തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകര്‍ച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്സിറ്റിയുടെ റിപ്പോര്‍ട്ട്. അണക്കെട്ട് ഭൂചലന സാധ്യതാ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. 1979ലും 2011ലുമുണ്ടായ ചെറിയ ഭൂചലനങ്ങള്‍ മൂലം അണക്കെട്ടില്‍ വിള്ളലുകളുണ്ടായിട്ടുണ്ട്. അണക്കെട്ടിലെ ചോര്‍ച്ചയും ആശങ്കയുണ്ടാക്കുന്നു. 125 വര്‍ഷം മുന്‍പ് നിര്‍മാണത്തിന് ഉപയോഗിച്ച സാങ്കേതികവിദ്യ നിലവിലുള്ള നിര്‍മാണച്ചട്ടങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ കാലഹരണപ്പെട്ടതാണ്. അണക്കെട്ടു തകര്‍ന്നാല്‍ കേരളത്തിലെ 35 ലക്ഷം പേരെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മനോരമയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളില്‍ തുടര്‍ച്ചയായുണ്ടാകുന്ന അതിതീവ്ര മഴയും മിന്നല്‍പ്രളയവും ഉരുള്‍പൊട്ടലും മൂലം മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള അണക്കെട്ടുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉയരുന്നതിനിടെയാണ് യുഎന്‍ യൂണിവേഴ്സിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. യുഎന്‍ യൂണിവേഴ്സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍, എന്‍വയണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്ത് ആണ് ലോകത്തിലെ പഴക്കം ചെന്ന ഡാമുകളുടെ സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇന്ത്യ, യുഎസ്, ഫ്രാന്‍സ്, കാനഡ, ജപ്പാന്‍, സാംബിയ, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലെ പഴക്കം ചെന്ന ഡാമുകളെക്കുറിച്ചാണു പഠനം നടത്തിയത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടുമായുള്ള തര്‍ക്കവും നിയമപോരാട്ടവും റിപ്പോര്‍ട്ടിലുണ്ട്. 1895ല്‍ അണക്കെട്ട് നിര്‍മിക്കുമ്ബോള്‍ 50 വര്‍ഷത്തെ ആയുസ്സാണ് നിശ്ചയിച്ചിരുന്നത്. അണക്കെട്ടിന്റെ ബലക്ഷയത്തെത്തുടര്‍ന്ന് ഡീ കമ്മിഷന്‍ ചെയ്യാന്‍ നീക്കം നടന്നു. എന്നാല്‍, ഇരു സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കം തുടരുകയാണ്. അണക്കെട്ട് തകരുമെന്ന ഭീതി മൂലം ജലനിരപ്പ് താഴ്ത്തണമെന്നാണ് കേരളത്തിന്റെ വാദം. തമിഴ്നാട് ഇതിനു സമ്മതിക്കുന്നില്ല. 2009ല്‍ പുതിയ അണക്കെട്ട് പണിയണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും തമിഴ്നാട് എതിര്‍ത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് മുല്ലപ്പെരിയാറിന്റെ സുരക്ഷാഭീഷണി പരിശോധിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ടിലെ മറ്റു കണ്ടെത്തലുകള്‍
∙ ലോകത്തിലെ 10,000ലേറെ ഡാമുകള്‍ 10 വര്‍ഷത്തെ കാലാവധി തീര്‍ന്നവയാണ്. പലതും 100 വര്‍ഷത്തിലേക്ക് അടുക്കുന്നു.
∙ ലോകത്തിലെ ആകെ ഡാമുകളുടെ 55% (32,716) ഡാമുകള്‍ ചൈന, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലാണ്.
∙ ഡാമുകളുടെ ശരാശരി ആയുസ്സ് 50 വര്‍ഷം.
∙ ഇന്ത്യയില്‍ 1,115 ഡാമുകളുടെ 50 വര്‍ഷ കാലാവധി 2025നകം തീരും. 4,250 ഡാമുകളുടെ കാലാവധി 2050ല്‍ തീരും. 64 ഡാമുകള്‍ 2050ല്‍ 150 വര്‍ഷം പഴക്കമുള്ളതാകും.
∙ കഴിഞ്ഞ 40 വര്‍ഷമായി ഡാമുകളുടെ നിര്‍മാണം കുറഞ്ഞിട്ടുണ്ട്.
വരുമോ പുതിയ അണക്കെട്ട്?
മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ടു നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളുമായി മുന്നോട്ടു പോകുകയാണ് കേരള സര്‍ക്കാര്‍. മുഖ്യമന്ത്രി തലത്തിലും സെക്രട്ടറി തലത്തിലും വൈകാതെ ചര്‍ച്ച നടക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിന്‍ അടുത്തിടെ നിയമസഭയെ അറിയിച്ചിരുന്നു. നേരത്തേ മുഖ്യമന്ത്രിതല ചര്‍ച്ച നടന്നതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി തലത്തിലും സെക്രട്ടറി തലത്തിലും ചര്‍ച്ചകള്‍ നടന്നു. തമിഴ്‌നാട്ടിലെ തേനി, രാമനാഥപുരം ഉള്‍പ്പെടെയുള്ള ജില്ലകള്‍ക്കു കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കും വെള്ളം ഉറപ്പാക്കിയാകും പുതിയ അണക്കെട്ടു നിര്‍മാണം. പരിസ്ഥിതി ആഘാതപഠനം പുരോഗമിക്കുന്നു. വനം- പരിസ്ഥിതി വകുപ്പുകളുടെ അനുമതിയും ആവശ്യമാണ്.
1896ല്‍ നിര്‍മിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അപകടകരമായ വിധത്തില്‍ ചോര്‍ച്ച ദൃശ്യമായത് 1977ലാണ്. സുര്‍ക്കി മിശ്രിതം വലിയ തോതില്‍ ഒലിച്ചിറങ്ങി അണക്കെട്ട് അപകടാവസ്ഥയിലായി. പിന്നീട് തമിഴ്നാടിന്റെ എതിര്‍പ്പ് അവഗണിച്ചു പുതിയ അണക്കെട്ടിന്റെ പദ്ധതിരേഖ തയാറാക്കി. അണക്കെട്ട് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ പാറയുടെ ഉറപ്പു പരിശോധിക്കാന്‍ 30 ബോര്‍ഹോളുകള്‍ നിര്‍മിച്ചു സാംപിളുകള്‍ ശേഖരിച്ചു. വെള്ളത്തിലാകുന്ന 50 ഹെക്ടര്‍ സ്ഥലത്തിന്റെ സര്‍വേയും പൂര്‍ത്തീകരിച്ചു. പരിസ്ഥിതി ആഘാതപഠനം നടത്താനായി ആന്ധ്രപ്രദേശിലെ പ്രഗതി കണ്‍സല്‍റ്റന്‍സിയെ നിയമിച്ചെങ്കിലും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു. നിയമപോരാട്ടത്തിനൊടുവില്‍ പഠനം നടത്താന്‍ അനുമതി ലഭിച്ചതോടെ 2019ല്‍ പത്തംഗ സംഘമെത്തി പ്രാഥമിക സന്ദര്‍ശനം നടത്തി മടങ്ങിയെങ്കിലും ഇക്കാര്യത്തിലും കാര്യമായ തുടര്‍നടപടികളുണ്ടായില്ല.
എതിര്‍പ്പുമായി തമിഴ്നാട്
മുല്ലപ്പെരിയാര്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്നാട് ശക്തമായി രംഗത്തുണ്ട്. ഇപ്പോഴുള്ള അണക്കെട്ട് ബലമുള്ളതാണെന്നും ജലനിരപ്പ് 142ല്‍ നിന്ന് 152 അടിയാക്കി ഉയര്‍ത്തണമെന്നുമാണ് തമിഴ്നാടിന്റെ ആവശ്യം. ജലനിരപ്പ് ഉയര്‍ത്താനായി ബേബി ഡാം ബലപ്പെടുത്താന്‍ തമിഴ്നാട് തുക വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ കേരളം തടസ്സം സൃഷ്ടിക്കുകയാണെന്നാണ് അവരുടെ വാദം. പുതിയ അണക്കെട്ട് വേണമെങ്കില്‍ ഇരു സംസ്ഥാനങ്ങളും യോജിച്ച് മാത്രമേ തീരുമാനമെടുക്കാവൂ എന്നാണ് കോടതി നിര്‍ദേശം. ഇതു കേരളം ലംഘിക്കുന്നതായും തമിഴ്നാട്ടിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. തമിഴ്നാടിന്റെ അനുമതിക്കായി കേരളം പല തവണ കത്തയച്ചെങ്കിലും മറുപടി ലഭിച്ചിട്ടുമില്ല.
ഭൂചലനം ഇടയ്ക്കിടെ
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ഇടയ്ക്കിടെ ഭൂചലനങ്ങളുണ്ടാകുന്നുണ്ട്. കഴിഞ്ഞ ജൂലൈയില്‍ വള്ളക്കടവില്‍ 2.3 തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു. രാത്രി 8.50, 9.02 സമയങ്ങളിലാണ് ഭൂചലനം ഉണ്ടായത്. ഇടിമുഴക്കം പോലെ വലിയ ശബ്ദമുണ്ടായതിനു പിന്നാലെ കെട്ടിടങ്ങളുടെ ജനല്‍പാളികള്‍ വിറച്ചു, കതകുകള്‍ ആടിയുലയുകയും പാത്രങ്ങള്‍ നിലത്തു വീഴുകയും ചെയ്തു. 8.50ന് ഉണ്ടായ ചലനം 5 സെക്കന്‍ഡ് നീണ്ടു. പീരുമേട്, വണ്ടിപ്പെരിയാര്‍, കുമളി, പെരുവന്താനം ഉള്‍പ്പെടെ പ്രദേശങ്ങളിലും ചലനമുണ്ടായി.
കൂടുതല്‍ ഡാമുകള്‍ വേണമെന്ന് പാര്‍ലമെന്ററി സമിതി
കേരളത്തില്‍ കൂടുതല്‍ ഡാമുകള്‍ നിര്‍മിക്കണമെന്ന് പാര്‍ലമെന്ററി സ്ഥിരം സമിതി അടുത്തിടെ നിര്‍ദേശിച്ചിരുന്നു. ഇതിനു വേണ്ട നടപടികള്‍ ജലശക്തി മന്ത്രാലയം വനം, പരിസ്ഥിതി മന്ത്രാലയവുമായി ചേര്‍ന്നു ചെയ്യണമെന്നും കേരളത്തിലെ പരിസ്ഥിതി സംരക്ഷണ ഗ്രൂപ്പുകളുമായി കേരള സര്‍ക്കാര്‍ ചര്‍ച്ച നടത്തി ആശങ്കകള്‍ മനസ്സിലാക്കുകയും പുതിയ ഡാമുകള്‍ നിര്‍മിക്കുന്നതു സംബന്ധിച്ച തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കുകയും വേണമെന്നും സമിതി നിര്‍ദേശിച്ചിരുന്നു. കേരളത്തില്‍ കൂടുതല്‍ ഡാമുകള്‍ നിര്‍മിക്കാന്‍ കഴിയാത്ത വിധം പരിസ്ഥിതി ലോബിയുടെ സമ്മര്‍ദമുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സമിതിയെ അറിയിച്ച പശ്ചാത്തലത്തിലാണ് ഈ ശുപാര്‍ശ.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനും തമിഴ്നാടിനുമിടയില്‍ മധ്യസ്ഥന്റെ പങ്ക് ക്രിയാത്മകമായും സത്യസന്ധമായും വഹിക്കണമെന്നും ജലശക്തി മന്ത്രാലയത്തോട് സമിതി ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കുന്നതിന് സത്യസന്ധമായ ഇടപെടലുകള്‍ നടത്തണം. എടുത്ത നടപടികള്‍ പാര്‍ലമെന്ററി സമിതിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !