കുറ്റിപ്പുറം: കുറ്റിപ്പുറം താലൂക്ക് ആശുപത്രിയുടെ സമഗ്ര നവീകരണ ആവശ്യപ്പെട്ട് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു. ആവശ്യങ്ങൾ ഓരോന്നായി എണ്ണി പറഞ്ഞാണ് എം.എൽ.എ സബ്മിഷൻ അവതരിപ്പിച്ചത്.
തൃശൂർ - കോഴിക്കോട് ദേശീയ പാതയുടെ അരികിലുള്ള കുറ്റിപ്പുറം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ 2011 ൽ താലൂക്ക് ആശുപത്രി ആയി ഉയർത്തിയെങ്കിലും മതിയായ ജീവനക്കാരുടെ അഭാവം കാരണം താലൂക്ക് ആശുപത്രിയുടെ സേവനം പൂർണ്ണമായ രീതിയിൽ ജനങ്ങൾക്ക് ലഭ്യമാകുന്നില്ല. ദിനം പത്രി ആയിരത്തിലേറെ രോഗികൾ എത്തുന്ന ആശുപത്രിയിൽ 24 മണിക്കൂർ സേവനം ലഭ്യമാക്കുവാൻ വിവിധ വിഭാഗങ്ങളിൽ ആയി 38 അധിക തസ്തികകൾ കൂടി അനുവദിക്കേണ്ടതുണ്ട്.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും ബഡ്ജറ്റിൽ വകയിരുത്തിയ രണ്ട് കോടി രൂപയുടെ 20% ആയ 40 ലക്ഷം രൂപയും ലഭിച്ചതിന്റെ പ്രവൃത്തികൾ മാത്രമേ ആശുപത്രിയിൽ നടന്നിട്ടുള്ളൂ. ബാക്കിയുള്ള ഒരു കോടി അറുപത് ലക്ഷം രൂപയുടെ എസ്റ്റിമേറ്റും പ്രൊപ്പോസലും സെക്രട്ടേറിയറ്റിലെ ആരോഗ്യ വകുപ്പിൽ ഉണ്ട് . എന്നാൽ ആയതിന് നാളിത് വരെ ഭരണാനുമതി ലഭ്യമായിട്ടില്ല. ആശുപത്രിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ 12 കോടിയുടെ മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പ്രവൃത്തികൾ നടത്തണമെങ്കിൽ ഇപ്പോൾ 15 കോടി രൂപയെങ്കിലും ആവശ്യമായി വരും. ആയതിനാൽ നിലവിലുള്ള മാസ്റ്റർ പ്ലാൻ അനുസരിച്ച് ഉള്ള പ്രവൃത്തികൾ ആരംഭിക്കുന്നതിന് വേണ്ട നടപടിയും ഭരണാനുമതിയും ലഭ്യമാക്കണം. താലൂക്ക് ആശുപത്രിയുടെ കണ്ട്രോളിംഗ് ഓഫീസർ ആയി സൂപ്രണ്ട് ആണ് വേണ്ടത്. എന്നാൽ നിലവിൽ ഇവിടെ ഒരു മെഡിക്കൽ ഓഫീസർ തസ്തിക ആണ് ഉള്ളത്. ആയതിനാൽ ഒരു സൂപ്രണ്ട് തസ്തിക അനിവാര്യമാണ്.
ആശുപത്രിയിൽ ഒരു ജൂനിയർ കൺസൾട്ടന്റ് (മെഡിസിൻ ) തസ്തിക മാത്രമാണുള്ളത്. ഒരു ദിവസം ആയിരത്തിലേറെ പേർ ഒ.പി.യിൽ എത്തുന്നതിനാൽ ഒരു ജൂനിയർ കൺസൽട്ടന്റ് (മെഡിസിൻ ) തസ്തികയും ഒരു ജൂനിയർ കൺസൽട്ടന്റ് ( പീഡിയാട്രിക് ) തസ്തികയും അനിവാര്യമാണ്. ആശുപത്രിയിൽ നിലവിൽ സർജറി നടത്താൻ പരിമിതമായ സൗകര്യങ്ങൾ ഉള്ള ഒരു ഓപ്പറേഷൻ തീയറ്റർ ഉണ്ടെങ്കിലും സർജൻ ഇല്ലാത്ത അവസ്ഥയാണ്. നാല് നിലകളുള്ള മാസ്റ്റർ പ്ലാൻ കെട്ടിടത്തിൽ അത്യാധുനിക സൗകര്യങ്ങളുള്ള ഓപ്പറേഷൻ തീയേറ്റർ ഉള്ളതിനാലും ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനമായതിനാലും ഒരു സർജന്റെ തസ്തിക അത്യാവശ്യമാണ്. അതോടൊപ്പം ജൂനിയർ കണസൾട്ടന്റ (ഇ.എൻ.ടി) ജൂനിയർ കൺസൾട്ടന്റ് (സ്കിൻ ) എന്നീ തസ്തികകളും ആശുപത്രിയിൽ അനിവാര്യമാണ്. ആയതിനാൽ ബഡ്ജറ്റിൽ വകയിരുത്തിയ 2 കോടി രൂപയുടെ 20% ത്തിന്റെ ബാക്കിയുള്ള 1.60 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കുകയും ആയതിനോടൊപ്പം അനിവാര്യമായ 38 തസ്തികകൾ കൂടി അനുവദിക്കേണ്ടതാണ് തുടങ്ങിയ കാര്യങ്ങളാണ് എം.എൽ.എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടത്.
ആശുപത്രിയുടെ സമഗ്ര വികസനത്തിന് വേണ്ടി മാസ്റ്റർ പ്ലാൻ പ്രകാരം പൊതുമരാമത്ത് രണ്ട് കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. അതിൽ 20 % ആയ 40 ലക്ഷം രൂപക്കുള്ള ഭരണാനുമതി 2020 മാർച്ചിൽ സ.ഉ. (സാധാ ) 493/2020 ഉത്തരവ് പ്രകാരം നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ബാക്കി തുകയായ 1.60 കോടി രൂപക്ക് പ്ലാനും എസ്റ്റിമേറ്റും പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയത് പരിശോധിച്ച് ഭരണാനുമതി നൽകുന്നതിലേക്ക് ആരോഗ്യ വകുപ്പ് ഡയറക്ടർ ശുപാർശ സഹിതം സർക്കാരിൽ സമർപ്പിച്ചിട്ടുണ്ടെന്നും ഈ സാമ്പത്തിക വർഷത്തെ ഫണ്ടിന്റെ ലഭ്യതയ്ക്കു വിധേയമായി ഇത് അനുവദിക്കുന്ന കാര്യം സർക്കാർ പരിശോധിച്ച് വരുന്നതായും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് സബ്മിഷനുള്ള മറുപടിയിൽ പറഞ്ഞു.
എം.പി. ഫണ്ടിൽ നിന്നും എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും വിവിധ ഘട്ടങ്ങളിലായി അനുവദിച്ച തുക ചെലവഴിച്ച് കൊണ്ടുള്ള പുതുക്കിയ ഒ.പി കെട്ടിടത്തിന്റേയും സ്ത്രീകൾക്കും , അമ്മമാർക്കുമുള്ള വിശ്രമമുറി, ഫീഡിംഗ് റൂം എന്നിവയുടേയും ഇ.സി.ജി റൂം, ട്രീറ്റ്മെന്റ് റൂം, മെഡിസിൻ സ്റ്റോർ , ഫാർമസി എന്നിവയുടേയും നിർമ്മാണ പ്രവൃത്തികൾ ഇവിടെ നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !