ട്വന്റി20 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ കണ്ടെത്തി വെല്ലുവിളിച്ചിട്ടും ഓസീസിനു മുന്നിൽ ന്യൂസീലൻഡ് രക്ഷപ്പെട്ടില്ല. ഈ ലോകകപ്പിൽ ഏറ്റവും നിർണായകമായി മാറിയ ടോസ് മുതൽ ഭാഗ്യം കൂടി കൂട്ടിനെത്തിയതോടെ ഓസ്ട്രേലിയയ്ക്ക് കന്നി ട്വന്റി20 ലോകകപ്പ് കിരീടം. ആവേശകരമായ ഫൈനലിൽ ന്യൂസീലൻഡിനെ എട്ടു വിക്കറ്റിനാണ് ഓസീസ് വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 172 റൺസ്. മറുപടി ബാറ്റിങ്ങിൽ ഓസീസ് ഏഴു പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി വിജയം പിടിച്ചെടുത്തു. കന്നി ട്വന്റി20 ലോകകപ്പ് കിരീടം ലക്ഷ്യമിട്ടെത്തിയ ന്യൂസീലൻഡിനെ വീഴ്ത്തി ഓസീസിന് കന്നിക്കിരീടം.
തകർപ്പൻ അർധസെഞ്ചുറികളുമായി ഓസീസിന്റെ ചെയ്സിങ് അനായാസമാക്കിയ മിച്ചൽ മാർഷ്, ഓപ്പണർ ഡേവിഡ് വാർണർ എന്നിവരാണ് കിരീടവിജയത്തിന്റെ നട്ടെല്ലായത്. ഓസീസിന്റെ ടോപ് സ്കോറർ കൂടിയായ മാർഷ് 50 പന്തിൽ 77 റൺസുമായി പുറത്താകാതെ നിന്നു. നാലു സിക്സും ആറു ഫോറും ഉൾപ്പെടുന്നതാണ് മാർഷിന്റെ ഇന്നിങ്സ്. വാർണർ 38 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 53 റണ്‍സെടുത്തു.
സ്കോർ ബോർഡിൽ വെറും 15 റൺസ് മാത്രമുള്ളപ്പോൾ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ നഷ്ടമായ ഓസീസിന് രണ്ടാം വിക്കറ്റിൽ വാർണർ – മാർഷ് സഖ്യം പടുത്തുയർത്തിയ സെഞ്ചുറിയുടെ വക്കോളമെത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് ബലമായത്. വെറും 59 പന്തിൽനിന്ന് ഇരുവരും അടിച്ചുകൂട്ടിയത് 92 റൺസ്! വെറും 31 പന്തിൽനിന്ന് 50 കടന്ന മിച്ചൽ മാർഷ്, ട്വന്റി20 ലോകകപ്പ് ഫൈനലുകളിലെ വേഗമേറിയ അർധസെഞ്ചുറിയെന്ന നേട്ടവും സ്വന്തമാക്കി. ഇതേ മത്സരത്തിൽ 32 പന്തിൽ അർധസെഞ്ചുറി പിന്നിട്ട കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ റെക്കോർഡാണ് മാർഷ് ‘അടിച്ചെടുത്തത്’. ഈ മത്സരത്തിൽ 34 പന്തിൽ 50 കടന്ന വാർണർ പട്ടികയിൽ അഞ്ചാമതുണ്ട്.
ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഏഴു പന്തിൽ അഞ്ച് റൺസെടുത്ത് പുറത്തായി. ഗ്ലെൻ മാക്സ്‌വെൽ 18 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 28 റൺസുമായി പുറത്താകാതെ നിന്നു. പിരിയാത്ത മൂന്നാം വിക്കറ്റിൽ മാർഷ് – മാക്സ്‌വെൽ സഖ്യം വെറും 39 പന്തിൽനിന്ന് അടിച്ചുകൂട്ടിയത് 66 റൺസ്.
ടൂർണമെന്റിലുടനീളം കിവീസിന്റെ കുതിപ്പിന് ഇന്ധനമായ സ്പിന്നർ ഇഷ് സോധി, പേസ് ബോളർ ടിം സൗത്തി തുടങ്ങിയവർ കൂട്ടത്തോടെ നിരാശപ്പെടുത്തിയതാണ് അവർക്ക് വിനയായത്. സോധി മൂന്ന് ഓവറിൽ വഴങ്ങിയത് 40 റൺസ്. ടിം സൗത്തി 3.5 ഓവറിൽ 43 റൺസും വഴങ്ങി. രണ്ടു പേർക്കും വിക്കറ്റൊന്നും ലഭിച്ചില്ല. അതേസമയം, നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ടിന്റെ പ്രകടനം ശ്രദ്ധേയമായി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !