‘കുറുപ്പ്’ 50 കോടി ക്ലബ്ബിൽ, നന്ദി പറഞ്ഞ് ദുൽഖർ

0
‘കുറുപ്പ്’ 50 കോടി ക്ലബ്ബിൽ, നന്ദി പറഞ്ഞ് ദുൽഖർ | Dulquer thanks Kurup at Rs 50 crore club

കേരളത്തിന്റെ കുറ്റാന്വേഷണചരിത്രത്തിൽ ഇന്നും പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിന്റെ (Sukumara Kurup) ജീവിതം അടിസ്ഥാനമാക്കി ദുല്‍ഖര്‍ സല്‍മാനെ (Dulquer Salman)നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ (Srinath Rajendarn)സംവിധാനം ചെയ്ത ‘കുറുപ്പ്’(Kurup) അന്‍പത് കോടി ക്ലബ്ബിൽ. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങൾ കൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. ‘കുറുപ്പി’നെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദിയുണ്ടെന്നും ഇത് കൂട്ടായ്മയുടെ വിജയമാണെന്നും ദുൽഖർ സൽമാൻ പറഞ്ഞു.

കേരളത്തിൽ 505 സ്ക്രീനുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം ആദ്യ ദിവസം തന്നെ നേടിയത് ആറരക്കോടി രൂപയാണെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 50 ശതമാനം സീറ്റുകളിൽ മാത്രമാണ് കാണികളെ അനുവദിച്ചിട്ടുള്ളതെങ്കിലും ‘കുറുപ്പി’ന്റെ പ്രദർശനങ്ങളെല്ലാം ഹൗസ്ഫുൾ ആയിരുന്നു.

കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകൾ വീണ്ടും സജീവമാകുകയാണ്. കേരളത്തിലെ 505 തിയേറ്ററുകളിൽ പ്രദർശനം നടത്തികൊണ്ട് ദുൽഖർ സൽമാന്റെ കുറുപ്പ് മാസ് എൻട്രിയാണ് നടത്തിയിരിക്കുന്നത്. ലോകമാകെ 1500 സ്ക്രീനുകളിലായിരുന്നു റിലീസ്. കേരളത്തിൽ മാത്രം ആദ്യദിനം രണ്ടായിരത്തി അറുനൂറിലധികം ഷോ നടന്നു. ചെന്നൈ സിറ്റിയിൽ നിന്നും മാത്രം ആദ്യദിനം പത്ത് ലക്ഷം രൂപയാണ് ചിത്രം കളക്ട് ചെയ്തത്. 35 കോടിയാണ് കുറുപ്പിന്റെ ബജറ്റ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെൻറ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രിയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്‌ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിക്കുന്നത്.

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോയെ കൊന്നതിന് ശേഷം കാണാമറയത്ത് ഒളിക്കുന്ന കുറുപ്പും കുറുപ്പിനെ തേടിയുള്ള ഡി വൈ എസ് പി കൃഷ്ണദാസിന്റെ അന്വേഷണവുമാണ് കഥയെ മുന്നോട്ടുനയിക്കുന്നത്. സുകുമാര കുറുപ്പ് ആയി ദുൽഖർ സൽമാൻ എത്തുമ്പോൾ ഡി വൈ എസ് പി കൃഷ്ണദാസ് ആയി ഇന്ദ്രജിത് സുകുമാരനും ഒപ്പത്തിനൊപ്പം നിൽക്കുന്നു. പണത്തിനു വേണ്ടിയുള്ള കൊലപാതകവും ഒളിവു ജീവിതവും അന്വേഷണവും ഒപ്പം കുറുപ്പിന്റെ വ്യക്തിജീവിതവുമെല്ലാം ചിത്രം ചര്‍ച്ച ചെയ്യുന്നു. കേരളം ഒന്നടങ്കം അറിയുന്ന കുറുപ്പിന്റെ കഥ വിരസതയില്ലാതെ പ്രേക്ഷകരുടെ മുന്നിൽ അടിമുടി ദുരൂഹതയോടുകൂടി എത്തിക്കാൻ സംവിധായകനും തിരക്കഥാകൃത്തിനും കഴിഞ്ഞിട്ടുണ്ട്. കേരളം ഇന്നും ചര്‍ച്ച ചെയ്യുന്ന സുകുമാരക്കുറുപ്പായി ചിത്രത്തിൽ ദുല്‍ഖര്‍ നിറഞ്ഞാടുകയാണ്. മലയാള സിനിമയില്‍ അടുത്തകാലത്തൊന്നും ഇത്രയും വ്യത്യസ്തത നിറഞ്ഞ ഒന്നിലേറെ ഗെറ്റപ്പുകളില്‍ ഒരു താരം എത്തിയിട്ടുണ്ടാകില്ല. കുറുപ്പായി അതി ഗംഭീര വേഷപ്പകർച്ചയിലാണ് ദുൽഖർ എത്തിയിരിക്കുന്നത്.

കുറുപ്പ് എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് ദുൽഖർ സൽമാൻ നൽകിയത്. ശരീര ഭാഷ കൊണ്ടും സംഭാഷണ ശൈലി കൊണ്ടും ഇങ്ങനെ തന്നെയായിരുന്നിരിക്കണം കുറുപ്പ് എന്നൊരു ഫീൽ പ്രേക്ഷകർക്ക് നല്കാൻ ദുൽഖറിന് സാധിച്ചു ഇന്ദ്രജിത്തും ഷൈൻ ടോം ചാക്കോയും ശോഭിത എന്നിവരും ഏറ്റവും മികച്ച രീതിയിൽ തന്നെ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. സുരഭി ലക്ഷ്മി, വിജയ രാഘവൻ, ഭരത്, ശിവജിത് പദ്മനാഭൻ, മായാ മേനോൻ, വിജയകുമാർ, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, ആനന്ദ് ബാൽ, ഹാരിഷ് കണാരൻ, എം ആർ ഗോപകുമാർ, പി ബാലചന്ദ്രൻ, ബിബിൻ പെരുമ്പിള്ളിക്കുന്നേൽ, കൃഷ് എസ് കുമാർ, സാദിഖ് മുഹമ്മദ്, സുധീഷ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ കൈകാര്യം ചെയ്‌തു. എല്ലാവർക്കുമറിയാവുന്ന കഥയ്ക്ക് പുറമെ ഇതുവരെ അധികം പേരിലേക്ക് എത്താത്ത ചില കാര്യങ്ങൾ കൂടി ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ കൊണ്ട് വരാൻ സിനിമ ശ്രമിച്ചിട്ടുണ്ട്. 1980 കാലഘട്ടത്തെ അതിമനോഹരമായി പുനർസൃഷ്ടിച്ച കലാ സംവിധായകൻ വിനീഷ് ബംഗ്ലാനും ആ ദൃശ്യങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഒപ്പിയെടുത്ത നിമിഷ് രവിയും പ്രേക്ഷകരുടെ മനസ്സിലേക്ക് കുറുപ്പിലെ ഓരോ ഫ്രയിമും എത്തിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. മികച്ചൊരു തിയേറ്ററിക്കൽ അനുഭവമാണ് കുറുപ്പ് സമ്മാനിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ നിന്നു മലയാള സിനിമയെ മടക്കികൊണ്ടുവരാൻ കുറുപ്പിന് കഴിയും എന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.



ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !