും അഞ്ചുറൺസ് മാത്രമെടുത്ത മായങ്ക് കെയ്ൻ വില്യംസണ് ക്യാച്ച് നൽകി മടങ്ങി. അതേ ഓവറിലെ അഞ്ചാം പന്തിൽ രാഹുലിനെയും മടക്കി ഹോൾഡർ സൺറൈസേഴ്സിന് തകർപ്പൻ തുടക്കമേകി. 21 റൺസാണ് പഞ്ചാബ് നായകൻ നേടിയത്.
ഓപ്പണർമാർ പുറത്തായശേഷം ക്രീസിലൊന്നിച്ച ക്രിസ് ഗെയ്ലും എയ്ഡൻ മാർക്രവും ചേർന്ന് പഞ്ചാബ് സ്കോർ 50 കടത്തി. എന്നാൽ സ്കോറിങ്ങിന്റെ വേഗം കുറഞ്ഞു. വളരെ ശ്രദ്ധയോടെയാണ് ഇരുവരും ബാറ്റുവീശിയത്. എന്നാൽ സ്കോർ 57-ൽ നിൽക്കേ 14 റൺസെടുത്ത ക്രിസ് ഗെയ്ലിനെ വിക്കറ്റിന് മുന്നിൽ കുടുക്കി റാഷിദ് ഖാൻ പഞ്ചാബിന്റെ മൂന്നാം വിക്കറ്റെടുത്തു. 14 റൺസ് മാത്രമാണ് യൂണിവേഴ്സൽ ബോസിന് നേടാനായത്.
പിന്നാലെ വന്ന മറ്റൊരു വെസ്റ്റ് ഇൻഡീസ് താരമായ അപകടകാരിയായ നിക്കോളാസ് പൂരാനെ മടക്കി സന്ദീപ് ശർമ പഞ്ചാബിനെ തകർത്തു. എട്ട് റൺസ് മാത്രമെടുത്ത പൂരാനെ ശർമ തന്നെ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഇതോടെ പഞ്ചാബ് 66 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. വൈകാതെ അവസാന പ്രതീക്ഷയായ മാർക്രവും പവലിയനിലേക്ക് മടങ്ങി. അബ്ദുൾ സമദിന്റെ പന്തിൽ സിക്സ് നേടാനുള്ള മാർക്രത്തിന്റെ ശ്രമം മനീഷ് പാണ്ഡെയുടെ കൈയ്യിൽ അവസാനിച്ചു. 32 പന്തുകളിൽ നിന്ന് 27 റൺസെടുത്ത് താരം പുറത്താകുമ്പോൾ സ്കോർ 88-ൽ മാത്രമാണ് എത്തിയത്.
പിന്നാലെ ദീപക് ഹൂഡയെ മടക്കി ഹോൾഡർ മൂന്നാം വിക്കറ്റ് നേട്ടം ആഘോഷമാക്കി. ഹൂഡയുടെ ഷോട്ട് തകർപ്പൻ ഡൈവിലൂടെ സബ്സ്റ്റിറ്റിയൂട്ട് സുജിത്ത് കൈപ്പിടിയിലൊതുക്കി. വെറും 13 റൺസ് മാത്രമാണ് ഹൂഡയുടെ സമ്പാദ്യം. പിന്നീട് ക്രീസിലൊന്നിച്ച ഹർപ്രീതും നതാൻ എല്ലിസും ചേർന്ന് ടീം സ്കോർ 100 കടത്തി. 17-ാം ഓവറിലാണ് പഞ്ചാബ് 100 റൺസ് മറികടന്നത്. അവസാന ഓവറിൽ 12 റൺസെടുത്ത എല്ലിസ് ഭുവനേശ്വറിന് ക്യാച്ച് നൽകി മടങ്ങി. ഹർപ്രീത് 18 റൺസെടുത്ത് പുറത്താവാതെ നിന്നു.
സൺറൈസേഴ്സിനായി ജേസൺ ഹോൾഡർ നാലോവറിൽ വെറും 19 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ സന്ദീപ് ശർമ, റാഷിദ് ഖാൻ, അബ്ദുൾ സമദ്, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !