ലഖ്നൗ: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ലഖിംപുരിലെത്തി. ബുധനാഴ്ച രാത്രി ഏഴോടെ ലഖിംപുരിലെത്തിയ രാഹുലും പ്രിയങ്കയും ഉൾപ്പെട്ട കോൺഗ്രസിന്റെ ഏഴംഗ സംഘം കൊല്ലപ്പെട്ട കർഷരുടെ വീടുകൾ സന്ദർശിക്കുകയാണ്. കൊല്ലപ്പെട്ട കർഷകൻ ലവ്പ്രീത് സിങ്ങിന്റെ വീട്ടിലാണ് സംഘം ആദ്യമെത്തിയത്. കൊല്ലപ്പെട്ട പ്രാദേശിക മാധ്യമ പ്രവർത്തകന്റെ കുടുംബത്തെയും സംഘം സന്ദർശിച്ചു. നീതി നടപ്പാവുംവരെ കൂടെയുണ്ടാവുമെന്ന് രാഹുലും പ്രിയങ്കയും ഉറപ്പുനൽകി.
ഡൽഹിയിൽനിന്ന് രാഹുൽ ഉച്ചയ്ക്ക് 12.30-ഓടെയാണ് ലഖിംപുരിലേക്ക് പുറപ്പെട്ടത്. രണ്ടുമണിയോടെ ലഖ്നൗ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ യു.പി. പോലീസ് തടഞ്ഞു. പോലീസ് വാഹനത്തിൽ ലഖിംപുരിലെത്തിക്കുമെന്ന അധികൃതരുടെ നിർദേശം തള്ളിയ രാഹുൽ ലഖ്നൗ വിമാനത്താവളത്തിൽ ഒന്നര മണിക്കൂറോളം കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടർന്നാണ് സ്വന്തം വാഹനത്തിൽ പോകാൻ അനുമതി ലഭിച്ചത്.
വൈകീട്ട് അഞ്ചോടെ രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം സീതാപൂരിൽ പ്രിയങ്കയെ കസ്റ്റഡിയിൽ പാർപ്പിച്ച ഗസ്റ്റ് ഹൗസിലെത്തി. 58 മണിക്കൂർ നീണ്ട തടവിനുശേഷം പുറത്തിറങ്ങിയ പ്രിയങ്കയെയും കൂട്ടി രണ്ടു വാഹനങ്ങളിലായി ലഖിംപൂരിലേക്ക് തിരിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ, പ്രിയങ്കയ്ക്കൊപ്പം അറസ്റ്റിലായ രാജ്യസഭാംഗം ദീപേന്ദർ സിങ് ഹൂഢ, എ.ഐ.സി.സി. സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവരും ഒപ്പമുണ്ടായിരുന്നു.
കർഷകരുടെ മരണത്തിൽ ആരോപണവിധേയരായ കേന്ദമന്ത്രിക്കും മകനുമെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ലഖിംപുരിൽനിന്ന് ഡൽഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബി.ജെ.പി. നേതൃത്വവുമായും ചർച്ച നടത്തി. നോർത്ത് ബ്ലോക്കിലെ ഓഫീസിലും അരമണിക്കൂറോളം മന്ത്രി ചെലവഴിച്ചു. മന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, യുപി സന്ദർശനം നടത്താൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം അനുമതി തേടിയിരുന്നെങ്കിലും യുപി സർക്കാർ നിഷേധിച്ചിരുന്നു. ലഖ്നൗവിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ തീരുമാനത്തെ വെല്ലുവിളിച്ചുകൊണ്ട് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും ഉച്ചയോടെ ലഖ്നൗവിലെത്തിയത്. ഇതിനുപിന്നാലെയാണ് യുപി സർക്കാർ സന്ദർശനത്തിന് അനുമതി നൽകിയത്.
Read Also:
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !