കൊല്ലം: ഉത്രവധക്കേസിലെ കോടതി വിധി അപര്യാപ്തമാണെന്നും തൃപ്തയല്ലെന്നും ഉത്രയുടെ അമ്മ മണിമേഖല. പ്രതിക്ക് വധശിക്ഷ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ അതുണ്ടായില്ല. ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് സമൂഹത്തില്‍ ഇതുപോലുള്ള കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും അമ്മ മണിമേഖല പറഞ്ഞു. കോടതി വിധി വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
മകളെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയുടെ ശിക്ഷാവിധി കേള്‍ക്കാനായി രാവിലെ 11 മണി മുതല്‍ ഉത്രയുടെ മാതാവ് വീട്ടിൽ ടെലിവിഷന് മുന്നിലായിരുന്നു. പന്ത്രണ്ട് മണിയോടെ പ്രതിക്ക് ഇരട്ട ജീവപരന്ത്യമെന്ന വിധി വന്നതോടെ മുഖത്ത് നേരിയ ആശ്വാസം. കണ്ണുകള്‍ നിറഞ്ഞു. എന്നാല്‍ പ്രതിക്ക് വധശിക്ഷ നല്‍കാത്തതിലുള്ള ദുഃഖവും നിരാശയും മുഖത്തും വാക്കുകളിലും പ്രതിഫലിച്ചു.
ഇത്രയും കുറ്റകൃത്യം ചെയ്ത പ്രതിക്ക് വധശിക്ഷ ഇല്ലെങ്കില്‍ സമൂഹം എവിടേക്കു പോകുമെന്നും നിറകണ്ണുകളോടെ മണിമേഖല ചോദിച്ചു. പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ കിട്ടാന്‍ അപ്പീല്‍ പോകാനുള്ള നടപടികളിലേക്ക് നീങ്ങുമെന്നും മണിമേഖല പറഞ്ഞു.
സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. ആദ്യം പത്ത് വര്‍ഷവും പിന്നീട് ഏഴ് വര്‍ഷവും തടവിന് ശേഷമാണ് പ്രതി ഇരട്ടജീപര്യന്തം തടവ് അനുഭവിക്കേണ്ടത്. അഞ്ചു ലക്ഷം രൂപ പിഴയും നല്‍കണം. ആസൂത്രിത കൊല (ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷംനല്‍കി പരിക്കേല്‍പ്പിക്കല്‍ (328ാം വകുപ്പ്), തെളിവുനശിപ്പിക്കല്‍ (201 -ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.
2020 മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍വീട്ടില്‍ ഉത്രയെ (25) സ്വന്തംവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് (27) ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !