സംസ്ഥാനത്ത് ദുരിതം വിതച്ച്‌ കനത്തമഴ; പുഴകള്‍ കരകവിഞ്ഞു, 3 മരണം

സംസ്ഥാനത്ത് ദുരിതം വിതച്ച്‌ കനത്തമഴ; പുഴകള്‍ കരകവിഞ്ഞു, 3 മരണം | Heavy rains sow misery in the state; Rivers overflowed, 3 deaths

സംസ്ഥാനത്ത് ദുരിതം വിതച്ച്‌ കനത്തമഴ. മൂന്നുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകളിലാണ് കൂടുതല്‍ മഴക്കെടുതികള്‍. മലപ്പുറം കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ടുകുട്ടികള്‍ മരിച്ചു. മതാകുളത്തെ അബുബക്കര്‍ സിദ്ദിഖിന്റെ മക്കളായ ലിയാന ഫാത്തിമ, ലുബാന ഫാത്തിമ എന്നിവരാണ് മരിച്ചത്. തെന്മല നാഗമലയില്‍ തോട്ടില്‍ വീണ് ഒരാള്‍ മരിച്ചു. നാഗമല എസ്റ്റേറ്റിലെ തൊഴിലാളി ഗോവിന്ദരാജാണ് മരിച്ചത്.

കൊണ്ടോട്ടി ടൗണില്‍ ദേശീയപാതയില്‍ വെള്ളംകയറി. തിരുവാലി ചെള്ളിത്തോട് പാലത്തിനടുത്ത് റോഡ് ഇടിഞ്ഞുതാണു. ശക്തി കുറഞ്ഞെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു. ആലുവ മണപ്പുറം മുങ്ങി. ഇടമലയാര്‍ വൈശാലി ഗുഹയ്ക്കു സമീപം മണ്ണിടിഞ്ഞു. താളുംകണ്ടം പൊങ്ങുംചുവട് ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു.

തൃശൂരിലും ശക്തമായ മഴ തുടരുന്നു. ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞു. വീടുകളില്‍ വെള്ളം കയറിപെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു, ചാലക്കുടി പുഴയോരത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.ചാലക്കുടിയിലെ റയില്‍വെ അടിപ്പാത മുങ്ങി.

സംസ്ഥാനത്ത് ദുരിതം വിതച്ച്‌ കനത്തമഴ; പുഴകള്‍ കരകവിഞ്ഞു, 3 മരണം

കനത്ത മഴയില്‍ പാലക്കാട് അട്ടപ്പാടി ചുരം റോഡില്‍ മൂന്നിടങ്ങളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. റോഡിലേക്ക് മണ്ണും പാറയും ഒഴുകിയെത്തിയത് നീക്കം ചെയ്യാനുള്ള ശ്രമം അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ തുടരുകയാണ്. മണ്ണാര്‍ക്കാട്, അഗളി മേഖലയില്‍ കഴിഞ്ഞ രാത്രിക്ക് സമാനമായി കനത്ത മഴ തുടരുകയാണ്. നെല്ലിപ്പുഴയില്‍ പത്തിലധികം വീടുകളില്‍ വെള്ളം കയറി. കഞ്ചിക്കോട്, നെന്മാറ മേഖലയില്‍ ഏക്കര്‍ക്കണക്കിന് നെല്‍കൃഷി വെള്ളത്തിനടിയിലായി.

കൊല്ലം ചെങ്കോട്ട റെയില്‍വേ പാതയില്‍ ഇടമണ്‍ ഐഷാപാലത്തിന് സമീപം മണ്ണിടിഞ്ഞു. മണ്ണ് മാറ്റിയശേഷമാണ് രാവിലെ പാലരുവി എക്‌സ്പ്രസ് കടത്തിവിട്ടത്. ആര്യങ്കാവ് സ്വര്‍ണഗിരിയില്‍ ഉരുള്‍പൊട്ടി. ചേനഗിരി പാലത്തിന്റെ ഒരു വശം തകര്‍ന്നു. അഞ്ചല്‍, കൊട്ടാരക്കര, വാളകം, നിലമേല്‍ മേഖലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

കോഴിക്കോട് ഇന്നലെ രാത്രി മുതല്‍ കനത്ത മഴ. നഗരത്തില്‍ ചെറിയ വെള്ളക്കെട്ട് ഉണ്ട്. പുഴകളില്‍ മലവെള്ളപ്പാച്ചില്‍. മലയോരമേഖലയില്‍ നാശനഷ്ടങ്ങള്‍ ഒന്നും ഇല്ല.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0 Comments